ഹോര്‍മുസ് യുഎസ് പ്രദേശമാക്കുമെന്ന് ട്രംപ്; നിയന്ത്രണം ഇറാന് തന്നെയെന്ന് മറുപടി

ഇറാനുമായുള്ള സംഘര്‍ഷം കനക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്

ഹോര്‍മുസ് യുഎസ് പ്രദേശമാക്കുമെന്ന് ട്രംപ്; നിയന്ത്രണം ഇറാന് തന്നെയെന്ന് മറുപടി
dot image

വാഷിങ്ടണ്‍/ തെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്ക് അമേരിക്കന്‍ പ്രദേശമാക്കി മാറ്റുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായുള്ള സംഘര്‍ഷം കനക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ വെച്ച് തന്റെ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. തന്ത്രപ്രധാനമായ ജലപാതയുടെ അവകാശം ഉടന്‍ യുഎസ് ഏറ്റെടുക്കുമെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.

'ഇറാനെ പൂര്‍ണമായും പരാജയപ്പെടുത്തിയതിന് ശേഷം, ഹോര്‍മുസ് കടലിടുക്കിനെ യുഎസിന്റെ പ്രദേശമായി പ്രഖ്യാപിക്കും', ട്രംപ് പറഞ്ഞു. അതേസമയം തങ്ങളുടെ അനുവാദമില്ലാതെ ഹോര്‍മുസിലൂടെ ഒരു കപ്പല്‍ പോലും കടന്നുപോകില്ലെന്ന് ഇറാന്‍ മറുപടി നല്‍കിയിട്ടുണ്ട്. യുദ്ധത്തിന് മുമ്പ് ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം സമാധാനപരമായി നടന്നുവരികയായിരുന്നു. നിലവില്‍ ഇറാനും യുഎസുമായുള്ള വെടിനിര്‍ത്തല്‍ യോഗങ്ങളില്‍ പ്രധാന ചര്‍ച്ചാവിഷയം ഇതാണ്.

ഹോര്‍മുസ് നിയന്ത്രണം ഇറാന് തന്നെയെന്ന് ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസിം ഗരീദാബാദും പ്രതികരിച്ചിട്ടുണ്ട്. ഹോര്‍മുസില്‍ ഇറാന്‍ ഉപരോധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ സൈന്യവും തമ്മിൽ വാക്‌പോരും രൂക്ഷമായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം ഹോർമുസിൽ യുഎഇ കപ്പലിന് നേരെയുണ്ടായ ആക്രമണം അബുദാബി നാഷണല്‍ ഓയില്‍ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നാലെ ആഗോള എണ്ണവില വര്‍ധിച്ചു. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 88.52 ഡോളറായാണ് ഉയര്‍ന്നത്.

ഓഗസ്റ്റ് 13 ന് വൈകുന്നേരം രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണുണ്ടായതായി ഓയിൽ കമ്പനിയായ അഡ്‌നോകും സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ചയാണ് അഡ്‌നോക്കിന്റെ രണ്ട് കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണമുണ്ടായത്. സംഭവത്തിൽ ആളപായമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും കമ്പനി അറിയിച്ചു. ഓഗസ്റ്റ് 8-നും അഡ്‌നോക് കപ്പലിന് നേരെ ആക്രമണം നടന്നിരുന്നു. മേഖലയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആക്രമിക്കപ്പെട്ട അഡ്‌നോക് കപ്പലുകളുടെ ആകെ എണ്ണം ഇതോടെ 17 ആയി ഉയർന്നു. ആക്രമണങ്ങളിൽ ഇതുവരെ ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Content Highlights: Donald Trump has stated that the Strait of Hormuz could be made a US territory. Iran has responded by asserting that control of the strategic waterway remains with Iran. The remarks come amid tensions surrounding the strategically important Strait of Hormuz.

dot image
To advertise here,contact us
dot image