

കണ്ണൂര്: കിഫ്ബി പദ്ധതിയെ യുഡിഎഫ് സര്ക്കാര് അട്ടിമറിക്കുന്നുവെന്ന് സിപിഐഎം കണ്ണൂര് വിപുലീകൃത ജില്ലാ കമ്മിറ്റിയില് പ്രമയേം. കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തില് മുന്നേറ്റം നടത്തിയ കിഫ്ബിയെ അട്ടിമറിക്കാനുള്ള യുഡിഎഫ് സര്ക്കാര് ശ്രമത്തെ അപലപിക്കുന്നു. 10 വര്ഷത്തിനിടയില് ജില്ലയിലും വലിയ വികസനക്കുതിപ്പാണ് കിഫ്ബി വഴിയുണ്ടായത്. എന്നാല് അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച് മുഖ്യമന്ത്രി തന്നെ കിഫ്ബിയെ തകര്ക്കാന് ശ്രമിക്കുന്നുവെന്ന് പ്രമേയത്തില് കുറ്റപ്പെടുത്തുന്നു.
കിഫ്ബിയെ അട്ടിമറിക്കരുതെന്ന പ്രമേയവുമായി സിപിഐഎം കണ്ണൂർ വിപുലീകൃത സംസ്ഥാന കമ്മിറ്റി. ജില്ലാ കമ്മിറ്റിയിൽ ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിൽ മുന്നേറ്റം നടത്തിയ കിഫ്ബിയെ അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ ശ്രമത്തെ അപലപിക്കുന്നുവെന്ന് പ്രമേയം വ്യക്തമാക്കുന്നു.
പത്ത് വർഷത്തിനിടയിൽ കണ്ണൂർ ജില്ലയിലും വലിയ വികസനക്കുതിപ്പാണ് കിഫ്ബി വഴിയുണ്ടായതെന്നും പ്രമേയം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച് മുഖ്യമന്ത്രി തന്നെ കിഫ്ബിയെ തകർക്കാൻ ശ്രമിക്കുന്നു. സംസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങളിലേയും വികസനം ഒരേപോലെ മുന്നോട്ടു നയിക്കേണ്ട മുഖ്യമന്ത്രി തന്നെ സങ്കുചിതമായ പ്രചാരവേല നടത്തി ജില്ലയെ ഇകഴ്ത്തുകയാണെന്നും പ്രമേയം ചൂണ്ടിക്കാണിക്കുന്നു. ഇത്തരം കുടിലമായ രാഷ്ട്രീയ നീക്കങ്ങളെ തുറന്നുകാട്ടുമെന്നും പ്രമേയം വ്യക്തമാക്കുന്നുണ്ട്.
ചരിത്രപരമായ കാരണങ്ങളാൽ വികസനത്തിൽ പിന്നോക്കം നിൽക്കുന്ന വടക്കൻ കേരളത്തിൽ വിമാനത്താവളവും തുറമുഖവും കേന്ദ്രീകരിച്ച് വ്യവസായ പാർക്കുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് കിഫ്ബി വഴി വിഭാവനം ചെയ്തത്. കേരളത്തിന്റെ വികസന അസന്തുലിതാവസ്ഥ മറികടക്കാനാണിത്. അതിനെ ദുർവ്യാഖ്യാനിച്ച് വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ വൈകല്യം മാത്രമാണെന്നും പ്രമേയം വ്യക്തമാക്കുന്നു.
അതേസമയം, എല്ഡിഎഫ് സര്ക്കാറിന്റെ കാലത്തെ കിഫ്ബിയുടെ കടമെടുപ്പ് ധനമന്ത്രിയായിരുന്ന കെ എന് ബാലഗോപാലിന്റെ എതിര്പ്പ് മറികടന്നെന്നാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നിരുന്നു. കടമെടുക്കുന്നത് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ ബാധിക്കുമെന്ന് ആശങ്ക അറിയിച്ച് ബാലഗോപാല് എഴുതിയ നോട്ടാണ് പുറത്ത് വന്നത്.
കിഫ്ബിയുടെ അധിക കടമെടുപ്പിലും ഗ്യാരണ്ടിയിലുമുളള ആശങ്ക അറിയിച്ച് ധനമന്ത്രിയായിരുന്ന കെ എന് ബാലഗോപാല് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് നോട്ട് നല്കിയതിന്റെ രേഖകളാണ് പുറത്ത് വന്നത്. 2023 സെപ്റ്റംബറിലായിരുന്നു നോട്ട് കൈമാറ്റം. കടമെടുപ്പ് പരിധിയിൽ കോടതിയുടെ അനുകൂല നിലപാട് വന്നാല് മാത്രമേ അധിക കടമെടുപ്പും ഗ്യാരണ്ടിയും നടപ്പിലാക്കാന് കഴിയുകയുള്ളുവെന്ന് നോട്ടില്പറയുന്നു. ഇക്കാര്യം മുഖ്യമന്ത്രി പരിശോധിക്കണമെന്നും നോട്ടില് പറയുന്നുണ്ട്. എന്നാല് ഇത് മറികടന്നാണ് കടമെടുപ്പുമായി മുന്നോട്ടുപോകാന് മുന്മുഖ്യമന്ത്രി പിണറായി വിജയന് തീരുമാനിച്ചത്. കിഫ്ബി മസാല ബോണ്ടില് ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും എതിര്പ്പ് അറിയിച്ചിരുന്നുവെന്ന റിപ്പോര്ട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു.
അതേസമയം, കിഫ്ബി വിദഗ്ധ സമിതി റിപ്പോർട്ടിൽ ഉടൻ അന്വേഷണത്തിനുള്ള നീക്കത്തിലാണ് സംസ്ഥാന സർക്കാർ. നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചേക്കും. അതിനിടെ കിഫ്ബി വിവാദത്തിൽ മുഖ്യമന്ത്രി വിഡി സതീശന് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത് വന്നു. കണ്ണൂർ എന്ന് കേൾക്കുമ്പോൾ എന്താണ് പ്രശ്നമെന്നായിരുന്നു പിണറായി ചോദിച്ചത്. ഭാവി വികസനത്തിനാണ് സ്ഥലം ഏറ്റെടുത്തതെന്നും ചിലപ്പോൾ അത് കാട് പിടിക്കുമെന്നും വികസനം വരുമ്പോൾ കാടില്ലാതാകുമെന്നും സിപിഐഎം നേതാവ് ഇ പി ജയരാജനും പറഞ്ഞു.
Content Highlights: kiifb scheme controversy cpm kannur district committee resolution accuses udf government of disrupting projects