

തെല്‍ അവീവ്: ഇറാനില്‍ വീണ്ടും യു എസ് ആക്രമണം. ഒമാന്‍ തീരത്ത് കഴിഞ്ഞ ദിവസം യു എസ് ഹെലികോപ്റ്റര്‍ ആക്രമിച്ച് വീഴ്ത്തിയതിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് സൈന്യത്തിന്റെ വിശദീകരണം. പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ആക്രമണമെന്നും യുഎസ് വാദമുണ്ട്.
ഹോര്‍മൂസ് കടലിടുക്കിന് ചുറ്റുമുള്ള വായു പ്രതിരോധ, റഡാര്‍ സംവിധാനങ്ങള്‍ക്ക് നേരെയാണ് ആദ്യത്തെ ആക്രമണം നടന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ തുറമുഖ നഗരമായ സിറിക്, ബന്‍ഡാര്‍ അബ്ബാസ്, ഹോര്‍മൂസിന്റെ അതിര്‍ത്തിയായ ഖ്വേഷം ഐലാന്റ് എന്നിവിടങ്ങില്‍ നിന്നും സ്‌ഫോടന ശബ്ദം കേട്ടതായി ഇറാന്റെ മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ രണ്ട് ജലസംഭരണികള്‍ തകര്‍ന്നതായി ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങും (ഐആര്‍ഐബി) റിപ്പോര്‍ട്ട് ചെയ്യുന്നു. ബമാനി ജില്ലയിലും കുഹെസ്താകിലും കുടിവെള്ളം വിതരണം ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ജലസംഭരണികളാണ് ഇവയെന്ന് ഹോര്‍മുസ്ഗാന്‍ വാട്ടര്‍ ആന്‍ഡ് വേസ്റ്റ് വാട്ടര്‍ കമ്പനി സിഇഒ അബ്ദുല്‍ ഹമീദ് ഹാംസെഹ്പുര്‍ പറഞ്ഞു. നിലവില്‍ മേഖലയിലേക്കുള്ള ജല വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.
വളരെ ശക്തമായ ആക്രമണമാണ് അമേരിക്ക നടത്തിയതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. 'ഒരു പ്രതികരണം നടത്തണമെന്നത് പ്രധാനപ്പെട്ടതായിരുന്നു. അവര്‍ ഒരു ഹെലികോപ്റ്റര്‍ തകര്‍ത്തു, ഞങ്ങള്‍ പ്രതിരോധിച്ചു. അവര്‍ ചെയ്തതിനുള്ള മറുപടിയാണ് ഇപ്പോള്‍ ലഭിച്ചത്', ട്രംപ് പറഞ്ഞു.
എന്നാല്‍ അമേരിക്കയ്ക്ക് പ്രതികരണമായി മിസൈലുകളും ഡ്രോണുകളും അയച്ചെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അറിയിച്ചു. അമേരിക്കയുടെ ഒരു ആക്രമണത്തിനും തിരിച്ചടിയില്ലാതെ പോകില്ലെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. അമേരിക്ക തങ്ങളുടെ ദൃഢനിശ്ചയം പരീക്ഷിക്കുകയാണെന്നും നിങ്ങള്‍ക്ക് സുരക്ഷിതമായി നില്‍ക്കണമെങ്കില്‍ തങ്ങളുടെ മേഖല വിട്ട് പോകണമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് യുഎസ് സൈനിക ഹെലികോപ്റ്റര്‍ ഹോര്‍മൂസ് കടലിടുക്കിന് സമീപം തകര്‍ന്ന് വീണത്. കോപ്റ്ററിലുണ്ടായിരുന്ന ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തിയിരുന്നു. തകര്‍ന്ന് വീണ AH 64 അപ്പാച്ചീ, ഹെല്‍ഫയര്‍ മിസൈലുകള്‍ വഹിക്കുന്നവയാണ്. ഏറ്റവും ഭാരമേറിയ സായുധ എയര്‍ക്രാഫ്റ്റിലൊന്നാണിത്. ഷിപ്പിങ് ലെയ്നില്‍ തന്ത്രപരമായ പട്രോളിങ് നടത്തുന്ന കോപ്റ്റര്‍ ചെറു ബോട്ടുകളില്‍ നിന്നുള്ള ആക്രമണങ്ങളെ തിരിച്ചറിയാനും ശത്രുപക്ഷത്തെ ഡ്രോണുകളെ പ്രതിരോധിക്കാനും ശേഷിയുള്ളവയാണ്. ഹോര്‍മൂസിലെയും പേര്‍ഷ്യന്‍ ഗള്‍ഫിലേയും ഇറാന്‍ നിയന്ത്രണത്തിലുള്ള ദ്വീപുകളോട് ചേര്‍ന്നാണ് ഇവയെ നിരീക്ഷണത്തിനായി നിയോഗിച്ചിരുന്നത്.
Content Highlights: A fresh US strike on Iran has escalated tensions in the Middle East. President Donald Trump described the action as defensive, while Iran warned of a strong response