

പാലക്കാട്: പി കെ ശശിയെ ഉന്നമിട്ട് വീണ്ടും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍എന്‍ കൃഷ്ണദാസ്. എത്ര മുടിയനായ പുത്രനായാലും അമ്മയുടെ കുടിച്ച പാല്‍ വിഷമാണെന്ന് മാത്രം പറയരുതെന്ന് എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു. പല കാലങ്ങളില്‍ ഗൗരിയമ്മ ഉള്‍പ്പെടെ ഇത്തരത്തില്‍ പാര്‍ട്ടിയെ എതിര്‍ത്തുപോയിട്ടുണ്ട്. മരണപ്പെട്ടപ്പോഴും കിട്ടേണ്ട ആദരവോടെയാണ് ഗൗരിയമ്മയെ വലിയ ചുടുക്കാട്ടില്‍ സംസ്‌കരിച്ചത്. എല്ലാവരും ഓര്‍ത്തുവെച്ചാല്‍ മതിയെന്നും എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു.
'മറ്റുചിലര്‍ ഉണ്ട്. ഈ പാര്‍ട്ടിയില്‍ നിന്നും കിട്ടേണ്ടതെല്ലാം കിട്ടുകയും വാങ്ങേണ്ടതെല്ലാം വാങ്ങുകയും ചെയ്തവര്‍. അവസാന കഴുക്കോലും കിട്ടി അപ്പുറത്തേക്ക് പോവുകയും ഇപ്പുറത്തേക്ക് നോക്കി കൊഞ്ഞനം കാട്ടുകയും ചെയ്യുന്നവര്‍. എന്റെ കാലം വെറുതെ പോയെന്ന് ഒരു വിദ്വാന്‍ ഇവിടെ പ്രസംഗിച്ചതായി കേട്ടു. എത്ര ദുര്‍നടപ്പുകാരന്‍ ആയാലും അമ്മയുടെ കുടിച്ച പാല്‍ വിഷമാണെന്ന് പറയരുതെന്ന് മാത്രമാണ് പറയാനുള്ളത്. അത് മനുഷ്യത്വമില്ലായ്മയാണ്. അവന് കിട്ടിക്കോളും', എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു.
'പല കാലങ്ങളില്‍ പലരും ഇത്തരത്തില്‍ എതിര്‍ത്തുപോയിട്ടുണ്ട്. ഗൗരിയമ്മ ഉള്‍പ്പെടെ. മരിക്കുമ്പോള്‍ ആ കൊടി തന്നെ വേണമെന്നാണ് ഗൗരിയമ്മ വിഎസിനോട് പറഞ്ഞത്. ഗൗരിയമ്മ ആലപ്പുഴ പാര്‍ട്ടിയെ ഇതിനേക്കാള്‍ കൂടുതല്‍ അപഹസിച്ചതാണ്. മക്കളില്ലാത്ത ഗൗരിയമ്മയ്ക്ക് അവസാനകാലത്ത് എല്ലാ പരിചരണങ്ങളും ആലപ്പുഴയിലെ സിപിഐഎം പ്രവര്‍ത്തകരാണ് നല്‍കിയത്. മരണപ്പെട്ടപ്പോഴും കിട്ടേണ്ട ആദരവോടെയാണ് വലിയ ചുടുക്കാട്ടില്‍ സംസ്‌കരിച്ചത്. എല്ലാവരും ഓര്‍ത്തുവെച്ചാല്‍ മതി', എന്നായിരുന്നു എന്‍ എന്‍ കൃഷ്ണദാസിന്റെ പ്രസംഗം.
തങ്ങള്‍ തോറ്റു. തീര്‍ത്തുകളയാമെന്ന് വിചാരിക്കേണ്ട. ചെങ്കൊടി വലിച്ചുകേറ്റാന്‍ വട്ടമുള്ള മൂക്കിന്റെ തുളയുള്ളവര്‍ കേരളത്തില്‍ ജനിച്ചിട്ടില്ലയെന്നാണ് ഇ ഡിയോടും വി ഡിയോടും മോദിയോടും പറയാനുള്ളതെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
Content Highlights: CPIM state committee member NN Krishnadas has again made remarks targeting former party leader PK Sasi amid ongoing political developments in Palakkad