

കൊൽക്കത്ത: ദുർഗ്ഗാപൂജയോട് അനുബന്ധിച്ച് ബംഗാളിൽ സിപിഐഎം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികൾ ഇട്ടിരിക്കുന്ന ബുക്ക് സ്റ്റാളുകൾക്ക് നേരെ വ്യാപകമായ ആക്രമണം. സംഘപരിവാർ സംഘടനകളും പൊലീസും ചേർന്നാണ് ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതെന്നാണ് സിപിഐഎം നേതാക്കൾ ആരോപിക്കുന്നത്. ആക്രമണങ്ങളെ ചെറുക്കുമെന്ന മുന്നറിയിപ്പും സിപിഐഎം നേതാക്കൾ നൽകുന്നുണ്ട്. സംസ്ഥാനമൊട്ടാകെ നിരവധി സ്ഥലങ്ങളിൽ ഇത്തരത്തിൽ ബുക്ക് സ്റ്റാളുകൾക്ക് നേര ആക്രമണങ്ങൾ നടക്കുന്നതായാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം വ്യക്തമാക്കുന്നത്. സിപിഐഎമ്മിന് പുറമെ സിപിഐയുടെയും സിപഐ(എംഎൽ) ലിബറേഷൻ്റെയുമെല്ലാം നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ബുക്ക് സ്റ്റാളുകൾക്ക് നേരെയും വ്യാപക ആക്രമണം ഉണ്ടായിട്ടുണ്ട്. നിരവധി സ്ഥലങ്ങളിൽ സിപിഐഎം ബുക്ക് സ്റ്റാളുകൾ ആക്രമിക്കപ്പെടുന്നതായും ഇത് സംഭവിക്കരുതെന്നും ബിജെപി ജനാധിപത്യ ഇടം നശിപ്പിക്കുകയാണെന്നുമുള്ള വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംഎൽഎ കുണാൽഘോഷും രംഗത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ദുർഗ്ഗാപൂജയോട് അനുബന്ധിച്ച് ബംഗാളിൽ ഉടനീളം ഇത്തരത്തിൽ ബുക്ക് സ്റ്റാളുകൾ സ്ഥാപിച്ച് പുസ്തകങ്ങൾ വിറ്റഴിക്കുന്ന രീതി സിപിഐഎം അടക്കമുള്ള ഇടതുപക്ഷ പാർട്ടികൾ സ്വീകരിച്ച് വരുന്നതാണ്. പുരോഗമന-മതേതര കൂട്ടായ്മകളുടെ ഒത്തുചേരൽ കൂടിയാണ് ഇത്തരം ബുക്ക് സ്റ്റാളുകളിലൂടെ സിപിഐഎം അടക്കമുള്ള ഇടതുപക്ഷ പാർട്ടികൾ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം കോർപ്പറേഷൻ്റെ നേതൃത്വത്തിൽ ബുൾഡോസർ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ സ്റ്റാളുകൾ നീക്കം ചെയ്യാനുള്ള ശ്രമം ജാദവ്പൂരിൽ ഉണ്ടായതായി സിപിഐഎം നേതാക്കൾ റിപ്പോർട്ടറിനോട് വ്യക്തമാക്കി.
ബംഗാളിൽ ഇത്തരം ഏതെങ്കിലും ഉത്സവങ്ങൾ നടക്കുമ്പോൾ സിപിഐഎം അടക്കമുള്ള പുരോഗമന പ്രസ്ഥാനങ്ങൾ ബുക്ക് സ്റ്റാളുകൾ ഇടാറുണ്ടെന്നാണ് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും സിഐടിയു അഖിലേന്ത്യാ പ്രസിഡൻ്റുമായ സുദീപ് ദത്ത റിപ്പോർട്ടറിനോട് പ്രതികരിച്ചത്. 'ബംഗാളി സാഹിത്യം, അന്തർദേശീയ സാഹിത്യം, പാർട്ടി സാഹിത്യം, മാർക്സിസ്റ്റ് സാഹിത്യം എന്നിവയെല്ലാം വിൽക്കുന്ന ബുക്ക് സ്റ്റാളുകൾ പൂജാ പന്തലുകൾക്ക് സമീപം സ്ഥാപിക്കാറുണ്ട്. ബംഗാളിൽ ഉടനീളം ഇത്തരത്തിൽ ആയിരക്കണക്കിന് ബുക്ക് സ്റ്റാളുകൾ ഇടാറുണ്ട്. അത് ആളുകൾ ഒത്തുചേർന്ന് പുരോഗമന നിലപാടുകൾ അടക്കം ചർച്ച ചെയ്യുന്ന സ്ഥലവുമാണ്. പാർട്ടി സഖാക്കളും അവിടെ പോയിരുന്ന് സംസാരിക്കാറുണ്ട്', സുദീപ് ദത്ത പറഞ്ഞു.

