

ക്വിറ്റോ: കുര്ബാനയ്ക്കിടെ ഭാരമേറിയ കുരിശ് ശരീരത്തിലേക്ക് വീണ് കത്തോലിക്ക പുരോഹിതന് ദാരുണാന്ത്യം. ഇക്വഡോറിലെ ഗ്വായാക്വിലില് ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. അവര് ലേഡി ഒഫ് പെര്പ്പെച്വല് ഹെല്പ്പ് ചര്ച്ചിലെ വികാരിയായ ഫാദര് പാട്രിക്കോ അല്ഫ്രഡോ സാഞ്ചസ് മോളിനറിയാണ് മരിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ തത്സമയം വിശുദ്ധ കുര്ബാന സംരക്ഷണം ചെയ്ത് കൊണ്ടിരിക്കേയാണ് ദാരുണമായ സംഭവമുണ്ടായത്. അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള് പുറത്ത് വന്നിട്ടുണ്ട്.
കുര്ബാനയ്ക്ക് എത്തിയ വിശ്വാസികളെ അള്ത്താരയില് നിന്ന് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പുരോഹിതന്. ഇതിനിടെ പിന്നിലെ ചുവരിലുണ്ടായിരുന്ന കുരിശുരൂപം പെട്ടെന്ന് ഇളക്കി അദ്ദേഹത്തിന്റെ തലയിലേക്ക് പതിക്കുകയാണ് ഉണ്ടായത്. ഉടന് തന്നെ പള്ളിയിലുണ്ടായിരുന്ന വിശ്വാസികള് അദ്ദേഹത്തെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന് കഴിഞ്ഞില്ല. കുര്ബാന ആരംഭിച്ച് 27ാം മിനിറ്റിലായിരുന്നു സംഭവം.
അപകടമുണ്ടാകാനുള്ള കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ശനിയാഴ്ച അര്ധരാത്രിയോടെ റോമന് കാത്തലിക്ക് അതിരൂപത പുരോഹിതന്റെ മരണം സ്ഥിരീകരിച്ചു. കുരിശുരൂപത്തിന്റെ ഘടനയിലുള്ള വ്യത്യാസമാണോ, അത് ചുവരില് ഘടിപ്പിച്ചതിലുണ്ടായ പിഴവാണോ അപകടത്തിന് കാരണമെന്ന് പരിശോധിക്കുന്നുണ്ട്. അപകടം ഉണ്ടായ ഉടന് തന്നെ പുരോഹിതന്റെ മരണം സംഭവിച്ചോ അതോ ചികിത്സയിലിക്കേയാണോ അദ്ദേഹം മരിച്ചതെന്ന കാര്യവും അതിരൂപത വ്യക്തമാക്കിയിട്ടില്ല. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: A priest in Ecuador deceased after a wooden cross fell on him during a Mass. The incident occurred during a religious service at a church, resulting in the priest’s fatal injury.