

തെഹ്റാൻ: സൗദി-ഹൂതി സംഘര്ഷം അവസാനിപ്പിക്കാന് ഇറാന് സഹായിക്കാന് തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ടെലിഗ്രാം ചാനലില് പങ്കിട്ട ഒരു പോസ്റ്റിലൂടെയാണ് ഇറാന്റെ സന്നദ്ധത അരാഗ്ചി വ്യക്തമാക്കിയത്. യെമനിലെ പ്രശ്നങ്ങള് സൈനികപരമായി പരിഹരിക്കാന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രതികരിച്ചത്. 12 വര്ഷമായി അക്കാര്യം തെളിയിച്ചിട്ടുണ്ടെന്നും അരാഗ്ചി പറഞ്ഞു. ഇസ്ലാമിക് സഹകരണ സംഘടനയുടെ ഭാഗമായി നടന്ന വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിക്കിടെ യെമനിലെ പ്രശ്നങ്ങള് ചര്ച്ച ചെയ്തിരുന്നു. നയതന്ത്രത്തിലൂടെ പ്രശ്നങ്ങള് പരിഹരിക്കണമെന്നാണ് ഇറാൻ്റെ നിലപാട്.
അതിനിടെ, ഇറാനെതിരായ അമേരിക്കന്-ഇസ്രയേല് ആക്രമണങ്ങളിലും പ്രതികരണമുണ്ടായി. കഴിഞ്ഞ ഫെബ്രുവരി 28ന് ആരംഭിച്ച ആക്രമണങ്ങള് വിവിധ രൂപങ്ങളില് തുടര്ന്നുകൊണ്ടിരിക്കുകയാണെന്ന് ഇറാന് വ്യക്തമാക്കി. ഹോര്മൂസ് കടലിടുക്കിലെ അരക്ഷിതാവസ്ഥയ്ക്ക് കാരണം അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണമാണെന്ന് അരാഗ്ചി വിമര്ശിച്ചു. പലസ്തീനെതിരായ ഇസ്രായേലിന്റെ അധിനിവേശവും വംശഹത്യയും അവസാനിപ്പിക്കാന് ഇസ്ലാമിക രാജ്യങ്ങള് കൂട്ടായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, സൗദിയെ ലക്ഷ്യമിട്ട് ഹൂതികള് മിസൈല് ആക്രമണം നടത്തിയിരുന്നു. റിയാദിലേക്കും യാന്ബുവിലേക്കും ഹൂതികള് നടത്തിയ മിസൈല് ആക്രമണം തടുത്തതായി സൗദി സഖ്യസേന അറിയിച്ചിരുന്നു. സൗദിയും ശക്തമായ തിരിച്ചടി തുടരുകയാണ്. ഹൂതി ശക്തികേന്ദ്രമായ സദാ ഗവര്ണറേറ്റിലെ മിസൈല് ലോഞ്ചറുകള് തകര്ത്തതായി സൗദി സഖ്യസേന അവകാശപ്പെട്ടിരുന്നു. ഹൂതികള് നടത്തുന്ന ആക്രമണത്തില് തങ്ങള്ക്ക് യാതൊരു പങ്കുമില്ലെന്നാണ് ഇറാന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. ഇരുവിഭാഗവും തമ്മിലൊരു ചര്ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാമെന്ന് ഇറാന് ആവര്ത്തിക്കുകയും ചെയ്തു.
Content Highlights: Iran says it is ready to help end the Saudi-Houthi conflict, stressing that military action cannot resolve the tensions and that a peaceful solution is needed.