എന്നാൽ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു എന്നാണ് സുദീപ് ദത്ത റിപ്പോർട്ടറിനോട് വ്യക്തമാക്കിയത്. 'ബംഗാൾ സർക്കാരും മുഖ്യമന്ത്രി സുവേന്ദു അധികാരിയും ഇത്തരം ബുക്ക്സ്റ്റോറുകൾ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് തുടർച്ചയായി സ്വീകരിച്ചത്. എന്തിനാണ് മാർക്സിസ്റ്റുകൾ മാർക്സിസ്റ്റ് പുസ്തകങ്ങൾ വിൽക്കുന്നത്. അതിന് തങ്ങളുടെ പൂജയുമായി ബന്ധമില്ല എന്നായിരുന്നു ഇത്തവണ മുഖ്യമന്ത്രി നിലപാട് സ്വീകരിച്ച'തെന്നും സുദീപ് ദത്ത വിമർശിച്ചു. ബംഗാളിലെ ദുർഗ്ഗപൂജ മതപരമായ ഒരു ആഘോഷമല്ലെന്നും അതൊരു സാംസ്കാരിക ഉത്സവമാണെന്നും സുദീപ് ദത്ത ചൂണ്ടിക്കാണിച്ചു. തങ്ങൾ നോൺവെജ് കഴിക്കും, പുതിയ വസ്ത്രങ്ങൾ ധരിക്കും. അതൊരു ഫെസ്റ്റിവലാണെന്നും സുദീപ് ദത്ത കൂട്ടിച്ചേർത്തു. ഇവിടെ കാലങ്ങളായി തുടർന്നുവരുന്ന ബുക്ക് സ്റ്റാൾ അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും സുദീപ് ദത്ത ചൂണ്ടിക്കാണിച്ചു. ഇത്തവണ പൊലീസും സംഘപരിവാർ ഗുണ്ടകളും ബുക്ക് സ്റ്റാളുകൾ പൊളിച്ച് നീക്കാൻ തുടങ്ങുകയായിരുന്നു എന്നാണ് സുദീപ് ദത്ത വ്യക്തമാക്കുന്നത്.
പൊലീസും ഗുണ്ടകളും ബുക്ക് സ്റ്റാളുകൾക്കെതിരെ ആക്രമണം നടത്താൻ രംഗത്തിറങ്ങിയെന്നും സുദീപ് ദത്ത പറഞ്ഞു. സിപിഐഎമ്മിന് ശക്തമായ പ്രതിരോധശേഷി ഉള്ളിടത്ത് സംഘപരിവാർ ഗുണ്ടകളെ വിടാറില്ലെന്നും മറ്റ് സ്ഥലങ്ങളിൽ ഗുണ്ടകളാണ് ബുക്ക് സ്റ്റാളുകൾ ആക്രമിക്കാൻ വരുന്നതെന്നുമാണ് സുദീപ് ദത്ത പറയുന്നത്. 'പുസ്തകങ്ങൾ തെരുവിലേക്ക് എറിയുന്നു, ചവിട്ടുന്നു, മാർക്സിസ്റ്റ് പുസ്തകങ്ങൾ എന്തിനാണ് സൂക്ഷിക്കുന്നത്, സ്റ്റാലിന്റെ പുസ്തകങ്ങൾ ഇപ്പോഴും വിൽക്കുന്നുണ്ടോ തുടങ്ങിയ ആക്രോശങ്ങളുമായാണ് സംഘപരിവാർ ആക്രമണ'മെന്നും സുദീപ് ദത്ത വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി നൂറിലധികം ബുക്ക് സ്റ്റാളുകൾ ഇത്തരത്തിൽ പൊളിച്ച് നീക്കിയെന്ന റിപ്പോർട്ട് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാത്രിയിൽ ആളുകൾ ഇല്ലാത്ത സമയം നോക്കി പുലർച്ചെ മൂന്ന് മണിക്ക് വരെ ഇത്തരത്തിൽ വന്ന് സ്റ്റാളുകൾ പൊളിക്കുന്നതായിരുന്നു രീതി. എന്നാൽ കഴിഞ്ഞ ദിവസം സിപിഐഎം പ്രവർത്തകർ ഇത്തരം