SMA മരുന്ന് വിവാദം; സര്‍ക്കാരിനോട് ചോദ്യങ്ങളുമായി വീണാ ജോര്‍ജ്

ഉന്നയിക്കപ്പെട്ട ചോദ്യങ്ങളില്‍ വ്യക്തത വരുത്തേണ്ടത് അനിവാര്യമാണെന്നും മുൻ മന്ത്രി പറഞ്ഞു

SMA മരുന്ന് വിവാദം; സര്‍ക്കാരിനോട് ചോദ്യങ്ങളുമായി വീണാ ജോര്‍ജ്
dot image

തിരുവനന്തപുരം: എസ്എംഎ മരുന്ന് വിവാദത്തില്‍ സര്‍ക്കാരിനോട് ചോദ്യങ്ങളുമായി മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ക്ലിനിക്കല്‍ ട്രയലിനുള്ള മരുന്ന് എങ്ങനെയാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കിയതെന്ന് വീണാ ജോര്‍ജ് ചോദിച്ചു. ജനറിക് മെഡിസിന് ക്ലിനിക്കല്‍ ട്രയല്‍ വേണ്ട എന്നാണെങ്കില്‍ കമ്പനി എന്തിനാണ് ക്ലിനിക്കല്‍ ട്രയല്‍ ലേബലോട് കൂടിയ മരുന്ന് കെഎംസിഎല്ലിന് നല്‍കിയെന്നും മുന്‍ മന്ത്രി ചോദിക്കുന്നു. അക്കാര്യത്തില്‍ ദുരൂഹതയുണ്ട്. മുപ്പത്തിലധികം രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്യുന്ന കമ്പനി കയറ്റുമതിക്കുള്ള മരുന്ന് പരീക്ഷണമാണോ കേരളത്തിലെ കുഞ്ഞുങ്ങളില്‍ നടത്തിയതെന്നും വീണാ ജോര്‍ജ് ഉന്നയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമര്‍ശനം.

കെഎംസിഎല്‍ വഴിയുള്ള മരുന്ന് വിതരണത്തില്‍ എങ്ങനെ ക്ലിനിക്കല്‍ ട്രയലിനുള്ള മരുന്ന് ഉള്‍പ്പെട്ടു? ഓരോ മരുന്നിനും ക്വാളിറ്റി സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം എന്നിരിക്കെ എന്തുകൊണ്ട് ഈ മരുന്നിന് ഉണ്ടായില്ല. എയിംസ് ഉള്‍പ്പെടെ രാജ്യത്തെ 15 സെന്റര്‍ ഓഫ് എക്‌സലന്‍സുകളില്‍ എവിടെയെങ്കിലും ടെന്‍ഡര്‍ പ്രോസസ്സ് വഴി ഈ മരുന്ന് വാങ്ങുന്നുണ്ടോയെന്നും വീണാ ജോര്‍ജ് ചോദിച്ചു. ഉന്നയിക്കപ്പെട്ട ചോദ്യങ്ങളില്‍ വ്യക്തത വരുത്തേണ്ടത് അനിവാര്യമാണ്. ഒപ്പം മരുന്ന് പരീക്ഷണത്തില്‍ കൃത്യമായ മറുപടി സര്‍ക്കാര്‍ പറയേണ്ടതായിട്ടുണ്ടെന്നും വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.

കുഞ്ഞുങ്ങളിലെ മരുന്ന് പരീക്ഷണം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലൂടെ നടത്തി എന്ന അതീവ ഗുരുതരമായ വിഷയത്തെ മറച്ചുപിടിക്കാന്‍ ഇത് ജനറിക് മെഡിസിനും ബ്രാന്‍ഡഡ് മെഡിസിനും തമ്മിലുള്ള താരതമ്യ പ്രശ്‌നമാണ് എന്ന പുകമറ സൃഷ്ടിക്കാനാണ് ഉത്തരവാദികളായവര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവിധ രോഗങ്ങള്‍ക്കുള്ള 1037 ജനറിക് മരുന്നുകളാണ് വാങ്ങിയിരുന്നത്. അവ ഓരോന്നും ലക്ഷക്കണക്കിന് എണ്ണം വീതമാണ് ഓരോ വര്‍ഷവും സര്‍ക്കാര്‍ കെഎംഎസ്‌സി എല്ലിലൂടെ വാങ്ങിയത്. essential ഡ്രഗ് ലിസ്റ്റിലുള്ള 865 മരുന്നുകളും ജനറിക് ആയിരുന്നു. ക്യാന്‍സറിനുള്ള 172 ജനറിക് മരുന്നുകള്‍ സര്‍ക്കാര്‍ അന്ന് കാരുണ്യ സ്പര്‍ശം പദ്ധതിയിലൂടെ വാങ്ങി രോഗികള്‍ക്ക് നല്‍കി. കോടതി വിധി ഉണ്ടായപ്പോള്‍ തന്നെ എസ്എംഎക്ക് Natcoയുടെ മരുന്ന് നല്‍കുന്നത് പരിശോധിക്കാന്‍ ടെക്‌നിക്കല്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടത് മുന്‍ സര്‍ക്കാരാണ്. പക്ഷെ ഫെബ്രുവരി 2026-ല്‍ ചേര്‍ന്ന കമ്മിറ്റി ഇത് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയില്ലെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Content Highlights:Veena George raises questions over the SMA medicine controversy

dot image
To advertise here,contact us
dot image