പൂച്ചകളെ വളര്‍ത്താന്‍ അനുവാദമില്ലാത്ത നാട്! കാരണം അറിഞ്ഞാല്‍ അതിശയിക്കും

പൂച്ചകളോടുള്ള ഇഷ്ടക്കുറവല്ല ഈ നിയമത്തിന് പിന്നില്‍. കാരണം മറ്റൊന്നാണ്

പൂച്ചകളെ വളര്‍ത്താന്‍ അനുവാദമില്ലാത്ത നാട്! കാരണം അറിഞ്ഞാല്‍ അതിശയിക്കും
dot image

വീട്ടില്‍ പൂച്ചയെ വളര്‍ത്തുന്നതും അതിനെ ഓമനിക്കുന്നതും പലര്‍ക്കും ഏറെ ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ ലോകത്തിന്റെ ഈ ഒരു ഭാഗത്ത് പൂച്ചകളെ കൊണ്ടുവരുന്നതിന് കര്‍ശനമായ നിയന്ത്രണമുണ്ട്. നോര്‍വേയുടെ ഭാഗമായ സ്വാല്‍ബാര്‍ഡ് ദ്വീപസമൂഹത്തിലാണ് ഈ കൗതുകകരമായ നിയമം. പൂച്ചകളോടുള്ള ഇഷ്ടക്കുറവല്ല ഇതിന് പിന്നില്‍. മറിച്ച് അവിടത്തെ പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കുകയാണ് ലക്ഷ്യം.

ആര്‍ട്ടിക് മേഖലയിലുള്ള നോര്‍വേയുടെ ദ്വീപസമൂഹമാണ് സ്വാല്‍ബാര്‍ഡ് (Svalbard). മഞ്ഞുമൂടിയ ഭൂപ്രകൃതിയും അതിശൈത്യവും അപൂര്‍വമായ വന്യജീവികളുമാണ് ഇവിടത്തെ പ്രത്യേകത. ലോകത്തിലെ ഏറ്റവും വടക്കുള്ള ജനവാസകേന്ദ്രങ്ങളിലൊന്നായ ലോങ്ഇയര്‍ബിയന്‍ (Longyearbyen) ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മറ്റു പല സ്ഥലങ്ങളിലും വളര്‍ത്തുമൃഗങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെങ്കിലും സ്വാല്‍ബാര്‍ഡില്‍ അവയെ കൊണ്ടുവരുന്നതിന് പ്രത്യേക നിയന്ത്രണങ്ങളുണ്ട്. പൂച്ചകളെയും ഫെററ്റുകള്‍ളെയും ഇവിടേക്ക് കൊണ്ടുവരാന്‍ അനുവാദമില്ല.

 place where keeping cats is not allowed

പൂച്ചകളെ നിരോധിക്കാന്‍ കാരണം എന്ത്?

പൂച്ചകള്‍ മികച്ച വേട്ടക്കാരാണ്. ചെറിയ പക്ഷികളെയും മറ്റ് ചെറുജീവികളെയും പിടികൂടാനുള്ള അവയുടെ കഴിവ് സ്വാല്‍ബാര്‍ഡിലെ പ്രകൃതിക്ക് ഭീഷണിയാകാം. അതുകൊണ്ടുതന്നെ ഈ പ്രദേശത്തെ തനതായ ജീവജാലങ്ങളെ സംരക്ഷിക്കുന്നതിന് പൂച്ചകളെ കൊണ്ടുവരുന്നത് നിയന്ത്രിച്ചിരിക്കുന്നു. അതുപോലെ സ്വാല്‍ബാര്‍ഡില്‍ ധാരാളം കടല്‍പ്പക്ഷികള്‍ പ്രജനനത്തിനായി എത്താറുണ്ട്. ഇവയുടെ മുട്ടകളും കുഞ്ഞുങ്ങളും മറ്റ് ചെറുജീവികളും പൂച്ചകളുടെ ആക്രമണത്തിന് ഇരയാകാനുള്ള സാധ്യതയുണ്ട്. സ്വാഭാവികമായി നിലനില്‍ക്കുന്ന ഭക്ഷ്യശൃംഖലയിലും ജീവികളുടെ സന്തുലിതാവസ്ഥയിലും മാറ്റമുണ്ടാകാതിരിക്കുകയാണ് നിയന്ത്രണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

A place where keeping cats is not allowed

പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് എന്താണ് പ്രാധാന്യം?

