

ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ ഇന്ത്യയ്ക്ക് ചരിത്രത്തിലെ ആദ്യ മെഡല്‍ സമ്മാനിച്ച് സുചിക തരിയാല്‍. തിങ്കളാഴ്ച നടന്ന വനിതകളുടെ ട്രഡിഷണല്‍ 60 കിലോഗ്രാം സെമിഫൈനലില്‍ സിംഗപ്പൂരിന്റെ ഹുയി ഹൂണ്‍ ടീവിനോട് (2-0) പരാജയപ്പെട്ടെങ്കിലും താരം ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ ഉറപ്പിച്ചു. ഞായറാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മംഗോളിയയുടെ അല്‍താന്‍ചിമെഗ് ബൈഗല്‍മാവെയെ 2-0 ന് പരാജയപ്പെടുത്തിയാണ് 36-കാരിയായ സുചിക സെമിഫൈനലിലേക്ക് മുന്നേറിയത്. സെമിഫൈനലില്‍ പരാജയപ്പെടുന്ന ഇരു താരങ്ങള്‍ക്കും വെങ്കല മെഡല്‍ ലഭിക്കുമെന്നതിനാല്‍ സെമി പ്രവേശനം നേടിയതോടെ തന്നെ സുചിക മെഡല്‍ ഉറപ്പിച്ചിരുന്നു.
ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തിലാദ്യമായാണ് എംഎംഎ ഒരു മത്സര ഇനമായി ഉള്‍പ്പെടുത്തുന്നത്. അതിനാല്‍ തന്നെ ഈ വിഭാഗത്തില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. ജുഡോ, കുറാഷ്, ജിയു-ജിത്സു തുടങ്ങിയ പോരാട്ട കായിക ഇനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള സുചിക, തന്റെ കരിയറിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയാണ് ഈ വിജയത്തിലൂടെ സ്വന്തമാക്കിയത്.
ബോക്‌സിങ്ങില്‍ സുമിത് പ്രീക്വാര്‍ട്ടറില്‍
ഏഷ്യന്‍ ഗെയിംസ് ബോക്‌സിങ്ങില്‍ ഇന്ത്യയുടെ സുമിത് മിന്നുന്ന ജയത്തോടെ റൗണ്ട് ഓഫ് 16-ല്‍ പ്രവേശിച്ചു. പുരുഷന്മാരുടെ 70 കിലോഗ്രാം വിഭാഗത്തിലെ ആദ്യ പോരാട്ടത്തില്‍ തായ്ലന്‍ഡിന്റെ പീരപാത് സിന്‍സിരിയെയാണ് സുമിത് പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തില്‍ 5-0 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. റിങ്ങില്‍ കൃത്യമായ മുന്‍തൂക്കം നിലനിര്‍ത്തി കളിച്ച സുമിതിന് മുന്നില്‍ തായ് താരത്തിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല. റൗണ്ട് ഓഫ് 16 മത്സരത്തില്‍ ഉസ്ബെക്കിസ്ഥാന്റെ അസദ്ഖൂജ മുയിദിന്‍ഖൂജയേവാണ് സുമിതിന്റെ അടുത്ത എതിരാളി.
content highlights: Asian Games: Suchika Tariyal Creates History with Bronze Medal in Women's MMA