

ഖാര്‍ത്തൂം: വടക്ക് കിഴക്കന്‍ സുഡാനില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ മുപ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ സുഡാനിലെ രണ്ടാമത്തെ ഖനിയിലാണ് അപകടം റിപ്പോര്‍ട്ട് ചെയ്യുന്നത്. അവിശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. സുഡാനില്‍ ഉടനീളമുള്ള ആയിരത്തോളം ചെറുകിട ഖനികളിലൊന്നിലാണ് വീണ്ടും അപകടം സംഭവിച്ചിരിക്കുന്നത്. സംഭവത്തില്‍ ഖനി അധികൃതരും പ്രതികരിച്ചിട്ടുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തത് കൊണ്ടാണ് സുഡാനിലെ ഖനികളില്‍ അപകടങ്ങള്‍ സ്ഥിരം സംഭവമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസവേതനത്തില്‍ നിരവധി യുവാക്കളാണ് ഇവിടെ ജോലി ചെയ്തിരുന്നതെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ പറയുന്നു. ഖനനത്തിനായി മതിയായ ഉപകരണങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും കൈകളും ഷവലുകളും പിക്കാസുകളും ഉപയോഗിച്ചാണ് ഇവിടെ ഖനന പ്രവൃത്തികള്‍ നടന്നതെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാസവസ്തുക്കളില്‍ നിന്നുള്ള വിഷബാധയും ഇത്തരം അപകടങ്ങളും ഖനികളിലെ തൊഴിലാളികളുടെ ജീവനെടുക്കുന്നത് സ്ഥിരംസംഭവമാണെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ ഖനിയിലെ തൊഴിലാളികള്‍ ആരോപിക്കുന്നു.
2023 ഏപ്രില്‍ മുതല്‍ സുധാന്‍ സേനയും പാരാമിലിറ്ററി റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസും(ആര്‍എസ്എഫ്) തമ്മില്‍ രാജ്യത്ത് യുദ്ധം തുടരുകയാണ്. 59,000ത്തോളം പേരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്ന വിവരം. എന്നാല്‍ ഈ എണ്ണം പതിന്മടങ്ങായിരിക്കുമെന്നാണ് പ്രദേശത്തെ സന്നദ്ധ സംഘടനങ്ങള്‍ അവകാശപ്പെടുന്നത്. ആര്‍എസ്എഫിന്റെ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് വലിയ തോതില്‍ രാജ്യത്തിന് പുറത്തേക്ക് സ്വര്‍ണക്കള്ളക്കടത്ത് നടക്കുന്നുണ്ട്. സ്വര്‍ണ ഉത്പാദന കേന്ദ്രങ്ങളായ ദാര്‍ഫുര്‍, കോര്‍ദോഫാന്‍ പ്രദേശങ്ങള്‍ ആര്‍എസ്എഫിന്റെ കീഴിലാണെന്ന് യുഎന്‍ നിയോഗിച്ച വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച പടിഞ്ഞാറന്‍ സുഡാനിലെ മറ്റൊരു സ്വര്‍ണഖനിയിലുണ്ടായ അപകടത്തില്‍ 82 പേരാണ് കൊല്ലപ്പെട്ടത്.
Content Highlights: A gold mine collapse in Sudan has resulted in the loss of 11 workers. Rescue operations are continuing at the site as authorities work to respond to the incident.