

കരാക്കാസ്: തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേലയിലുണ്ടായ ഇരട്ട ഭൂചലനത്തില്‍ മരണസംഖ്യ കുത്തനെ ഉയര്‍ന്നു. ഭൂചലനത്തില്‍ ഇതുവരെ 589 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 1900-ന് ശേഷം രാജ്യത്ത് ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. 2980 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടങ്ങള്‍ക്കുളളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെ രക്ഷിക്കാനുളള ശ്രമങ്ങള്‍ തുടരുകയാണെന്നും ആക്ടിംഗ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി 17 രാജ്യങ്ങളില്‍ നിന്നുളള രക്ഷാസംഘങ്ങളെ വെനസ്വേലയിലേക്ക് അയച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.
തുടര്‍ച്ചയായുണ്ടായ ഭൂകമ്പകളില്‍ തകര്‍ന്ന വെനസ്വേലയ്ക്ക് സഹായവുമായി ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്. ഫീല്‍ഡ് ഹോസ്പ്പിറ്റലുകളും മരുന്നുകളുമായി വിമാനങ്ങള്‍ കരാക്കാസിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സ്പാനിഷില്‍ 'സൗഹൃദം' എന്നര്‍ത്ഥം വരുന്ന അമിസ്റ്റഡ് എന്ന പേരിലാണ് ഇന്ത്യയുടെ ദൗത്യം. വ്യോമസേനയുടെ രണ്ട് വിമാനങ്ങളിലായി 60 ഫീല്‍ഡ് ഹോസ്പിറ്റലുകളാണ് കരാക്കാസിലേക്ക് അയച്ചത്. ആറ് ടണ്‍ മരുന്നുകളും ഭക്ഷണപദാര്‍ത്ഥങ്ങളും അതില്‍ ഉള്‍പ്പെടുന്നു. 41 അംഗ മെഡിക്കല്‍ സംഘവും രണ്ട് വിമാനങ്ങളിലായുണ്ട്.
ജൂൺ 24ന് പ്രാദേശിക സമയം വൈകിട്ട് ആറുമണിയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. അതിന് പിന്നാലെ 39 സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ 7.5 തീവ്രതയളള രണ്ടാമത്തെ ഭൂകമ്പം കൂടി ഉണ്ടായി. രണ്ടാമത്തെ ഭൂകമ്പം ആദ്യത്തേതിനേക്കാള്‍ മൂന്നിരട്ടി ശക്തമായിരുന്നുവെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ സ്ഥിരീകരിച്ചു. ഇത്രവലിയ ഭൂചലനങ്ങള്‍ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഒരേസ്ഥലത്ത് ഉണ്ടാകുന്നത് അപൂര്‍വ്വമാണെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: The official death toll from the devastating twin earthquakes in Venezuela has risen sharply to 589, with nearly 3,000 injured and thousands more reported missing under the rubble.