

തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, നടന്‍ എന്നീ നിലകളിലൊക്കെ തിളങ്ങിയിട്ടുള്ള നടനാണ് പി. ശ്രീകുമാര്‍. ബിഗ്സ്ക്രീനില്‍ മാത്രമല്ല ടെലിവിഷന്‍ സ്ക്രീനിലടക്കം തിളങ്ങി നില്‍ക്കുന്ന താരം 150 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അച്ചുവിന്റെ 'അമ്മ എന്ന സിനിമയിലെ കഥാപാത്രമാണ് ശ്രീകുമാറിന്റെ കരിയറിൽ ശ്രദ്ധ നേടിയത്. മോഹൻലാലിനോടും മമ്മൂട്ടിയോടും അടുത്ത സൗഹൃദം പുലർത്തുന്ന ഇദ്ദേഹം ഇരുവരെയും കുറിച്ചു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
'മമ്മൂട്ടിയുടെ അടുത്താണോ മോഹന്‍ലാലിന്റെ അടുത്താണോ കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍, അതെനിക്ക് മമ്മൂട്ടിയുടെ അടുത്തല്ലേ വരാന്‍ പാടുള്ളൂ. ആ ചോദ്യം എന്നോട് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. എന്റെ ജീവിതം വഴി തിരിച്ചുവിട്ട ആളാണ് മമ്മൂട്ടി. എങ്കിലും മോഹന്‍ലാല്‍ എന്റെ സ്വന്തം അനിയനെ പോലെയാണ്. അയാള്‍ എന്റെ ഒപ്പം നല്ല രീതിയില്‍ സഹകരിക്കുകയും എന്നെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന ആളാണ്.
ഞാനും മോഹന്‍ലാലും തമ്മില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യും. അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കാന്‍ പോയാല്‍ എനിക്ക് ഇത് വരെയേ പോകാവൂ എന്നൊരു അതിര്‍ത്തിയില്ല. എവിടെ ഇരിക്കുമ്പോഴും എങ്ങനെ ഇരിക്കുമ്പോഴും എന്നെ വിളിച്ച് ലാലിന്റെ അടുത്തിരുത്തും. പൂര്‍ണമായും സ്‌നേഹവും സ്വാതന്ത്ര്യവും അദ്ദേഹം തരാറുണ്ട്. മകളുടെ കല്യാണ സമയത്ത് മോഹൻലാൽ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്,' ശ്രീകുമാര്‍ പറഞ്ഞു.
തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് താങ്ങായി നിന്നത് മമ്മൂട്ടിയാണെന്നും താൻ ഇന്ന് കാണുന്ന നിലയിലെത്താൻ കാരണക്കാരനായത് മമ്മൂട്ടിയാണെന്നും ശ്രീകുമാർ പറഞ്ഞിരുന്നു. ‘ആദ്യത്തെ രണ്ട് സിനിമയെടുത്ത് സാമ്പത്തികമായി തകർന്ന് നില്‍ക്കുകയായിരുന്നു. പിടിച്ചു നില്‍ക്കാൻ കമേഴ്ഷ്യല്‍ സിനിമ എടുത്താലേ ഉള്ളൂ എന്നുള്ള അവസ്ഥയിലായി. വാടക വീട്ടിലൊക്കെ കഴിയുകയായിരുന്നു. അപ്പോഴാണ് ഈ വിവരങ്ങളൊക്കെ അറിഞ്ഞിട്ട് മമ്മൂട്ടി വിളിച്ചിട്ട് ഞാൻ ഒരു ഡേറ്റ് തരാം ഒരു പടം ചെയ്യു എന്ന് പറയുന്നത് (വിഷ്ണു എന്ന സിനിമ). അയാളാണ് എല്ലാം സംഘടിപ്പിച്ചത്, നമ്മളെ രക്ഷപ്പെടുത്തിയത് അയാളാണ് .
അയാളുടെ ഉദ്ദേശം എന്ന് വെച്ചാല്‍ ഇതില്‍ നിന്ന് കുറച്ച് കാശ് കിട്ടി അയാള്‍ ഒരു വീട് ഉണ്ടാക്കട്ടെയെന്നായിരുന്നു. അതില്‍ നിന്ന് രക്ഷപ്പെട്ട് വരട്ടെ എന്ന് വിചാരിച്ചിട്ടാണ് അയാള്‍ അത് ചെയ്തത്. അത് അയാള്‍ ഉദ്ദേശിച്ചത് പോലെ തന്നെ സംഭവിച്ചു. നമ്മള്‍ തിരിച്ചു വരികയും ചെയ്തു.
ആ സിനിമയുടെ മമ്മൂട്ടിയെ തൂക്കി കൊല്ലുന്നയിടത്ത് അവസാനം ഒരു അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. എന്നാലും അത് രക്ഷപ്പെട്ടു പോയി. അതില്‍ നിന്നാണ് ഞാൻ പിന്നെ അഭിനയത്തിലേക്ക് തിരിയുന്നതും കാശ് ഉണ്ടാക്കുന്നതും നഷ്ടപ്പെട്ട വസ്തുക്കളൊക്കെ വാങ്ങിക്കുകയും ചെയ്യുന്നത്. എന്നെ സംബന്ധിച്ച് യേശുക്രിസ്തു ജനിച്ചു വന്ന് തലയില്‍ തൊട്ട് അനുഗ്രഹിക്കില്ലേ, അതായിരുന്നു മമ്മൂട്ടി. വേണ്ട സമയത്തൊക്കെ മമ്മൂട്ടി സഹായം ചെയ്തിട്ടുണ്ട്,' ശ്രീകുമാർ കൂട്ടിച്ചേർത്തു.
Content Highlights: Actor P. Sreekumar has revealed that he prefers Mammootty over Mohanlal. Explaining his choice, Sreekumar shared the reason behind his preference and spoke about the qualities he appreciates in Mammootty as an actor.