

ടെൽഅവീവ്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ നടത്തുന്ന പ്രസംഗത്തിൽ പലസ്തീനികൾക്കെതിരായ സൈനിക നടപടികളെ ന്യായീകരിക്കുമെന്ന് വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി ഹമാസിനെ പിന്തുണയ്ക്കുന്നുവെന്നും നെതന്യാഹു ആരോപിച്ചു. തിങ്കളാഴ്ച സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹുവിനെ യുദ്ധക്കുറ്റവാളിയെന്നും എന്നും പലസ്തീൻ ജനതയ്‌ക്കെതിരായ ഭീകരമായ വംശഹത്യയുടെ ശിൽപിയെന്നും വിശേഷിപ്പിച്ചിരുന്നു. നേരത്തെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നും മംദാനി പറഞ്ഞിരുന്നു. എന്നാൽ അത്തരമൊരു നടപടി സ്വീകരിക്കാൻ തനിക്ക് അധികാരമില്ലെന്ന് പിന്നീട് അദ്ദേഹം സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. വ്യാഴാഴ്ചയാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ നെതന്യാഹുവിൻ്റെ പ്രസംഗം.
'ഞാൻ ഐക്യരാഷ്ട്രസഭയിലേക്ക് വരികയാണ്. ഞങ്ങളുടെ ധീരരായ സൈനികരെക്കുറിച്ചുള്ള സത്യം ഞാൻ അവിടെ പറയും. നിങ്ങളെക്കുറിച്ചുള്ള സത്യവും ഞാൻ പറയു'മെന്നായിരുന്നു ഒരു ഹ്രസ്വ വീഡിയോ പ്രസ്താവനയിലൂടെയുള്ള നെതന്യാഹുവിൻ്റെ പ്രതികരണം. മിസ്റ്റർ മംദാനി നിങ്ങളെ ഓർത്ത് ലജ്ജിക്കണം. ഞങ്ങളുടെ ജനങ്ങളെ കൂട്ടക്കൊല ചെയ്ത ഹമാസിലെ ഭീകരരെ പിന്തുണയ്ക്കുന്നതിൽ ലജ്ജിക്കണം. ന്യൂയോർക്കിലെ ജൂതർക്കെതിരെ കലാപത്തിന് പ്രേരണ നൽകുന്നതിലും ലജ്ജിക്കണം' എന്നും നെതന്യാഹു പറഞ്ഞിരുന്നു.
'മറ്റേതൊരു ലോകനേതാവിനേക്കാളും കൂടുതൽ തവണ നെതന്യാഹു ഐക്യരാഷ്ട്രസഭയിൽ പ്രസംഗിച്ചിട്ടുണ്ടെ'ന്നായിരുന്നു കഴിഞ്ഞ ആഴ്ച നെതന്യാഹുവിന്റെ വക്താവ് ഡോറോൺ സ്പിൽമാൻ റോയിട്ടേഴ്സിനോട് പ്രതികരിച്ചത്. 'ഇസ്രയേലിനെക്കുറിച്ച് പല രാജ്യങ്ങളും സ്വീകരിച്ചിരിക്കുന്ന തെറ്റായ ആഖ്യാനത്തിനെതിരെ സത്യം അവതരിപ്പിക്കാൻ അദ്ദേഹം ഈ വേദി ഉപയോഗിക്കും' എന്നും സ്പിൽമാൻ വ്യക്തമാക്കിയിരുന്നു. 'ഇസ്രയേൽ പ്രധാനമന്ത്രിക്ക് ലോകത്തിന് മുന്നിൽ സത്യം അവതരിപ്പിക്കാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട വേദികളിലൊന്നാണിത്. അതാണ് ഞങ്ങളുടെ ലക്ഷ്യം. ആരെയും അദ്ദേഹം ഭയപ്പെടുന്നില്ല. മേയർ മംദാനിയെയും അദ്ദേഹം ഭയപ്പെടുന്നില്ല' എന്നും സ്പിൽമാൻ കൂട്ടിച്ചേർത്തിരുന്നു.
മംദാനിയുടെ പലസ്തീൻ അനുകൂല നിലപാടുകളും ഗാസയിലെ ഇസ്രയേലിന്റെ സൈനിക നടപടിക്കെതിരായ വിമർശനങ്ങളും ചൂണ്ടിക്കാട്ടി ചില റിപ്പബ്ലിക്കൻ പാർട്ടിയിലെ രാഷ്ട്രീയ എതിരാളികൾ അദ്ദേഹത്തിനെതിരെ ജൂതവിരുദ്ധത ആരോപണം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ജൂതവിരുദ്ധതയെ മംദാനി അപലപിച്ചിട്ടുണ്ട്. ഇസ്രയേലിനെതിരായ തന്റെ വിമർശനങ്ങളെ ജൂതവിരുദ്ധതയുമായി തെറ്റായി ബന്ധപ്പെടുത്തുകയാണെന്നുമായിരുന്നു മംദാനിയുടെ വിശദീകരണം.
ഇതേസമയം ഗാസയിലെ പലസ്തീനികൾക്കെതിരെ വംശഹത്യ നടത്തിയെന്ന ആരോപണം ഇസ്രയേൽ നിഷേധിച്ചിട്ടുണ്ട്. ഹമാസ് പോരാളികൾക്കെതിരെയാണ് തങ്ങൾ പോരാടുന്നതെന്നും സാധാരണക്കാരെ മനുഷ്യകവചമായി ഹമാസ് ഉപയോഗിക്കുന്നുവെന്നുമാണ് ഈ വിഷയത്തിൽ ഇസ്രയേലിൻ്റെ ആവർത്തിച്ചുള്ള ന്യായീകരണം.
Content Highlights: Israeli Prime Minister Benjamin Netanyahu has sharply criticised Zohran Mamdani, saying he will defend Israel’s military actions against Palestinians at the United Nations General Assembly