

2026 ലോകകപ്പിന് ശേഷം രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന സഹോദരി കാതിയ അവെയ്റോയുടെ പ്രസ്താവന തള്ളി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്ത്. പോര്‍ച്ചുഗലിന്റെ മത്സരങ്ങള്‍ അവസാനിക്കുന്നതുവരെ അത്തരത്തിലൊരു തീരുമാനവുമെടുക്കില്ലെന്ന് ക്രിസ്റ്റ്യാനോ വ്യക്തമാക്കി. സഹോദരിയുടെ പ്രസ്താവന ചര്‍ച്ചയായതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. 'എന്റെ വിരമിക്കല്‍ ഇപ്പോള്‍ പ്രധാനമല്ല. ടൂര്‍ണമെന്റ് ജയിക്കുകയോ തോല്‍ക്കുകയോ ചെയ്ത ശേഷവും അതിനെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് സമയമുണ്ടാകും. എന്റെ കുടുംബവുമായി സംസാരിച്ചശേഷം ഉചിതമായ തീരുമാനം എടുക്കും. ഇപ്പോള്‍ നിര്‍ണായക ഘട്ടത്തിലാണ് ഞങ്ങള്‍. ഒരു തീരുമാനവും ഇപ്പോള്‍ എടുക്കുന്നില്ല. ഈ നിമിഷത്തെ ആസ്വദിക്കുകയും ദേശീയ ടീമിനെ സഹായിക്കുകയും ചെയ്യുകയാണ് എന്റെ ദൗത്യം'- ക്രിസ്റ്റിയാനോ റൊണാള്‍ഡോ പറഞ്ഞു.
അന്താരാഷ്ട്ര ഫുട്‌ബോളില്‍ ക്രിസ്റ്റ്യാനോയുടെ കരിയര്‍ അവസാനഘട്ടത്തിലാണെന്ന് സഹോദരി കാറ്റിയ അവെയ്‌റോ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇത് വിടപറയലാണ്. പക്ഷേ ഇന്നല്ല. ഞാന്‍ ദേശീയ ടീമിനെ കുറിച്ചാണ് പറയുന്നത്. എനിക്ക് കിട്ടിയ വിവരമനുസരിച്ച് ഈ ലോകകപ്പ് അദ്ദേഹത്തിന്റെ 'ലാസ്റ്റ് ഡാന്‍സാണ്'. -റൊണാള്‍ഡോയുടെ സഹോദരി പറഞ്ഞു. 20 വര്‍ഷമായി ലോകഫുട്‌ബോളില്‍ ക്രിസ്റ്റ്യാനോ ആധിപത്യം പുലര്‍ത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും റോണാള്‍ഡോയാണ്. പോര്‍ച്ചുഗലിനായി മൂന്ന് കിരീടങ്ങളാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. 2016 ല്‍ യൂറോ കപ്പ് നേടിയ താരം രണ്ട് യുവേഫ നാഷന്‍സ് ലീഗ് കിരീടങ്ങളും നേടി. ലോകകപ്പ് മാത്രമാണ് ദേശീയ കുപ്പായത്തില്‍ ക്രിസ്റ്റ്യാനോയ്ക്ക് നേടാനുള്ളത്. ഇക്കുറി കിരീട പ്രതീക്ഷയിലാണ് പോര്‍ച്ചുഗല്‍. ക്രൊയേഷ്യയെ കീഴടക്കി ടീം ഇപ്പോള്‍ പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.
content highlights: Sister says Cristiano will retire; Super star rejects the statement