നീക്കങ്ങൾ പലയിടത്തും തടഞ്ഞുവെന്നും സുദീപ് ദത്ത റിപ്പോർട്ടറിനോട് പറഞ്ഞു. ഇത്തരത്തിൽ കഴിഞ്ഞ ദിവസം ജാദവ്പൂർ ബുക്ക് സ്റ്റോൾ പൊളിച്ച് നീക്കാൻ നടന്ന ശ്രമം സിപിഐഎം നേതൃത്വത്തിൽ ചെറുത്തുവെന്നും സുദീപ് ദത്ത ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ ഒരു ദിവസം മാത്രം മൂന്ന് ലക്ഷം രൂപയിലധികം പുസ്തകങ്ങൾ ഇവിടെ വിറ്റതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കൊൽക്കത്തിയിൽ ദുർഗ്ഗാപൂജ ആഘോഷങ്ങൾക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 19 പേർ മരിച്ച സംഭവത്തിലും സുദീപ് ദത്ത സുവേന്ദു സർക്കാരിനെ വിമർശിച്ചു. ഇത്തരമൊരു സംഭവം. കൊൽക്കത്തയുടെ ചരിത്രത്തിൽ ഒരിക്കലും സംഭവിച്ചിട്ടില്ലെന്നും സുദീപ് ദത്ത ചൂണ്ടിക്കാണിച്ചു. ബിജെപി സർക്കാരിന് ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാൻ പോലും സാധിച്ചില്ലെന്നും പൊലീസിനെ വിന്യാസിക്കുന്നതിൽ പോരായ്മ ഉണ്ടായെന്നും സുദീപ് ദത്ത കുറ്റപ്പെടുത്തി. ഈ സമയം ബംഗാൾ സർക്കാർ പുരോഗമന സ്വാഭാവത്തിൽ സ്ഥാപിച്ചിരിക്കുന്ന ബുക്ക് സ്റ്റോളുകൾ തകർക്കാനാണ് പൊലീസിനെ ഉപയോഗിച്ചത്. ഇത് ബംഗാളിൽ ഫാസിസ്റ്റ് ശക്തികളുടെ യഥാർത്ഥ മുഖം തുറന്നുകാണിക്കുന്നതാണെന്നും സുദീപ് ദത്ത വിമർശിച്ചു.
ജാദവ്പൂരിലെ സിപിഐഎം ബുക്ക് സ്റ്റാളുകൾ പൊളിക്കാൻ കൊൽക്കെത്ത കോർപ്പറേഷൻ ബുൾഡോസർ വരെ ഉപയോഗിച്ചുവെന്നാണ് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും കൊൽക്കത്ത ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സുദീപ് സെൻ ഗുപ്ത റിപ്പോർട്ടറിനോട് പ്രതികരിച്ചത്. തെരുവ് ഗുണ്ടകളും ഭരണകൂടവും ചേർന്ന് സിപിഐഎം സ്ഥാപിച്ചിരിക്കുന്ന ബുക്ക് സ്റ്റാളുകൾ തകർക്കാൻ ശ്രമിക്കുകയാണെന്ന് സുദീപ് സെൻ ഗുപ്ത പറഞ്ഞു. കൊൽക്കത്ത ജില്ലയിൽ ഇത്തരത്തിൽ സിപിഐഎം സ്ഥാപിച്ച 100ലധികം ബുക്ക് സ്റ്റാളുകളിൽ 20 എണ്ണത്തോളം ഇത്തരത്തിൽ തകർത്തതായും സിപിഐഎം നേതാവ് പറഞ്ഞു. ഭരണസംവിധാനത്തിൻ്റെ ഭാഗമായവും സംഘപരിവാർ ഗുണ്ടകളും ഉൾപ്പെടെയുള്ളവരാണ് ബുക്ക് സ്റ്റാൾ തകർക്കാൻ ശ്രമിക്കുന്നതെന്നും തകർത്തവ വീണ്ടും പുന:സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും സുദീപ്തോ സെൻ ഗുപ്ത പറഞ്ഞു.
