

വാഷിംഗ്ടൺ: ഇറാനും അമേരിക്കയും തമ്മിൽ നടന്ന സമാധാന ചർച്ചകളിൽ ഉണ്ടായ പുരോഗതിയുടെ പശ്ചാത്തലത്തിൽ ഇറാന്റെ എണ്ണ കയറ്റുമതിക്കുമേലുള്ള ഉപരോധങ്ങളിൽ ചിലതിൽ ഭാഗിക ഇളവ് പ്രഖ്യാപിച്ച് അമേരിക്ക. അമേരിക്കൻ ട്രഷറി വകുപ്പ് 60 ദിവസത്തേക്കാണ് പ്രത്യേക ഉപരോധ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതോടെ ഇറാനിയൻ ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ, മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉൽപ്പാദനം, വിതരണം, വിൽപ്പന എന്നിവയ്ക്ക് താൽക്കാലിക അനുമതി ലഭിച്ചിരിക്കുകയാണ്. ഈ ഇളവ് ഓഗസ്റ്റ് 21വരെയാണ് പ്രാബല്യത്തിലുണ്ടാവുക. നിലവിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരിക്കുന്ന ഉത്തരകൊറിയ, ക്യൂബ, റഷ്യയുടെ അധീനതയിലുള്ള യുക്രെയ്ൻ പ്രദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് ഈ അനുമതി ബാധകമല്ല.
അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇറാനുമായുള്ള ചർച്ചകൾ ഫലപ്രദമായിരുന്നുവെന്നും ധാരണാപത്രത്തിലെ പല വ്യവസ്ഥകളും നടപ്പിലാകുന്ന ഘട്ടത്തിലാണെന്നും സ്കോട്ട് ബെസൻ്റ് വ്യക്തമാക്കി.ഹോർമുസ് കടലിടുക്കിലൂടെ സ്വതന്ത്രവും സുരക്ഷിതവുമായ കപ്പൽ ഗതാഗതം ഉറപ്പാക്കാനും ഐഎഇഎ പരിശോധനാ സംഘത്തെ രാജ്യത്തേക്ക് അനുവദിക്കാനും ഇറാൻ സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് 60 ദിവസത്തേക്കുള്ള പ്രത്യേക അനുമതി ട്രഷറി വകുപ്പ് നൽകിയിരിക്കുന്നത് എന്നായിരുന്നു സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ സ്കോട്ട് ബെസൻ്റ് വ്യക്തമാക്കിയത്.
ഇക്കാര്യത്തിൽ ഇറാൻ സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അതേസമയം, ഉപരോധ ഇളവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് വില 3.5 ശതമാനത്തിലധികം കുറഞ്ഞ് ബാരലിന് 77.7 ഡോളറായി.
ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി (IAEA)യുടെ പരിശോധനാ സംഘത്തെ വീണ്ടും പരിശോധനയ്ക്ക് അനുവദിക്കാൻ ഇറാൻ സമ്മതിച്ചതായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നെരത്തെ പ്രഖ്യാപിച്ചിരുന്നു. ഐഎഇഎയുമായുള്ള ചർച്ചകൾ ഇന്നുതന്നെ ആരംഭിച്ചേക്കാമെന്നും അമേരിക്കൻ വൈസ് പ്രസിഡൻ്റ് വ്യക്തമാക്കിയിരുന്നു. ഐഎഇഎ പരിശോധനാ സംഘം എപ്പോൾ ഇറാനിലേക്ക് മടങ്ങിയെത്തുമെന്ന ചോദ്യത്തോടായിരുന്നു ജെ ഡി വാൻസിൻ്റെ പ്രതികരണം. 'കുറഞ്ഞത് ഈ ആഴ്ചയ്ക്കുള്ളിൽ നടപടികൾ ആരംഭിക്കും. ഐഎഇഎയുമായുള്ള ചർച്ചകൾ ഇന്നുതന്നെ ആരംഭിക്കാനും സാധ്യതയുണ്ട്' എന്നായിരുന്നു വാൻസിന്റെ മറുപടി. ഇറാനുമായുള്ള അന്തിമ കരാറിലേക്കുള്ള ആദ്യഘട്ട ചർച്ചകൾ മികച്ച പുരോഗതി കൈവരിച്ചതായും വാൻസ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും മേഖലയിൽ വെടിനിർത്തൽ നടപ്പാക്കുന്നതിനുള്ള ഏകോപന സംവിധാനവും ചർച്ചകളിൽ പ്രധാന വിഷയങ്ങളായിരുന്നുവെന്നും ജെ ഡി വാൻസ് കൂട്ടിച്ചേർത്തിരുന്നു
അതേസമയം തങ്ങളുടെ ആണവ പദ്ധതി സമാധാനപരവും സിവിലിയൻ ആവശ്യങ്ങൾക്കുമുള്ളതാണെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്. ധാരണാപത്രത്തിൽ, ഇറാന്റെ ഉയർന്ന തോതിൽ സമ്പുഷ്ടമാക്കിയ യുറേനിയം ശേഖരവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഐഎഇഎയുടെ മേൽനോട്ടവും പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഇറാൻ ആണവായുധം വികസിപ്പിക്കുന്നില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിരവധി രാജ്യങ്ങളും ഐഎഇഎയും ഇതിൽ പൂർണ വിശ്വാസം പ്രകടിപ്പിച്ചിട്ടില്ല. സ്വിറ്റ്സർലൻഡിലെ ബുർഗൻസ്റ്റോക്കിൽ നടന്ന ആദ്യഘട്ട ചർച്ചകൾക്ക് ശേഷം ഇറാൻ പ്രതിനിധി സംഘം മടങ്ങിയതായാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, സാങ്കേതികതല ചർച്ചകൾ തുടരുമെന്നാണ് വിവരം.
Content Highlights: The United States has partially eased sanctions on Iran's oil exports, signaling a potential shift in global energy policy. The move could impact international oil markets, geopolitical relations, and global crude supply.