

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് കൂടുതൽ സൗകര്യമൊരുക്കി അൽഹിന്ദ് ഗ്ലോബൽ സർവീസസ്. പ്രവൃത്തി ദിവസങ്ങളിലെ തിരക്കുകൾ കാരണം പാസ്‌പോർട്ട് കൈപ്പറ്റാൻ ബുദ്ധിമുട്ടുന്നവർക്കായി രാജ്യത്തെ 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലും (ഐസിഎസി) ഞായറാഴ്ച പ്രത്യേക പാസ്‌പോർട്ട് വിതരണ കൗണ്ടർ ആരംഭിച്ചു. പുതിയ സേവനം ആയിരക്കണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറഞ്ഞു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് പുതിയ സേവനം ലഭ്യമാകുക. ജോലി സമയങ്ങളിൽ പാസ്‌പോർട്ട് നേരിട്ട് വാങ്ങാൻ കഴിയാത്തവർക്കും കൊറിയർ സേവനം ക്രമീകരിക്കാൻ ബുദ്ധിമുട്ടുന്നവർക്കും ഇത് ആശ്വാസമാകുമെന്നും അധികൃതർ പറഞ്ഞു.
പാസ്‌പോർട്ട് പുതുക്കൽ, രേഖകൾ സാക്ഷ്യപ്പെടുത്തൽ ഉൾപ്പെടെയുള്ള ഇന്ത്യൻ കോൺസുലർ സേവനങ്ങൾ ജൂലൈ മുതൽ അൽഹിന്ദാണ് കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ വർഷം നവംബറിൽ കരാർ നേടിയിരുന്നെങ്കിലും നിയമപരമായ തർക്കങ്ങളെ തുടർന്ന് സേവനങ്ങൾ ആരംഭിക്കുന്നത് വൈകുകയായിരുന്നു. കരാർ നടപടികളുടെ സുതാര്യതയും നിയമസാധുതയും ചോദ്യം ചെയ്ത് നൽകിയ ഹർജികളെ തുടർന്നുണ്ടായ നിയമപോരാട്ടത്തിനിടയിൽ 15 വർഷത്തിനിടെ ആദ്യമായി യുഎഇയിലെ ഇന്ത്യൻ മിഷനുകൾ നേരിട്ട് കോൺസുലർ സേവനങ്ങൾ കൈകാര്യം ചെയ്തിരുന്നു.
ഇതുമൂലം നിരവധി പ്രവാസികൾക്ക് രേഖകൾ ലഭിക്കുന്നതിൽ കാലതാമസം നേരിടുകയും നീണ്ട നിരകളിൽ കാത്തുനിൽക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ജൂലൈ 22-ന് സേവനങ്ങൾ ആരംഭിച്ചപ്പോൾ ഉണ്ടായിരുന്ന മുഴുവൻ ബാക്ക്‌ലോഗുകളും ഇപ്പോൾ തീർപ്പാക്കിയതായി അൽഹിന്ദ് അറിയിച്ചിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും അപ്പോയിന്റ്മെന്റുകൾ ലഭ്യമാണെന്നും പ്രവർത്തനങ്ങൾ സുഗമമായ രീതിയിൽ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
അപേക്ഷാ ഫോമുകൾ പൂരിപ്പിക്കൽ, ഫോട്ടോ എടുക്കൽ, ഫോട്ടോക്കോപ്പി, കൊറിയർ ക്രമീകരണം എന്നിവ ഉൾപ്പെടെ എല്ലാ അടിസ്ഥാന സേവനങ്ങൾക്കും 19 ദിർഹം എന്ന ഏകീകൃത നിരക്കാണ് അൽഹിന്ദ് ഈടാക്കുന്നത്. ഇതോടെ അപേക്ഷകർക്ക് പുറത്തുള്ള ഏജൻസികളെ ആശ്രയിക്കേണ്ട സാഹചര്യം കുറയുമെന്നും അധികൃതർ പറഞ്ഞു. അപ്പോയിന്റ്മെന്റുകൾ വെബ്സെെറ്റ് വഴി ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യവും അൽഹിന്ദ് നൽകുന്നു. തിങ്കൾ മുതൽ ശനി വരെ ദിവസവും രാവിലെ 9 മണിക്കും രാത്രി 9 മണിക്കും പുതിയ സ്ലോട്ടുകൾ തുറക്കും.
യുഎഇയിലെ 16 അൽഹിന്ദ് കേന്ദ്രങ്ങളും രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും. നിശ്ചയിച്ച സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ അപേക്ഷകർക്ക് കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു എന്ന് അധികൃതർ പറഞ്ഞു. ബുർ ദുബായ് കേന്ദ്രത്തിൽ 45 കൗണ്ടറുകൾ പ്രവർത്തിക്കുന്നതിനാൽ കാത്തിരിപ്പ് സമയം ഗണ്യമായി കുറയുമെന്നും അധികൃതർ അറിയിച്ചു.
Content Highlights: Indian expatriates in the UAE can now access passport and consular services on Sundays as Alhind expands its services across all 16 Indian Consular Application Centres in the country.