അടിമാലി ദുരന്തബാധിതരുടെ സമരം പത്താം ദിവസം; മഴ ശക്തമായതോടെ സമരപന്തലിന് സമീപം മണ്ണിടിച്ചില്‍ ഭീഷണി

സമരപന്തലില്‍ ഉറങ്ങുന്നതിനിടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ദേശീയ പാതയിലേക്ക് കല്ലും മണ്ണും പതിച്ചതായി കണ്ടത്

അടിമാലി ദുരന്തബാധിതരുടെ സമരം പത്താം ദിവസം; മഴ ശക്തമായതോടെ സമരപന്തലിന് സമീപം മണ്ണിടിച്ചില്‍ ഭീഷണി
dot image

ഇടുക്കി: അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതരുടെ സമരപന്തലിന് സമീപം ദേശീയ പാതയിലേക്ക് കല്ലും മണ്ണും പതിച്ചു. രാത്രിയിലെ കനത്ത മഴയിലാണ് സംഭവം. അപകടാവസ്ഥയിലുള്ള മണ്‍തിട്ടക്ക് താഴെയാണ് ദുരന്ത ബാധിതര്‍ സമരം ചെയ്യുന്നത്. ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് സമരക്കാര്‍ ആരോപിച്ചു.

സമരപന്തലില്‍ ഉറങ്ങുന്നതിനിടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ദേശീയ പാതയിലേക്ക് കല്ലും മണ്ണും പതിച്ചതായി കണ്ടത്. ഉടന്‍ ഉദ്യോഗസ്ഥരെ അറിയിച്ചില്ലെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് സമരക്കാര്‍ ആരോപിച്ചു. ഇന്നലെയും സമരക്കാര്‍ ദേവികുളം എംഎല്‍എയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും കൃത്യമായ ഉറപ്പ് ലഭിക്കാത്തതിനാല്‍ സമരം തുടരുകയായിരുന്നു.

എംഎല്‍എക്കെതിരെ രൂക്ഷവിമര്‍ശനവുമായി സമരക്കാര്‍ രംഗത്തെത്തി. വാക്കാല്‍ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്നും ഉറപ്പുലഭിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ദുരന്തബാധിതര്‍ പറഞ്ഞു. കഴിഞ്ഞദിവസം ശക്തമായ കാറ്റിലും മഴയിലും സമരപന്തല്‍ ഭാഗികമായി തകര്‍ന്നിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25നുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തിന് പിന്നാലെ ജില്ലാ കളക്ടര്‍ ഇടപെട്ട് മാറ്റിപാര്‍പ്പിച്ച അടിമാലി ലക്ഷംവീട് നഗറിലെ 17 കുടുംബങ്ങളാണ് സമരം ചെയ്യുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയും മൂന്നുമാസത്തെ വാടകയും ഇതുവരെ ലഭ്യമായിട്ടില്ലെന്ന വാദം ഉന്നയിച്ചാണ് സമരം ആരംഭിച്ചത്. ഒമ്പത് കുടുംബങ്ങള്‍ക്കു് 10 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും ലഭ്യമായിട്ടില്ല. 17 കുടുംബങ്ങള്‍ക്കു കൂടി നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്. ഒമ്പത് കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുകയും വാടകക്കുടിശ്ശികയും ഉടനടി നല്‍കുമെന്നും 17 പേര്‍ക്ക് ഉള്ള നഷ്ടപരിഹാരത്തുക അടിയന്തിരമായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. മണ്ണിടിച്ചിലില്‍ പ്രദേശത്ത് ഒരാള്‍ മരണപ്പെടുകയും മരണപ്പെട്ടയാളുടെ ഭാര്യയുടെ കാല്‍ മുറിച്ചുനീക്കേണ്ടിവരികയും ചെയ്തിരുന്നു.

Content Highlights: soil fell onto the NH near the protest venue of the Adimali landslide victims

dot image
To advertise here,contact us
dot image