ശനിയാഴ്ച പുലർച്ചെ ഏകദേശം 5:30 മണിയോടെ കൊൽക്കൊത്ത കോർപ്പറേഷനിലെ ജീവനക്കാരും ബംഗാൾ പൊലീസും കേന്ദ്ര പൊലീസും ഉൾപ്പെടുന്നവർ ജാവേദ്പൂരിലെ സിപിഐഎം ബുക്ക് സ്റ്റാൾ ബലംപ്രയോഗിച്ച് പൊളിച്ച് നീക്കാൻ ശ്രമിച്ചതായാണ് സുദീപ് സെൻ ഗുപ്ത വ്യക്തമാക്കിയത്. 'കൊൽക്കട്ട കോർപ്പേറഷൻ്റെ ഭാഗമായ ജാദവ്പൂർ എട്ട് ബിയിലെ സ്റ്റാൾ പൊളിക്കാൻ അഞ്ഞൂറിലധികം വരുന്ന പൊലീസിൻ്റെയും ബുൾഡോസറിൻ്റെയും സഹായത്തോടെയാണ് കോർപ്പറേഷൻ അധികൃതർ എത്തിയത്. ബുക്ക് സ്റ്റാളുകൾ പൊളിച്ച് നീക്കാൻ അവർ ഞങ്ങളോട് ആവശ്യപ്പെട്ടു. എന്നാൽ അതിന് തയ്യാറാകാതെ വന്നതോടെ ബുൾഡോസർ ഉപയോഗിച്ച് ബുക്ക് സ്റ്റാൾ തകർക്കാനുള്ള ശ്രമമുണ്ടായി. എന്നാൽ ആയിരത്തോളം വരുന്ന സിപിഐഎം പ്രവർത്തകരും നേതാക്കളും ഇത് ചെറുത്ത് തോൽപ്പിച്ചു'വെന്നും സുദീപ് സെൻ ഗുപ്ത പറഞ്ഞു. സിപിഐഎമ്മിൻ്റെ തലമുതിർന്ന നേതാവ് ബിമൻ ബസു ഉദ്ഘാടനം ചെയ്ത ബുക്ക് സ്റ്റാളാണ് ഈ നിലയിൽ പൊളിച്ച് നീക്കാൻ ശ്രമിച്ചതെന്നും സുദീപ് സെൻ ഗുപ്ത വ്യക്തമാക്കി. ജാദവ്പൂരിൽ നിന്നുള്ള മുൻ എംഎൽഎയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ സുജൻ ചക്രവർത്തി അടക്കമുള്ള നേതാക്കളാണ് ചെറുത്ത് നിൽപ്പിന് നേതൃത്വം നൽകിയതെന്നും സുദീപ് സെൻ ഗുപ്ത വ്യക്തമാക്കി.

സംസ്ഥാനത്ത് ഉടനീളം സിപിഐഎമ്മിൻ്റെ നേതൃത്വത്തിലുള്ള ബുക്ക് സ്റ്റാളുകൾ തകർത്ത് നിരവധി പുസ്തകങ്ങളാണ് നശിപ്പിച്ചതെന്ന് നാഷണൽ ബുക്ക് ഏജൻസിയിലെ ജീവനക്കാരനായ സൗമ്യദീപ് റാഹ റിപ്പോർട്ടറിനോട് പ്രതികരിച്ചു. പൊലീസും സംഘപരിവാർ ഗുണ്ടകളും ചേർന്ന് എൻബിഎ പുതിയതായി പുറത്തിറക്കിയ പുസ്തകങ്ങൾ അടക്കം നിരവധി പുസ്തകങ്ങൾ ഇത്തരത്തിൽ നശിപ്പിച്ചു. ജനങ്ങൾ ധാരളമായി പുസ്തകങ്ങൾ വാങ്ങാൻ വരുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ വ്യാപകമായി പുസ്തകങ്ങൾ നശിപ്പിച്ചതെന്നും സൗമ്യദീപ് റാഹ വ്യക്തമാക്കി.
Content Highlights: Book stalls set up for Durga Puja in West Bengal reportedly came under attack, prompting the CPIM to oppose bulldozer action and defend the affected stalls