കൂടത്തില്‍ കേസ്; 'പണവും സ്വത്തും തന്നയാളെ ഞാനെന്തിന് കൊല്ലണം?', കൃത്യം ചെയ്തത് പരാതിക്കാരനെന്ന് രവീന്ദ്രൻ

ഇതുവരെ കരമന കാലടിയിലുള്ള കൂടത്തില്‍ തറവാട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താന്‍ കഴിഞ്ഞിട്ടില്ല

കൂടത്തില്‍ കേസ്; 'പണവും സ്വത്തും തന്നയാളെ ഞാനെന്തിന് കൊല്ലണം?', കൃത്യം ചെയ്തത് പരാതിക്കാരനെന്ന് രവീന്ദ്രൻ
dot image

തിരുവനന്തപുരം: കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍നായരെ കൊന്നത് താന്‍ അല്ലെന്ന് പ്രതി രവീന്ദ്രന്‍ നായര്‍. പണവും സ്വത്തും തന്നിട്ടുള്ള ജയമാധവനെ താന്‍ എന്തിന് കൊല്ലണം എന്ന് രവീന്ദ്രന്‍ നായർ ചോദിച്ചതായാണ് വിവരം. പരാതി നല്‍കിയ അനിലാകാം ജയമാധവന്‍ നായരെ കൊന്നതെന്ന് രവീന്ദ്രന്‍ ചോദ്യം ചെയ്യലിനിടെ ആരോപിച്ചതായും പൊലീസ് അറിയിച്ചു. പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് രവീന്ദ്രന്‍ കൃത്യമായ മറുപടി നല്‍കാന്‍ തയ്യാറായില്ല. രവീന്ദ്രനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തറവാട് ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയില്‍ ആയതിനാല്‍ തെളിവെടുപ്പ് അസാധ്യമാണെന്നാണ് നിഗമനം.

ഇന്ന് വൈകീട്ട് നാല് മണിവരെയാണ് ക്രൈംബ്രാഞ്ചിന് കോടതി നല്‍കിയിരിക്കുന്ന കസ്റ്റഡി കാലാവധി. ഇതുവരെ കരമന കാലടിയിലുള്ള കൂടത്തില്‍ തറവാട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താന്‍ കഴിഞ്ഞിട്ടില്ല. തറവാട്ടില്‍ വെച്ച് അവസാന കണ്ണിയായ ജയമാധവന്‍ നായരെ കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍ കൊലപ്പെടുത്തി എന്നതാണ് കേസിലെ പ്രധാന കണ്ടെത്തല്‍. അവിടെ തെളിവെടുക്കാന്‍ എത്തുമ്പോഴാണ് തറവാട്ടില്‍ ഒന്നും അവശേഷിക്കാത്ത സാഹചര്യം ഉള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമായതിനാല്‍ അവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിട്ട് കാര്യമായി പ്രയോജനം ഒന്നും ഇല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.

കൂടത്തില്‍ തറവാട്ടിലെ സ്വത്തുക്കള്‍ രവീന്ദ്രന്‍ നായരുടേയും മറ്റ് കുറച്ച് പേരുടേയും പേരില്‍ എഴുതിവെച്ച ആളാണ് ജയമാധവന്‍ നായര്‍ എന്നാണ് രവീന്ദ്രന്‍ ആവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ അദ്ദേഹത്തെ തനിക്ക് കൊല്ലേണ്ട ആവശ്യമില്ലെന്ന മൊഴിയില്‍ രവീന്ദ്രന്‍ ഉറച്ച് നില്‍ക്കുന്നു എന്നാണ് വിവരം. അതേസമയം ജയമാധവന്‍ നായരെ കൊലപ്പെടുത്തിയ ശേഷം കൃത്രിമ രേഖകള്‍ ഉണ്ടാക്കി സ്വത്തുക്കള്‍ കൈക്കലാക്കി എന്നാണ് രവീന്ദ്രനെതിരെയുള്ള കേസ്. ഇതിനെ ഖണ്ഡിക്കാനുള്ള ശ്രമമാണ് ജയമാധവന്‍ നായര്‍ ഇഷ്ടദാനമായാണ് സ്വത്തുക്കള്‍ നല്‍കിയതെന്ന മൊഴിയിലൂടെ ശ്രമിക്കുന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. എന്നാല്‍ പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും.

Content Highlights: Ravindran Nair, the accused in the Koodathil tharavadu case, has denied responsibility for Jayamadhavan Nair’s death, reportedly telling police that he had no reason to harm someone who had given him money and property. During questioning, he suggested that complainant Anil could be responsible, according to reports. Police sources indicate that Ravindran did not provide clear answers to their questions. He is scheduled to be produced before a court today, while the severely damaged condition of the ancestral house is likely to make evidence collection difficult.

dot image
To advertise here,contact us
dot image