കാപ്പാ കേസ് പ്രതിയെ സംരക്ഷിക്കാൻ ധൃതിപിടിച്ച് നിയമവിരുദ്ധ ഉത്തരവുകൾ ഇറക്കി: വി ശിവൻകുട്ടി

ഓഗസ്റ്റ് 18-ന് തദ്ദേശ വകുപ്പും 20-ന് ആഭ്യന്തര വകുപ്പും വിചിത്രമായ ഉത്തരവുകളിറക്കിയെന്നും ശിവൻകുട്ടി

കാപ്പാ കേസ് പ്രതിയെ സംരക്ഷിക്കാൻ ധൃതിപിടിച്ച് നിയമവിരുദ്ധ ഉത്തരവുകൾ ഇറക്കി: വി ശിവൻകുട്ടി
dot image

തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട
തദ്ദേശ, ആഭ്യന്തര വകുപ്പുകളുടെ ഉത്തരവുകള്‍ നിയമവിരുദ്ധമെന്ന് സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ വി ശിവന്‍കുട്ടി. കാപ്പാ കേസ് പ്രതിയെ സംരക്ഷിക്കാന്‍ ധൃതിപിടിച്ച് നിയമവിരുദ്ധ ഉത്തരവുകള്‍ ഇറക്കിയെന്ന് അദ്ദേഹം ആരോപിച്ചു.

ഓഗസ്റ്റ് 18-ന് തദ്ദേശ വകുപ്പും 20-ന് ആഭ്യന്തര വകുപ്പും വിചിത്രമായ ഉത്തരവുകളിറക്കി. മന്ത്രി അറിയാതെയാണ് ഉത്തരവെങ്കില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. തുടര്‍ച്ചയായി മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നിട്ടും കോര്‍പ്പറേഷന്‍ സെക്രട്ടറി സുഗതനെ സഹായിച്ചു.

സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ടാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നു. പ്രതിയെ സഹായിക്കുന്ന നിലപാടില്‍ മുസ്ലിം ലീഗും ശബരീനാഥനും മറുപടി പറയണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു. തദ്ദേശ വകുപ്പ് ആദ്യം ഇടപെട്ട ഈ വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എസ്‌കോര്‍ട്ട് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുഗതന്‍ നല്‍കിയ കത്തിന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വേണ്ടി അണ്ടര്‍ സെക്രട്ടറി കൊടുത്ത മറുപടിയായിരുന്നു വിവാദമായത്. പരോള്‍ അനുവദിക്കണമെന്ന ആവശ്യം തള്ളിയെങ്കിലും അയോഗ്യത ഒഴിവാക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് മറുപടിയില്‍ വിശദീകരിച്ചിരുന്നു. കൗണ്‍സില്‍ യോഗത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കില്ലെങ്കില്‍ അയോഗ്യത വരാതിരിക്കാന്‍ ജയില്‍ സൂപ്രണ്ട് മുഖേന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലിന് അവധി അപേക്ഷ സമര്‍പ്പിക്കാന്‍ അനുവാദമുണ്ടെന്ന് കത്തില്‍ പറഞ്ഞിരുന്നു.

മുനിസിപ്പാലിറ്റി ആക്ട് അനുസരിച്ച് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അവധി അപേക്ഷ വോട്ടിനിട്ട് അംഗീകരിക്കുകയാണെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനം അയോഗ്യതയില്‍ നിന്നും സുരക്ഷിതമായിരിക്കുമെന്ന വിവരവും കത്തിലുണ്ടായിരുന്നു. മുനിസിപ്പാലിറ്റി നിയമത്തിലെ ഏത് വകുപ്പുപ്രകാരമാണ് അവധി അപേക്ഷ വോട്ടിനിട്ട് അംഗകരിക്കുന്നതെന്ന് ശബരീനാഥന്‍ ചോദ്യമുന്നയിച്ചപ്പോള്‍ മേയര്‍ വി വി രാജേഷ് ആഭ്യന്തര വകുപ്പിന്റെ മറുപടി ചൂണ്ടിക്കാട്ടുകയായിരുന്നു.

അതേസമയം, സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട ആഭ്യന്തര വകുപ്പിന്റെ കത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ എസ് ശബരീനാഥന്‍ രംഗത്തെത്തി. 'സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുന്നത് പോലെ'യുള്ള ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഉണ്ടെന്നും ഇത്തരക്കാരുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കാന്‍ ഭരണസംവിധാനം ശ്രദ്ധിക്കണമെന്നും ശബരീനാഥന്‍ പറഞ്ഞു. ഇല്ലെങ്കില്‍ പാപഭാരം പാര്‍ട്ടിയും മുന്നണിയും അനുഭവിക്കേണ്ടി വരുമെന്നും ശബരീനാഥന്‍ മുന്നറിയിപ്പ് നല്‍കി.

Content Highlights: V Sivankutty Alleges Orders on BJP Councillor R Sugathan's Leave Application Are Illegal

dot image
To advertise here,contact us
dot image