

ദുബായിൽ വാടകയ്ക്കായി ലഭ്യമായ വീടുകളുടെ എണ്ണം കുത്തനെ ഉയർന്നതോടെ കെട്ടിട വാടക നിരക്കുകൾ താഴേക്ക്. 2025-ലെ മൂന്നാം പാദത്തെ അപേക്ഷിച്ച് 2026-ന്റെ മൂന്നാം പാദത്തിൽ ദുബായിലെ ഭൂരിഭാഗം റെസിഡൻഷ്യൽ മേഖലകളിലും താമസസ്ഥലങ്ങളുടെ ലഭ്യത വർദ്ധിച്ചതാണ് വാടകയിൽ ഗണ്യമായ കുറവുണ്ടാകാൻ കാരണമെന്ന് പ്രമുഖ റിയൽ എസ്റ്റേറ്റ് പ്ലാറ്റ്ഫോമായ പ്രോപ്പർട്ടി ഫൈൻഡർ വ്യക്തമാക്കുന്നു. പ്രധാനപ്പെട്ട പത്ത് അപാർട്മെന്റ് മേഖലകളിൽ ഒമ്പതിടത്തും വീടുകൾ ധാരാളമായി വിപണിയിലെത്തിയതോടെ വാടക നിരക്കുകൾ ഇടിയുകയായിരുന്നു. ജുമൈറ വില്ലേജ് സർക്കിൾ, ബിസിനസ് ബേ, ഡൗൺടൗൺ ദുബായ്, ദുബായ് മരീന, അർജാൻ, ദുബായ് ക്രീക്ക് ഹാർബർ, എംബിആർ സിറ്റി, മേദാൻ, പാം ജുമൈറ എന്നീ മുൻനിര കേന്ദ്രങ്ങളിലെല്ലാം താമസക്കാർക്ക് കൂടുതൽ ഓപ്ഷനുകൾ ലഭ്യമാണ്. അതേസമയം ദുബായ് ഹിൽസ് എസ്റ്റേറ്റിൽ മാത്രമാണ് നിരക്കുകൾ മാറ്റമില്ലാതെ തുടർന്നത്.
വാടകക്കാരുടെ ആവശ്യത്തേക്കാൾ കൂടുതൽ വീടുകൾ ലിസ്റ്റ് ചെയ്യപ്പെടുന്നതാണ് വിപണിയിലെ ഈ മാറ്റത്തിന് പ്രധാന കാരണം. 2025 സെപ്റ്റംബറിനെ അപേക്ഷിച്ച് 2026 സെപ്റ്റംബറിൽ പ്രതിദിനം വാടകയ്ക്കായി വിപണിയിലെത്തുന്ന അപാർട്മെന്റുകളുടെ എണ്ണത്തിൽ 55.1 ശതമാനത്തിന്റെ വൻ വർദ്ധനവാണുണ്ടായത്. എന്നാൽ ഇതിനനുസരിച്ച് വാടകക്കാരുടെ അന്വേഷണങ്ങളിൽ 15.4 ശതമാനത്തിന്റെ വളർച്ച മാത്രമാണ് രേഖപ്പെടുത്തിയത്. വിപണിയിൽ ആവശ്യത്തിന് വീടുകൾ ലഭ്യമായതോടെ മുൻവർഷത്തെ അപേക്ഷിച്ച് ഓരോ കെട്ടിടത്തിനും ലഭിക്കുന്ന അന്വേഷണങ്ങളുടെ എണ്ണത്തിൽ ശരാശരി 23 ശതമാനത്തിന്റെ കുറവുണ്ടായതായി പ്രോപ്പർട്ടി ഫൈൻഡർ ചീഫ് റെവന്യൂ ഓഫീസർ ഷെരീഫ് സ്ലീമാൻ ചൂണ്ടിക്കാട്ടി.
ചെറിയ വീടുകൾക്കാണ് വിപണിയിൽ നിലവിൽ ലഭ്യതയ്ക്കൊപ്പം ആവശ്യക്കാരും കൂടുതലുള്ളത്. പരിശോധിച്ച 10 മേഖലകളിൽ ഏഴിടത്തും സ്റ്റുഡിയോ, വൺ ബിഎച്ച്കെ വീടുകളാണ് കൂടുതൽ ലിസ്റ്റ് ചെയ്യപ്പെട്ടതും അന്വേഷണം നേടിയതും. വില്ലകളുടെ കാര്യത്തിൽ 3, 4 ബെഡ്റൂം വീടുകൾക്കാണ് പ്രിയം. വിപണിയിൽ വീടുകൾ ധാരാളമായി ലഭ്യമായതോടെ 2025 ഡിസംബറിൽ 1.35 ലക്ഷം ദിർഹമായിരുന്ന ശരാശരി വാടക തുക 2026 പകുതിയോടെ ഒരു ലക്ഷം ദിർഹമായി കുറഞ്ഞു. പ്രമുഖ കേന്ദ്രങ്ങളായ ഡൗൺടൗൺ ദുബായിൽ 21.7 ശതമാനവും ദുബായ് മരീനയിൽ 16.1 ശതമാനവും വാടക ഇടിഞ്ഞിട്ടുണ്ട്.
അതേസമയം, 2026 സെപ്റ്റംബറോടെ വിപണിയിൽ നേരിയ സ്ഥിരതയുടെ സൂചനകൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റിൽ 1,00,000 ദിർഹമായിരുന്ന ശരാശരി വാടക സെപ്റ്റംബറിൽ 1,05,000 ദിർഹമായി നേരിയ തോതിൽ ഉയർന്നു. വില്ല മേഖലയിലും സമാനമായ രീതിയിൽ ലഭ്യത കൂടിയതോടെ വാടക കുറഞ്ഞിട്ടുണ്ട്; എന്നാൽ അൽ ഫുർജാൻ മേഖലയിൽ കൂടുതൽ വലിയ വില്ലകൾ വിപണിയിലെത്തിയതോടെ 15.15 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി. വിപണിയിൽ വീടുകൾക്ക് ധാരാളം ഓപ്ഷനുകൾ ഉള്ളതിനാൽ വാടകക്കാർക്ക് മികച്ച താമസസ്ഥലങ്ങൾ കുറഞ്ഞ നിരക്കിൽ തിരഞ്ഞെടുക്കാനും ഉടമകളുമായി തുക സംസാരിച്ചു ഉറപ്പിക്കാനും ഇതാണ് ഏറ്റവും അനുയോജ്യമായ സമയമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.
Content Highlights: Dubai's rental market is becoming more favourable for tenants as housing supply increases and rents fall in several areas, giving expatriates more choices and bargaining power.