

റിയാദ്: യമനിലെ ഹൂതി വിമതര്‍ ആക്രമണം കടുപ്പിച്ച സാഹചര്യത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അതീവ സുരക്ഷാ മേഖലയിലേക്ക് മാറിയെന്ന് റിപ്പോര്‍ട്ട്. അതിശക്തമായ സൈനിക വിന്യാസവും ബങ്കറുകളും ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജകൊട്ടാരങ്ങള്‍ക്ക് പ്രത്യേക വ്യോമസുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ദേശീയ രക്തദാന പ്രചാരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് അവസാനമായി 41കാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പങ്കെടുത്തത്.
ഹൂതികളുടെ ആക്രമണങ്ങള്‍ക്കെതിരെ സൗദി വ്യോമാക്രമണം നടത്തുന്ന സാഹചര്യത്തില്‍ ബങ്കറുകളുള്ള കനത്ത സുരക്ഷാ മേഖലകളിലേക്ക് തുടര്‍ച്ചയായി അതീവരഹസ്യമായി മാറിക്കൊണ്ടിരിക്കുകയാണ് മുഹമ്മദ് ബിന്‍ സല്‍മാനെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എംബിഎസിന്റെ നീക്കങ്ങള്‍ നേരിട്ടറിയുന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിനൊപ്പം അതീവ സുരക്ഷാ സംഘവും ഉണ്ടെന്നാണ് വിവരം.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഏറ്റവും ഭീകരമായ ആക്രമണമാണ് സൗദി നേരിടുന്നത്. റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തില്‍ 13 പേർ കൊല്ലപ്പെടുകയും 300ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം സൗദി ഹൂതികള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമാകുന്ന കാര്യം പരിഗണനയിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചിട്ടുണ്ട്. മക്ക സംയുക്ത പ്രതിരോധ സഖ്യ കക്ഷികളും അവരുടെ പിന്തുണ അറിയിച്ചിട്ടുണ്ട്.
അതേസമയം സൗദിയിലെ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് ഇനിയും ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാലു തവണയാണ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൂതികള്‍ ആക്രമണം നടത്തിയത്. ആക്രമണങ്ങള്‍ കടുത്ത സാഹചര്യത്തില്‍ ഫ്രാന്‍സ്, ബ്രിട്ടന്‍, പാകിസ്താന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളോട് അവരുടെ വ്യോമ പ്രതിരോധ സംവിധാനം പ്രദേശത്ത് വിന്യസിക്കണമെന്ന് സൗദി കഴിഞ്ഞമാസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവില്‍ മിസൈലുകളെ അടക്കം പ്രതിരോധിക്കാന്‍ കഴിവുള്ള സംവിധാനങ്ങള്‍ പരിമിതമാണെന്നാണ് സൗദി അധികൃതര്‍ പറയുന്നത്.
Content Highlights: Saudi Arabia’s crown prince has reportedly moved to a high security zone as Houthi targets Kingdom's Airport