

ഇസ്ലാമാബാദ്: ബലൂചിസ്ഥാൻ്റെ 'സിംഹിണി' എന്നറിയപ്പെടുന്ന പ്രമുഖ ബലൂച് ആക്ടിവിസ്റ്റ് മഹ്റംഗ് ബലൂചയ്ക്കും ബലൂച് യക്‌ജെഹ്തി കമ്മിറ്റിയുടെ (BYC) നേതാവ് സിബ്ഗത്തുള്ള ഷായ്ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ക്വറ്റയിലെ ഭീകരവിരുദ്ധ കോടതി. 2024-ൽ ഗ്വാദറിൽ നടന്ന ഒരു റാലിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥൻ മരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. ദി ബലൂചിസ്ഥാൻ പോസ്റ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്വറ്റയിലെ ഭീകരവിരുദ്ധ കോടതി–1 ലെ ജഡ്ജ് മുഹമ്മദ് അലി മൊബീൻ തിങ്കളാഴ്ചയാണ് വിധി പ്രഖ്യാപിച്ചത്. കോടതി നടപടികൾ മഹ്റംഗും മറ്റ് തടവിലായ BYC നേതാക്കളും അവരുടെ അഭിഭാഷകരും ബഹിഷ്കരിച്ചിരുന്നു. ജൂൺ 12 മുതൽ ഇവർ ക്വറ്റയിലെ ഹദ്ദയിലെ ജില്ലാ ജയിലിനുള്ളിൽ പ്രതിഷേധ സമരം നടത്തിവരുന്നതായാണ് ബിബിസി ഉർദു റിപ്പോർട്ട് ചെയ്യുന്നത്.
ഇതിനിടെ കോടതി നടപടിയെ വിമർശിച്ച് ബലൂച് യക്‌ജെഹ്തി കമ്മിറ്റി രംഗത്ത് വന്നിട്ടുണ്ട്. മഹ്റംഗ് ബലൂചിനും സിബ്ഗത്തുള്ള ഷായ്ക്കും നൽകിയ ജീവപര്യന്തം ശിക്ഷ പാകിസ്താനിലെ ബലൂച് ജനതയോടുള്ള വെറുപ്പിന്റെ പ്രകടനമാണ് എന്നായിരുന്നു ബലൂച് യക്‌ജെഹ്തി കമ്മിറ്റിയുടെ വിമർശനം. കേസിന് നിയമപരമായ അടിസ്ഥാനമില്ലെന്നും വിരുദ്ധമായ എഫ്ഐആറുകളും സംശയാസ്പദമായ തെളിവുകളും ഉണ്ടെന്നുമാണ് ബിവൈസിയുടെ ആരോപണം. എക്സിലൂടെയായിരുന്നു ബിവൈസിയുടെ പ്രതികരണം. 'കോടതി വിധി പ്രതിരോധത്തിന്റെയും പോരാട്ടത്തിന്റെയും ചരിത്രപരമായ പുതിയ ഘട്ടത്തിന്റെ തുടക്കമാണ്. ജയിലുകൾക്ക് ഈ പ്രസ്ഥാനത്തെ തകർക്കാൻ കഴിയി'ല്ലെന്നും ബിവൈസി വ്യക്തമാക്കിയിട്ടുണ്ട്.

2024 ജൂലൈയിൽ ഗ്വാദറിൽ ബിവൈസി സംഘടിപ്പിച്ച 'ബലൂച് രാജി മാച്ചി' എന്ന സംഗമത്തിനിടെയുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് വിധി വന്നിരിക്കുന്നത്. ഈ സംഗമത്തിൽ ബലൂചിസ്ഥാൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മാത്രമല്ല അയൽരാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിലെ ബലൂച് വംശജരും പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രതിഷേധത്തിനിടെ ബലൂച് ആക്ടിവിസ്റ്റുകളും സുരക്ഷാ സേനയും തമ്മിലുണ്ടായ സംഘർഷളുടെ ഭാഗമായി നിരവധി പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ബലൂചിസ്ഥാനിൽ ആളുകളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിയമവിരുദ്ധ കൊലപാതകങ്ങളും ചൂണ്ടിക്കാണിച്ച് നടത്തിയ പോരാട്ടത്തിലൂടെയാണ് മഹ്റംഗ് ബലൂച് ശ്രദ്ധേയയായത്. 2023 അവസാനം അവർ തുർബത്തിൽ നിന്ന് ഇസ്‌ലാമാബാദിലേക്ക് 1600 കിലോമീറ്റർ ദൂരം നീണ്ട പ്രതിഷേധ യാത്ര നയിച്ചിരുന്നു. വ്യക്തി ജീവിതത്തിൽ നേരിട്ട തിരിച്ചടികളും മഹ്റംഗിൻ്റെ പോരാട്ടത്തിന് കരുത്തായി. 2009ൽ മഹ്റംഗ് ബലൂചിൻ്റെ പിതാവിനെ സുരക്ഷാ ഏജൻസികൾ പിടികൂടുകയും പിന്നീട് മർദ്ദനമേറ്റ ലക്ഷണങ്ങളോടെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. 2017ൽ ഇവരുടെ സഹോദരനെയും കാണാതായിരുന്നു. ഡോക്ടറായിരുന്ന മഹ്റംഗ് പിന്നീട് മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ബലൂചികളുടെ പോരാട്ടങ്ങളുടെ പ്രധാനമുഖമായി ഇവർ പിന്നീട് മാറുകയായിരുന്നു.
Content Highlights: Baloch activist Mahrang Baloch, widely known as the 'Lioness of Balochistan' has reportedly been sentenced to life imprisonment. Read about the case, its background, and the international reactions.