മിസൈൽ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ നീക്കം; ബോയിങ്ങുമായും RTXമായും കരാർ പ്രഖ്യാപിച്ച് പെന്റഗൺ

ഹോർമോസ്ഗാൻ പ്രവിശ്യയിൽ എംക്യു-9 ഡ്രോൺ തകർത്തതായി ഇറാൻ അവകാശപ്പെട്ടു

മിസൈൽ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ നീക്കം; ബോയിങ്ങുമായും RTXമായും കരാർ പ്രഖ്യാപിച്ച് പെന്റഗൺ
dot image

വാഷിങ്ടൺ: മിസൈൽ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ ബോയിങ്ങുമായും ആർറ്റിഎക്സുമായും കരാർ പ്രഖ്യാപിച്ച് പെന്റഗൺ. എസ്എം-3 ബ്ലോക്ക് IIഎ, എസ്എം-3 ബ്ലോക്ക് Iബി മിസൈൽ ഇന്റർസെപ്റ്ററുകളുടെ ഘടകങ്ങളുടെ ഉത്പ്പാദനം വർധിപ്പിക്കുന്നതിനായി ബോയിങ്ങുമായും ആർറ്റിഎക്സുമായും കരാാറുകളുടെ ചട്ടക്കൂട് തയ്യാറായായെന്നാണ് അമേരിക്കൻ പ്രതിരോധ മന്ത്രാലയമായ പെന്റഗൺ അറിയിച്ചിരിക്കുന്നത്. അമേരിക്കയുടെ ഏജിസ് ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ പ്രധാന ഘടകമായ കപ്പലുകളിൽ നിന്ന് വിക്ഷേപിക്കുന്ന ഈ ഇന്റർസെപ്റ്ററുകളുടെ ഉൽപ്പാദന ശേഷി കരാറിലൂടെ കൂടുതൽ ശക്തിപ്പെടുമെന്നും പെന്റഗൺ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇറാനുമായുള്ള അഞ്ചുമാസത്തോളമായി തുടരുന്ന യുദ്ധത്തെ തുടർന്ന് അമേരിക്കയുടെ ആയുധശേഖരം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ വെടിക്കോപ്പുകളുടെ ശേഖരം പുനർനിർമിക്കാൻ പ്രതിരോധ വ്യവസായം ഉൽപ്പാദനം വേഗത്തിലാക്കണമെന്ന് പെന്റഗൺ നേരത്തെ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ തള്ളി വെടിക്കോപ്പുകൾക്ക് ക്ഷാമമില്ലെന്നായിരുന്നു വൈറ്റ് ഹൗസിൻ്റെ നിലപാട്.

ഇതിനിടെ ഇറാൻ്റെ മിസൈൽ ശേഷി തകർക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടെന്ന് വ്യക്തമാക്കി ഇറാന്റെ ഗാർഡിയൻ കൗൺസിൽ ആൻഡ് അസംബ്ലി ഓഫ് എക്സ്പേർട്സ് അംഗമായ അഹ്മദ് ഖാതമി രംഗത്ത് വന്നു. 'ഇറാനെ ശിലായുഗത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനായിരുന്നു ശത്രുക്കളുടെ ലക്ഷ്യം. എന്നാൽ അമേരിക്കൻ സർക്കാരിന് നാഗരികതയെയും ജനാധിപത്യത്തെയും കുറിച്ച് യാതൊരു ധാരണയുമില്ലെന്നും പഴയ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന രീതിയിലാണ് അമേരിക്ക പെരുമാറുന്നതെന്നും ലോകം ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്നു' എന്നായിരുന്നു ഇറാനിയൻ ടെലിവിഷനോടുള്ള അഹമ്മദ് ഖാതമിയുടെ പ്രതികരണം. അമേരിക്കയും ഇസ്രായേലും ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചിട്ടും രാജ്യത്തിന്റെ ആണവ ശേഷി നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഞങ്ങളുടെ ആണവ ശക്തി രാജ്യത്തെ ശാസ്ത്രജ്ഞരുടെയും ആണവ വിജ്ഞാനത്തിന്റെയും കരുത്താണ് എന്നും ഖാതമി കൂട്ടിച്ചേർത്തു.

ഇതിനിടെ ഹോർമോസ്ഗാൻ പ്രവിശ്യയിൽ എംക്യു-9 ഡ്രോൺ തകർത്തതായി ഇറാൻ്റെ അവകാശവാദം. ഹോർമോസ്ഗാൻ പ്രവിശ്യയിൽ എംക്യു-9 റീപ്പർ ഡ്രോൺ ഇറാനിയൻ സേന വെടിവെച്ച് തകർത്തതായാണ് സർക്കാർ ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നത്. ഐആർജിസിയുടെ പുതിയ അത്യാധുനിക പ്രതിരോധ സംവിധാനമാണ് ഡ്രോൺ തകർത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. എംക്യു-9 റീപ്പർ ഡ്രോണുകൾ വർഷങ്ങളായി പശ്ചിമേഷ്യയിൽ ബോംബാക്രമണങ്ങൾക്കും നിരീക്ഷണ ദൗത്യങ്ങൾക്കും ഉപയോഗിച്ചുവരുന്നതാണ്. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം അമേരിക്കയ്ക്ക് ഡസൻ കണക്കിന് എംക്യു-9 ഡ്രോണുകൾ നഷ്ടമായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇതിനിടെ തുർക്കി അതിർത്തി വഴിയുള്ള ഇറാന്റെ കയറ്റുമതി 300 ശതമാനത്തോളം ഉയർന്നതായുള്ള റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. ഇറാനിലെ ഖോയെയും തുർക്കിയിലെ കാപികോയെയും ബന്ധിപ്പിക്കുന്ന റാസി അതിർത്തി വഴി ഇറാന്റെ കയറ്റുമതി ഈ വർഷത്തെ ആദ്യ നാല് മാസങ്ങളിൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 300 ശതമാനം വർധിച്ചതായി അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. 440,000 ടൺ ഭാരം വരുന്ന 217 ദശലക്ഷം ഡോളർ മൂല്യമുള്ള ചരക്കുകളാണ് യൂറോപ്പിലേക്ക് റെയിൽ മാർഗമുള്ള രാജ്യത്തിന്റെ ഏക അതിർത്തിയായ റാസി വഴി കയറ്റുമതി ചെയ്തതെന്നാണ് റാസി കസ്റ്റംസ് ഓഫീസിന്റെ ചുമതലയുള്ള മേധാവി അലി-അസ്ഗർ അബ്ദുല്ലാഹിയെ ഉദ്ധരിച്ച് ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. ഈ കാലയളവിൽ 8,975 ചരക്ക് വാഗണുകൾ അതിർത്തി കടന്നതായും ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 205 ശതമാനം വർധനയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിർത്തിയിലെ കസ്റ്റംസ് വരുമാനം ഏകദേശം 800 ശതമാനം ഉയർന്നതായും 652 ബില്യൺ ഇറാനിയൻ റിയാലിലധികം കസ്റ്റംസ് വരുമാനം സമാഹരിച്ചതായും അബ്ദുല്ലാഹി കൂട്ടിച്ചേർത്തു.

Content Highlights: The Pentagon has announced framework agreements with Boeing and RTX to increase production of SM-3 missile interceptors, strengthening the Aegis Ballistic Missile Defence System and boosting US defence manufacturing.

dot image
To advertise here,contact us
dot image