

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തിലെ പ്രതി സുഹൈലിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങൾ പുറത്ത്. പ്രതി സുഹൈലിനെതിരെ ചുമത്തിയത് കുറ്റകരമായ നരഹത്യ കുറ്റമാണെന്ന് വ്യക്തമാകുന്നതാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. അലക്ഷ്യമായി വാഹനമോടിച്ചതിന്റെ വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതി മദ്യ ലഹരിയിലായിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ആവശ്യപ്പെട്ടത് പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് വിടാനാണ്.
ബോര്‍സ്റ്റല്‍ സ്‌കൂളിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സുഹൃത്തിന്റെ മൊഴി പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും നെടുമ്പാശ്ശേരി പൊലീസ് വ്യക്തമാക്കി. സുഹൈലും സുഹൃത്തുക്കളും കൊച്ചിയിലെ വിവിധ ബാറുകളില്‍ കയറി മദ്യപിച്ചിരുന്നതായി റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക ശേഷിയും സ്വാധീനവും ഉള്ള പ്രതി സാക്ഷികള സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അപായപ്പെടുത്താനും സാധ്യത ഉണ്ടെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ പ്രതി മയക്കുമരുന്ന് ഉപയോഗിച്ചോ എന്നതിലടക്കം അന്വേഷണം നടത്തണം. പ്രതി ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാമെന്നും പൊലീസ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നുണ്ട്.
കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിനെതിരെ ഗുരുതര വിമര്‍ശനം മരിച്ച ഗോപികയുടെ കുടുംബം ഉന്നയിച്ചിരുന്നു. ആരാണ് വാഹനം ഇടിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന പേര് എഫ്ഐറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എഫ്ഐആറില്‍ എവിടെയും മദ്യം എന്നൊരു വാക്ക് പോലും ഇല്ല. പ്രതി സുഹൈലിന്റെ പേര് എഫ്ഐആറില്‍ ചേര്‍ത്തിട്ടില്ലെന്ന് മാത്രമല്ല ആളെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് സൂചിപ്പിക്കുന്ന അണ്‍നോണ്‍ എന്ന വാക്കാണ് പ്രതിയുടെ കോളത്തില്‍ ചേര്‍ത്തിരിക്കുന്നത് എന്നതടക്കം വിമര്‍ശനമായി ഉയര്‍ന്നിരുന്നു.
കാറിന്റെ നമ്പര്‍ മാത്രമാണ് എഫ്ഐആറില്‍ ഉള്ളത്. 'പ്രതിയുടെ പ്രവര്‍ത്തി മൂലം' എന്ന് തുടങ്ങുന്ന എഫ്ഐആറില്‍ പ്രതി മദ്യപിച്ച് വാഹനം ഓടിച്ചതാണ് പ്രവര്‍ത്തി എന്ന് രേഖപ്പെടുത്തിയിട്ടില്ല. മദ്യപാനം സംശയിക്കുന്നതായി പോലും ഒരു വാക്കും എഫ്ഐആറില്‍ ഇല്ല. പ്രതി മൂന്ന് ബാറുകളില്‍ കയറി കുടിച്ചിരുന്നു എന്നായിരുന്നു കണ്ടെത്തല്‍. ഇയാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതിന് ശേഷം അഡള്‍ട്ട് ജയിലിലേക്ക് അയക്കാതെ ബോര്‍സ്റ്റല്‍ ഹോമിലേക്ക് അയച്ചതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 21 വയസുവരെ ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്ന പ്രതികള ബോര്‍സ്റ്റല്‍ ഹോമില്‍ അയക്കാമെന്നാണ് പൊലീസ് നല്‍കിയ വിശദീകരണം. പതിയെ ബോര്‍സ്റ്റല്‍ ഹോമിലേക്ക് അയച്ചത് പൊലീസല്ല, കോടതിയാണ്. നിയമം അനുസരിച്ചാണ് പ്രതിയെ ബോര്‍സ്റ്റല്‍ ഹോമിലേക്ക് അയച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചന്നെത്തലയുടെ പ്രതികരിച്ചിരുന്നു.
Content Highlights: The remand report in the Nedumbassery Mini Cooper accident, which resulted in three fatalities, has been released. According to the report, Suhail faces charges of culpable homicide and rash driving. Police say the document also records that he was under the influence of alcohol, and the report sought his remand to judicial custody.