'ഇറാനെതിരെ ഇസ്രയേല്‍ സ്വതന്ത്രമായി പോരാടണം', യുഎസിനെ ആശ്രയിക്കേണ്ടെന്ന് നെതന്യാഹു

യുഎസിന്റെ പിന്തുണയില്ലാതെ ഇസ്രയേലിന് പ്രതിരോധിക്കാന്‍ കഴിയുമെന്നും നെതന്യാഹു

'ഇറാനെതിരെ ഇസ്രയേല്‍ സ്വതന്ത്രമായി പോരാടണം', യുഎസിനെ ആശ്രയിക്കേണ്ടെന്ന് നെതന്യാഹു
dot image

ടെല്‍അവീവ്: ഇറാനെതിരായ പോരാട്ടത്തില്‍ ഇനി മുതല്‍ യുഎസിനെ ആശ്രയിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ സ്വതന്ത്രമായി പോരാടണമെന്നും യുഎസിന്റെ പിന്തുണയില്ലാതെ ഇസ്രയേലിന് പ്രതിരോധിക്കാന്‍ കഴിയുമെന്നും നെതന്യാഹു വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലെ സൈനിക ചുമതലയുള്ള ഗഷ് എറ്റിസണുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു നെതന്യാഹുവിൻ്റെ പരാമർശം.

'അമേരിക്ക ഇതുവരെ നല്‍കിയ സൈനിക ബലത്തിലും ആയുധശേഷിയിലും ഇസ്രയേല്‍ വളരെ കടപ്പെട്ടിരിക്കുന്നു. യുഎസ് എന്നും നല്ല സുഹൃത്താണ്. എന്നിരുന്നാലും ഇനി മുതല്‍ ഇറാനെതിരായ ആക്രമണങ്ങളില്‍ ഇസ്രയേല്‍ സ്വതന്ത്രമായി പോരാടണം. ഇസ്രയേലിന് വേണ്ട ആയുധങ്ങള്‍ നമ്മള്‍ തന്നെ നിര്‍മ്മിക്കണം . ഇക്കാര്യത്തില്‍ ഇനി അമേരിക്കയെ ആശ്രയിക്കേണ്ടതില്ല'; എന്നാണ് നെതന്യാഹു പറഞ്ഞത്.

'ഇറാനെതിരായ പോരാട്ടത്തിലാണ് നാം. അവരെ ആഞ്ഞടിക്കേണ്ടതുണ്ട്. ഇതുവരെയും ഈ പോരാട്ടം അവസാനിച്ചിട്ടില്ല. 30 വര്‍ഷത്തോളമായി നാം നമ്മുടെ ശക്തിയെ ആശ്രയിച്ചുകൊണ്ടിരിക്കുന്നു. ഇനിയും നാം അത് തന്നെ തുടരും. അതുപയോഗിച്ച് നമ്മുടെ സംവിധാനങ്ങളെ ശക്തിപ്പെടുത്തും'. നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

യുഎസിന്റെ സൈനിക പിന്തുണ അവസാനിപ്പിക്കുമെന്ന് ഇതാദ്യമായല്ല നെതന്യാഹു പറയുന്നത്. എന്നാല്‍ യുഎസ്-ഇറാന്‍ സമാധാന കരാര്‍ നടന്നതിന് ശേഷം നെതന്യാഹുവിന്റെ ആദ്യ പ്രതികരണമാണിത്. ടെക്‌നോളജിയുമായി സഹകരിച്ച് കൂടുതല്‍ ശക്തമായി സൈനികനീക്കത്തെ സജ്ജീകരിക്കുമെന്നും പ്രതിരോധം ശക്തിപ്പെടുത്തുമെന്നും നെതന്യാഹു പറഞ്ഞു.

ഇസ്രായേലിന്റെ പ്രതിരോധ ആയുധങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും യുഎസില്‍ നിര്‍മ്മിക്കപ്പെട്ടവയാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് മുൻപ് പറഞ്ഞിരുന്നു. ഇസ്രായേലിന്റെ വ്യോമസേന പൂര്‍ണമായും അമേരിക്കന്‍ യുദ്ധവിമാനങ്ങളെയാണ് ആശ്രയിക്കുന്നതെന്നും യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും സ്‌പെയര്‍ പാര്‍ട്സുകള്‍ക്കും അമേരിക്ക തന്നെ വേണമെന്നും വാന്‍സ് പറഞ്ഞിരുന്നു.

ഇസ്രയേലിന്റെ പ്രധാന പ്രതിരോധ സംവിധാനമായ അയണ്‍ ഡോമിൽ പോലും അമേരിക്കന്‍ പങ്കാളിത്തമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ആക്രമണങ്ങളെ പലപ്പോഴും തടയുന്നത് അമേരിക്കയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളാണ്. സൈനിക ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത് അമേരിക്ക നിര്‍ത്തുന്നതോടെ ഇസ്രായേലിന്റെ യുദ്ധശേഷി അതിവേഗം ഇല്ലാതായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Israeli Prime Minister Benjamin Netanyahu has warned that Israel should not depend solely on US weapons and military support in its confrontation with Iran, emphasizing the need for independent defense preparedness

dot image
To advertise here,contact us
dot image