ആര്‍ട്ടിക് മേഖലയിലെ പ്രകൃതിക്ക് മറ്റ് പ്രദേശങ്ങളിലേതില്‍നിന്നും വ്യത്യസ്തമായ പ്രത്യേകതകളുണ്ട്. വളരെ കുറച്ച് ജീവിവര്‍ഗങ്ങള്‍ മാത്രമുള്ള ഈ പരിസ്ഥിതിയില്‍ ഓരോ ജീവിക്കും അതിന്റേതായ സ്ഥാനമുണ്ട്. സ്വാല്‍ബാര്‍ഡില്‍ സ്വാഭാവികമായി കാണപ്പെടുന്ന കരയിലെ സസ്തനികളില്‍ ആര്‍ട്ടിക് കുറുക്കനും സ്വാല്‍ബാര്‍ഡ് റെയിന്‍ഡിയറും ഉള്‍പ്പെടുന്നു. ഇവിടെ സ്വാഭാവികമായി ഇല്ലാത്ത മറ്റൊരു വേട്ടക്കാരനെ എത്തിക്കുന്നത് പക്ഷികള്‍ ഉള്‍പ്പെടെയുള്ള തദ്ദേശീയ ജീവികള്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കാം.

മാത്രമല്ല അതിശൈത്യവും കഠിനമായ കാലാവസ്ഥയും കാരണം ഇവിടത്തെ സസ്യങ്ങള്‍ വളരെ സാവധാനത്തിലാണ് വളരുന്നത്. പ്രകൃതിക്ക് സംഭവിക്കുന്ന ചെറിയ ആഘാതങ്ങള്‍ പോലും പരിഹരിക്കപ്പെടാന്‍ ദീര്‍ഘകാലം വേണ്ടിവന്നേക്കാം. അതിനാല്‍ പുതിയ ജീവിവര്‍ഗങ്ങളെ കൊണ്ടുവരുന്നതില്‍ അധികൃതര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നു.

A place where keeping cats is not allowed

രോഗവ്യാപനവും മറ്റൊരു ആശങ്ക

പൂച്ചകളെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണത്തിന് പിന്നില്‍ പരിസ്ഥിതി സംരക്ഷണം മാത്രമല്ല രോഗവ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകളും ഉണ്ട്. പുതിയ മൃഗങ്ങള്‍ എത്തുന്നതിലൂടെ അവിടത്തെ വന്യജീവികളിലേക്ക് രോഗങ്ങള്‍ പടരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ മൃഗങ്ങളെ കൊണ്ടുവരുന്നതിന് കര്‍ശനമായ നിബന്ധനകളാണ് സ്വാല്‍ബാര്‍ഡില്‍ നിലവിലുള്ളത്. എന്നാല്‍ എല്ലാ വളര്‍ത്തുമൃഗങ്ങള്‍ക്കും ഒരേ നിയമമല്ല. ആവശ്യമായ അനുമതികളും ആരോഗ്യരേഖകളും നിബന്ധനകളും പാലിച്ചാല്‍ നായ്ക്കളെ കൊണ്ടുവരാന്‍ അനുവാദം ലഭിക്കാം. ചില വളര്‍ത്തുപക്ഷികള്‍, മുയലുകള്‍, ചെറിയ എലിവര്‍ഗങ്ങള്‍ എന്നിവയ്ക്കും നിശ്ചിത നിബന്ധനകള്‍ക്ക് വിധേയമായി ഇളവുകളുണ്ട്. പൂച്ചകള്‍ക്കും ഫെററ്റുകള്‍ക്കും(വെള്ളകീരി) ഈ ഇളവ് ബാധകമല്ല.

A place where keeping cats is not allowed

പൂച്ചകളോടുള്ള വിരോധമല്ല പ്രകൃതിയോടുള്ള കരുതല്‍

പൂച്ചകളെ നിരോധിച്ചിരിക്കുന്നുവെന്ന കാര്യം കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നാം. എന്നാല്‍ ഈ നിയമത്തിന് പിന്നിലുള്ളത് ഒരു പ്രദേശത്തിന്റെ പ്രകൃതിവിഭവങ്ങളെയും അപൂര്‍വ ജീവജാലങ്ങളെയും സംരക്ഷിക്കാനുള്ള ശ്രമമാണ്. മനുഷ്യര്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ പോലും മറ്റൊരു പ്രദേശത്തെ സ്വാഭാവിക പരിസ്ഥിതിയില്‍ എത്തുമ്പോള്‍ അവിടത്തെ ജീവികള്‍ക്കും സസ്യങ്ങള്‍ക്കും പ്രത്യാഘാതങ്ങളുണ്ടാക്കാം. അതുകൊണ്ടാണ് സ്വാല്‍ബാര്‍ഡില്‍ മൃഗങ്ങളെ കൊണ്ടുവരുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Content Highlights :This curious law exists in the Svalbard archipelago, which is part of Norway. It is not driven by a dislike for cats; rather, the aim is to protect the local environment and wildlife.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image