ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ 'സ്പിരിറ്റ്' 2027 ദീപാവലിക്ക്

പോസ്റ്റര്‍ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ 'സ്പിരിറ്റ്' 2027 ദീപാവലിക്ക്
dot image

ഇന്ത്യന്‍ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ 'സ്പിരിറ്റിന്റെ' റിലീസ് തീയതി പ്രഖ്യാപിച്ചു. സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയാണ് തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ലോകവ്യാപക റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ പാന്‍-ഇന്ത്യന്‍ പ്രഭാസ് ചിത്രം 2027 ഒക്ടോബര്‍ 29-ന് ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തും. മാസങ്ങള്‍ നീളുന്ന കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടുള്ള ഈ വമ്പന്‍ പ്രഖ്യാപനം ഇതിനോടകം തന്നെ ആരാധകര്‍ക്കിടയിലും സമൂഹമാധ്യമങ്ങളിലും വലിയ തരംഗമായി മാറിക്കഴിഞ്ഞു.

സന്ദീപ് റെഡ്ഡി വംഗ പുറത്തുവിട്ട പോസ്റ്റര്‍ ചിത്രത്തിന്റെ തീവ്രമായ സ്വഭാവവും മാസ്സ് പശ്ചാത്തലവും വ്യക്തമാക്കുന്നതാണ്. സണ്‍ ഗ്ലാസ്സ് ധരിച്ചുള്ള പ്രഭാസിന്റെ ലുക്കാണ് ഇതിലെ പ്രധാന ആകര്‍ഷണം. 'ദ മാന്‍ ബിഹൈന്‍ഡ് ദ ഷേഡ്സ്' എന്ന വിശേഷണത്തോടെ അവതരിപ്പിച്ചിരിക്കുന്ന ഈ ലുക്ക് കഥാപാത്രത്തിന്റെ ദുരൂഹതയും സ്‌റ്റൈലും വെളിപ്പെടുത്തുന്നു. കൂടാതെ ഇന്‍ സ്പിരിറ്റ് മോഡ്, വണ്‍ ബാഡ് ഹാബിറ്റ് തുടങ്ങിയ ഹാഷ്ടാഗുകളും പോസ്റ്ററില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഥയുടെയോ മറ്റ് കഥാപാത്രങ്ങളുടെയോ പശ്ചാത്തല വിവരങ്ങള്‍ ഒന്നും തന്നെ പോസ്റ്ററില്‍ വെളിപ്പെടുത്തിയിട്ടില്ല എന്നത് ചിത്രത്തെക്കുറിച്ചുള്ള ദുരൂഹതയും ആകാംക്ഷയും വര്‍ദ്ധിപ്പിക്കുന്നു.

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നിര്‍മ്മാണ കമ്പനികളായ ടി-സീരീസും ഭദ്രകാളി പിക്ചേഴ്സും ചേര്‍ന്നാണ് ഈ വമ്പന്‍ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. ദീപാവലി പോലൊരു വലിയ ഉത്സവ സീസണ്‍ റിലീസിനായി തിരഞ്ഞെടുത്തത് ബോക്‌സ് ഓഫീസില്‍ വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2027 അവസാനത്തോടെയാണ് ചിത്രം എത്തുന്നതെങ്കിലും, ഒരു വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ഈ പ്രഭാസ്-സന്ദീപ് റെഡ്ഡി വംഗ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

Content Highlights: Prabhas' 'Spirit' for Diwali 2027. Sandeep Reddy Vanga shares the poster

dot image
To advertise here,contact us
dot image