മന്ത്രിസഭാ തീരുമാനം അനുസരിച്ചാണോ കേസ് അവസാനിപ്പിച്ചത്?; പുനര്‍ജനിയില്‍ പ്രതിപക്ഷ നേതാവ്

പിഎംശ്രീ അറബിക്കടലിലേക്ക് വലിച്ചെറിയുമെന്ന് പറഞ്ഞവര്‍ പദ്ധതി നടപ്പിലാക്കുന്നതിനുവേണ്ടി വാദിക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളതെന്നും പിണറായി വിജയൻ

മന്ത്രിസഭാ തീരുമാനം അനുസരിച്ചാണോ കേസ് അവസാനിപ്പിച്ചത്?; പുനര്‍ജനിയില്‍ പ്രതിപക്ഷ നേതാവ്
dot image

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ പുനര്‍ജനി കേസ് പിന്‍വലിച്ച തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും വ്യക്തിപരമായി എടുക്കാന്‍ പറ്റുന്ന തീരുമാനം അല്ല ഇതെന്നും മന്ത്രിസഭാ തീരുമാനം അനുസരിച്ചാണോ കേസ് അവസാനിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

'കേസ് അവസാനിപ്പിക്കുന്നതിന് മുമ്പ് പരാതിക്കാരന് നോട്ടീസ് നല്‍കിയോ? സര്‍ക്കാര്‍ സംവിധാനങ്ങളെ വിശ്വാസത്തില്‍ എടുക്കാതെ ആരംഭിച്ചതാണ് പുനര്‍ജനി പദ്ധതി. കോടിക്കണക്കിന് രൂപ സമാഹരിച്ചുവെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സുതാര്യമല്ലാതെ ആയിരുന്നു ഫണ്ട് കളക്ഷന്‍. അതില്‍ വി ഡി സതീശന്‍ നേരിട്ട് ഭാഗമായി. മണപ്പാട് ഫൗണ്ടേഷനാണ് പണമിടപാട് നടത്തിയത്. മണപ്പാട് ഫൗണ്ടേഷന്റെ പദ്ധതി പുനര്‍ജനി പദ്ധതിയായി എംഎല്‍എ നടത്തുകയായിരുന്നു എന്നാണ് കണ്ടെത്തിയത്.പണം സമാഹരിച്ചത് സതീശന്‍ ആണെന്ന് പരാതി ഉയര്‍ന്നു. പണം വിനിയോഗിച്ചതിനെ കുറിച്ചും പരാതിയുണ്ട്. ധനസഹായത്തിനായി വിദേശത്ത് യോഗം വിളിച്ച വീഡിയോ പുറത്തുവന്നിട്ടുണ്ട്. മണപ്പാട് ഫൗണ്ടേഷന്‍ പണം സമാഹരിച്ചതിന്റെയും ചെലവഴിച്ചതിന്റെയും അടിസ്ഥാനം എന്താണ്?', എന്നും പിണറായി വിജയന്‍ ചോദിച്ചു.

സംസ്ഥാനത്ത് മഴക്കെടുതിയിലും പിണറായി വിജയന്‍ പ്രതികരിച്ചു. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് സമാശ്വാസം നല്‍കണം എന്നും പിണറായി വിജയന്‍ പറഞ്ഞു.പിഎംശ്രീ പദ്ധതിയിലൂടെ വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. അങ്ങനെയൊരു പദ്ധതി മതനിരപേക്ഷ കേരളം അംഗീകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അറബിക്കടലിലേക്ക് വലിച്ചെറിയുമെന്ന് പറഞ്ഞവര്‍ പദ്ധതി നടപ്പിലാക്കുന്നതിനുവേണ്ടി വാദിക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളതെന്ന് പിണറായി വിജയന്‍ ലീഗിനെ ലക്ഷ്യമിട്ടുകൊണ്ട് പറഞ്ഞു. മുസ്ലിം ലീഗ് മറുകണ്ടം ചാടിയെന്നും ന്യായീകരണത്തിനായി എന്താണ് പറയാനുള്ളതെന്നും പിണറായി വിജയന്‍ ചോദിച്ചു. 'പിഎംശ്രീ നടപ്പിലാക്കുന്ന കാര്യത്തില്‍ എന്തിനാണ് സര്‍ക്കാര്‍ വാശി പിടിക്കുന്നത്. വഞ്ചനാപരമായ നിലപാട് ആണ് അത്. എസ്എസ്‌കെ ഫണ്ട് കിട്ടുന്നതിന് വേണ്ടി മാത്രമാണ് പിഎംശ്രീ ധാരണാപത്രത്തില്‍ കേരളം ഒപ്പുവെച്ചതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Leader of the Opposition Pinarayi Vijayan has urged the government to reconsider its decision to withdraw the Punarjani case against Chief Minister V D Satheesan.

dot image
To advertise here,contact us
dot image