

ഏഷ്യന്‍ ഗെയിംസ് പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ ഹിമാന്‍ഷു ധില്ലന്‍ വെള്ളി മെഡലും രുദ്രാങ്ക്ഷ് പാട്ടീല്‍ വെങ്കല മെഡലും സ്വന്തമാക്കി. തിങ്കളാഴ്ച നടന്ന് ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ ചൈനയുടെ ഷെങ് ലിഹാ ഓപ്പണ്‍ സ്വര്‍ണം നേടി. ആദ്യ സീരീസില്‍ 52.8 പോയിന്റോടെ മികച്ച തുടക്കം കുറിച്ച രുദ്രാങ്ക്ഷ്, രണ്ടാം സീരീസില്‍ 53.2 പോയിന്റോടെ മുന്നേറ്റം വര്‍ധിപ്പിച്ച് 1.1 പോയിന്റിന്റെ വ്യക്തമായ ലീഡ് നേടി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.
ഹിമാന്‍ഷുവും മികച്ച പ്രകടനം പുറത്തെടുത്ത് രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയതോടെ മെഡല്‍ പോരാട്ടം കനത്തു. 12 ഷോട്ടുകള്‍ക്ക് ശേഷം 127.4 പോയിന്റോടെ രുദ്രാങ്ക്ഷ് ഒന്നാമതും, 126.6 പോയിന്റോടെ ഹിമാന്‍ഷു രണ്ടാമതും, 126.3 പോയിന്റോടെ ഷെങ് മൂന്നാമതുമായിരുന്നു. മധ്യഘട്ടത്തില്‍ കടുത്ത പോരാട്ടമാണ് നടന്നത്. 16 ഷോട്ടുകള്‍ക്ക് ശേഷം 168.8 പോയിന്റോടെ ഷെങ് ഒന്നാമതെത്തി. എന്നാല്‍ 168.6 പോയിന്റോടെ രുദ്രാങ്ക്ഷും ഹിമാന്‍ഷുവും രണ്ടാം സ്ഥാനം പങ്കിട്ടു.
തുടര്‍ന്ന് 10.9 എന്ന മികച്ച ഷോട്ടുമായി ഹിമാന്‍ഷു രുദ്രാങ്ക്ഷിന് തൊട്ടുപിന്നിലെത്തിയെങ്കിലും, അടുത്ത ഷോട്ടില്‍ 9.8 പോയിന്റ് മാത്രം നേടിയതോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എങ്കിലും അടുത്ത ഷോട്ടില്‍ 10.6 പോയിന്റ് നേടി താരം മത്സരത്തിലേക്ക് തിരിച്ചെത്തി. 20 ഷോട്ടുകള്‍ക്ക് ശേഷം ചൈനീസ് താരം ഒരു പോയിന്റിന്റെ ലീഡ് നിലനിര്‍ത്തി. ഈ സമയം 210.6 പോയിന്റോടെ രുദ്രാങ്ക്ഷ് രണ്ടാമതും 210.0 പോയിന്റോടെ ഹിമാന്‍ഷു മൂന്നാമതുമായിരുന്നു.
ഫൈനലിന്റെ അവസാന ഘട്ടം നാടകീയമായ നിമിഷങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. 22 ഷോട്ടുകള്‍ക്ക് ശേഷം 230.9 പോയിന്റ് നേടിയ രുദ്രാങ്ക്ഷ് പുറത്തായി. തൊട്ടുമുമ്പത്തെ ഷോട്ടിലെ 9.7 പോയിന്റാണ് താരത്തിന് തിരിച്ചടിയായത്. ഹിമാന്‍ഷുവിനേക്കാള്‍ (231.0) വെറും 0.1 പോയിന്റ് കുറവായതിനാല്‍ രുദ്രാങ്ക്ഷിന് വെങ്കല മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തുടര്‍ന്ന് സ്വര്‍ണ മെഡലിനായുള്ള അവസാന പോരാട്ടത്തില്‍ ഹിമാന്‍ഷു ഷെങ്ങിനെ നേരിട്ടു. അവസാന ഷോട്ടില്‍ ഇരുതാരങ്ങളും 10.6 പോയിന്റ് വീതം നേടിയെങ്കിലും, ആകെ 233.0 പോയിന്റോടെ ഷെങ് സ്വര്‍ണം നേടി. 231.0 പോയിന്റോടെ ഹിമാന്‍ഷു വെള്ളി സ്വന്തമാക്കി. ഇതോടെ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യ വെള്ളിയും വെങ്കലവും നേടി ഇരട്ട നേട്ടം കൈവരിച്ചു.
മറ്റു മത്സരങ്ങളിലെ ഇന്ത്യന്‍ പ്രകടനം
സോഫ്റ്റ് ടെന്നീസ്
മിക്‌സഡ് ഡബിള്‍സ് ഗ്രൂപ്പ് ബിയില്‍ ഇന്ത്യയുടെ ആദ്യ തിവാരി - ജയ് മീന സഖ്യം കംബോഡിയയുടെ വിവ ചാവോ - ചാന്റോസെക ഖുന്‍ സഖ്യത്തെ 5-0 ന് പരാജയപ്പെടുത്തി. മംഗോളിയയുടെ ബുഡ് നിയാംഡോര്‍ജ് - എന്‍ഖ്ഖുസ്ലെന്‍ ഗാന്‍ബാതര്‍ സഖ്യത്തെയും അവര്‍ തോല്‍പ്പിച്ചു. എന്നാല്‍ ദക്ഷിണ കൊറിയയുടെ കിം യോണ്‍-ഹ്വ - ജെയ്ക്യു പാര്‍ക്ക് സഖ്യത്തോട് പരാജയപ്പെട്ടു. തോല്‍വി നേരിട്ടെങ്കിലും ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ഇന്ത്യന്‍ ജോഡി റൗണ്ട് ഓഫ് 16-ലേക്ക് യോഗ്യത നേടി.
ഷൂട്ടിങ് ടീം ഇനം
രുദ്രാങ്ക്ഷ് പാട്ടീല്‍, പാര്‍ത്ഥ് മാനെ, ഹിമാന്‍ഷു ധില്ലന്‍ എന്നിവരടങ്ങിയ സംഘം പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ വെള്ളി മെഡല്‍ നേടി. 1890.1 പോയിന്റോടെയാണ് ഇന്ത്യ രണ്ടാമതെത്തിയത്. 1899.0 പോയിന്റോടെ ചൈന സ്വര്‍ണ്ണവും 1841.4 പോയിന്റോടെ ദക്ഷിണ കൊറിയ വെങ്കലവും നേടി. 2026 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്; മൂന്നും ഷൂട്ടിംഗില്‍ നിന്നുള്ള വെള്ളി മെഡലുകളാണ്.
നീന്തല്‍
പുരുഷന്മാരുടെ 50 മീറ്റര്‍ ബാക്ക്സ്‌ട്രോക്ക് ഫൈനലിലേക്ക് ശ്രീഹരി നടരാജ് യോഗ്യത നേടി. എന്നാല്‍ ഋഷഭ് ദാസ് റിസര്‍വ് താരമായി. അതേസമയം, പുരുഷന്മാരുടെ 50 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ഫൈനലില്‍ പ്രവേശിക്കാന്‍ മണി ആകാശിനും ഗിതേഷ് ഷായ്ക്കും സാധിച്ചില്ല. 100 മീറ്റര്‍ ബ്രസ്റ്റ്സ്‌ട്രോക്കില്‍ ധനുഷ് സുരേഷും പുറത്തായി.
content highlights: Asian Games: 'Double Medal' Triumph for India in 10m Air Rifle Event