നെതന്യാഹുവിനെതിരായ അറസ്റ്റ് വാറണ്ട്: അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ ഉപരോധിക്കാൻ അമേരിക്ക; റിപ്പോർട്ട്

ഉപരോധം നടപ്പായാല്‍ കോടതിയുടെ സാമ്പത്തിക ഇടപാടുകളെയും ദൈനംദിന പ്രവര്‍ത്തനങ്ങളെയും ഇത് ബാധിച്ചേക്കും

നെതന്യാഹുവിനെതിരായ അറസ്റ്റ് വാറണ്ട്: അന്താരാഷ്ട്ര ക്രിമിനൽ  കോടതിയെ ഉപരോധിക്കാൻ അമേരിക്ക; റിപ്പോർട്ട്
dot image

വാഷിങ്ടണ്‍: അമേരിക്ക അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ (ഐസിസി) ഉപരോധിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രതികാര നടപടി. പ്രസിഡന്റിനും മുതിര്‍ന്ന അഭിഭാഷകനും എതിരെ ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഐസിസിയെ മൊത്തമായും ഉപരോധിക്കാന്‍ അമേരിക്ക തയാറെടുക്കുന്നതെന്നാണ് വിവരം. ഐസിസിയുടെ പണമിടപാടും ഐടി സേവനങ്ങളും ഉള്‍പ്പെടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഉപരോധം ബാധിക്കും. ഉപരോധം നടപ്പായാല്‍ കോടതിയുടെ സാമ്പത്തിക ഇടപാടുകളെയും ദൈനംദിന പ്രവര്‍ത്തനങ്ങളെയും ഇത് ബാധിച്ചേക്കും.

ആറ് മുതല്‍ ഏഴ് മാസം വരെ ഗ്രേസ് പിരീഡിന് ശേഷം ഐസിസിയുമായുള്ള ഭൂരിഭാഗം ഇടപാടുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്താനാണ് അമേരിക്ക നീങ്ങുന്നതെന്ന് 'ദി വാള്‍ സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്തു. വ്യക്തിഗത ജഡ്ജിമാരെയും പ്രോസിക്യൂട്ടര്‍മാരെയും ലക്ഷ്യമിടുന്നതിന് പകരം കോടതിയെ തന്നെ ലക്ഷ്യമിടുന്നതിലൂടെ സ്ഥാപനത്തിനെതിരായ അമേരിക്കയുടെ ഏറ്റവും വലിയ നടപടിയായിരിക്കും ഇത്.

ഉപരോധം ഉടന്‍ പ്രഖ്യാപിക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപരോധം ഏര്‍പ്പെടുത്തിയാല്‍ യുഎസ് ട്രഷറിയുടെ ലൈസന്‍സില്ലാതെ അമേരിക്കന്‍ പൗരന്മാരും കമ്പനികളും ഐസിസിയ്ക്ക് പണം, സാധനങ്ങള്‍, സേവനങ്ങള്‍ എന്നിവ നല്‍കുന്നത് വിലക്കപ്പെടും.

അമേരിക്കന്‍ ഉപരോധങ്ങളെ ബാങ്കുകളും മറ്റ് കമ്പനികളും സാധാരണയായി ഏറെ ജാഗ്രതയോടെയാണ് സമീപിക്കുന്നത്. അമേരിക്കന്‍ ധനകാര്യ സംവിധാനത്തിലേക്കുള്ള പ്രവേശനത്തെ ആശ്രയിച്ചാണ് പല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം എന്നതാണ് ഇതിന് കാരണം. സംഘടനയെ ഒന്നാകെ ലക്ഷ്യമിട്ടുള്ള ഉപരോധങ്ങള്‍ വിവരസാങ്കേതിക സേവനങ്ങളും ഇന്‍ഷുറന്‍സ് സേവനങ്ങളും വാങ്ങുന്നതിലും അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും അമേരിക്കന്‍ ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള പതിവ് പേയ്മെന്റുകള്‍ നടത്തുന്നതിലും തടസ്സമുണ്ടാക്കുമെന്ന് ഐസിസി പ്രസിഡന്റും രജിസ്ട്രാറും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ദേശീയ നിയമനടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ വംശഹത്യ, യുദ്ധക്കുറ്റങ്ങള്‍, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവ ആരോപിക്കപ്പെടുന്ന വ്യക്തികളെ വിചാരണ ചെയ്യുന്നതിനായി 2002ലാണ് ഐസിസി സ്ഥാപിതമായത്. 2025 ഫെബ്രുവരിയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ച എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒരു ഡസണിലധികം ഐസിസി ജഡ്ജിമാര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കും എതിരെ അമേരിക്ക ഇതിനകം തന്നെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: The United States is preparing broad sanctions against the International Criminal Court after its arrest warrant for Israeli Prime Minister Benjamin Netanyahu. The measures could restrict financial transactions, IT services and other dealings with the ICC. Reports say the sanctions may take effect after a six-to-seven-month grace period and would require US entities to obtain Treasury licences for permitted transactions

dot image
To advertise here,contact us
dot image