ഹൂതികള്‍ക്കെതിരെ തിരിച്ചടിച്ച് സൗദി; 24 മണിക്കൂറിൽ 124 ആക്രമണങ്ങളെന്ന് ഹൂതി വക്താവ്

സനയിലും തായ്‌സിലും സൗദി നടത്തിയ വ്യോമാക്രമണത്തില്‍ വന്‍ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്

ഹൂതികള്‍ക്കെതിരെ തിരിച്ചടിച്ച് സൗദി; 24 മണിക്കൂറിൽ 124 ആക്രമണങ്ങളെന്ന് ഹൂതി വക്താവ്
dot image

റിയാദ്/സന: റിയാദ് വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ ഹൂതികൾക്കെതിരെ തിരിച്ചടിച്ച് സൗദി അറേബ്യ. ഹൂതി നിയന്ത്രണത്തിലുള്ള സനായിലും തായ്‌സിലുമാണ് സൗദി വ്യോമാക്രണം നടത്തിയത്. ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 124 ആക്രമണങ്ങള്‍ സൗദി നടത്തിയെന്ന് ഹൂതി വക്താവ് യാഹ്യ സാരീ സ്ഥിരീകരിച്ചു. ഹൂതികള്‍ ആക്രമണം കടുപ്പിച്ചതോടെ സൗദിയിലേക്ക് സേനകളെ അയക്കുമെന്ന് തുര്‍ക്കിയും പാകിസ്താനും പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് നാലോളം ശക്തമായ ആക്രമണങ്ങള്‍ സൗദിക്കെതിരെ നടത്തിയെന്ന് സാരീ വ്യക്തമാക്കിയത്. തുടര്‍ന്ന് സൗദി 124 ഓളം വ്യോമാക്രമണം നടത്തിയതായും സാരീ സ്ഥിരീകരിച്ചു.

അതേസമയം സൗദിയുടെ ആക്രമണം ഹൂതികളുടെ ഔദ്യോഗിക മാധ്യമമായ അല്‍ മാസിറ ടിവിയും സ്ഥിരീകരിച്ചിട്ടുണ്ട്. സനയിലും തായ്‌സിലും സൗദി നടത്തിയ വ്യോമാക്രമണത്തില്‍ വന്‍ തോതില് നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. തായ്‌സിലെ അല്‍ തുര്‍ബയില്‍ സൗദിയുടെ വ്യോമാക്രമണത്തില്‍ റെഡിസഡന്‍ഷ്യല്‍ കെട്ടിടം തകര്‍ന്നു. പിന്നാലെ തലസ്ഥാനമായ സനയെ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടായെന്ന് ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സനയിലെ അല്‍ താവ്ര ജില്ലയിലെ എയര്‍പോര്‍ട്ട് റോഡിന് സമീപമുള്ള ജനവാസ മേഖലയില്‍ ആക്രമണം നടന്നിട്ടുണ്ട്. അതേസമയം തന്നെ തായ്‌സിലെ ഹൈഫാന്‍ ജില്ലയിലുള്ള അല്‍ സുര്‍ബി റോഡില്‍ രണ്ട് വ്യോമാക്രമണങ്ങളാണ് സൗദി ഇന്ന് നടത്തിയിരിക്കുന്നത്. തായ്‌സിലെ ജബല്‍ ഹബാഷി ജില്ലയിലുള്ള അല്‍ അഫ്രിയ പ്രദേശത്ത് കുഴിബോംബ് സ്‌ഫോടനത്തില്‍ ഏഴോളം കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തുള്ള ഒരു വ്യക്തിയുടെ വീടിനുള്ളില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അല്‍ ദാഹിര്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ സൗദി മിസൈല്‍ ആക്രമണം നടത്തിയതായും ഹൂതികളുടെ ഔദ്യോഗിക മാധ്യമമായ അല്‍മാസിറ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഘർഷം കനക്കുന്നതിനിടെ സൗദി വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാര്‍ക്ക് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹൂതി ആക്രമണത്തെ അപലപിച്ച് ഖത്തര്‍, ഇറാഖ്, ഇസ്രയേല്‍, ജോര്‍ദാന്‍, ലെബനന്‍ എന്നിവര്‍ രംഗത്തെത്തി. പ്രാദേശിക സുരക്ഷയ്ക്ക് ഭീഷണിയായി ആക്രമണങ്ങള്‍ എന്നാണ് രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടത്. സിറിയന്‍ സേനയെ യെമനില്‍ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യയും സിറിയയും തമ്മില്‍ ചര്‍ച്ച നടത്തിയതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlights: Saudi Arabia targeted Sana and Taiz

dot image
To advertise here,contact us
dot image