

കാഠ്മണ്ഡു: പ്രധാനമന്ത്രി ബലേൻ' എന്ന ബാലേന്ദ്ര ഷാ പാർലമെന്റിൽ നടത്തിയ പ്രസ്താവന നേപ്പാളിൽ വലിയ രാഷ്ട്രീയ സംഘർഷങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഇന്ത്യയും നേപ്പാളും തമ്മിലുള്ള അതിർത്തി തർക്കം ഒരു ഏകപക്ഷീയമായ വിഷയമല്ലെന്നും, പലയിടങ്ങളിലും നേപ്പാൾ ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുകയറിയിട്ടുണ്ടെന്നും ആയിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം. പരാമർശത്തിൽ പ്രധാനമന്ത്രിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
പ്രധാന മന്ത്രിയുടെ പ്രസ്താവന രാജ്യത്തിൻ്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നാണ് പ്രതിപക്ഷ പാർട്ടിയും വിദ്യാർത്ഥി സംഘടനകളും ആരോപിക്കുന്നത്. ഇതേ തുടർന്ന് ഭിന്നിച്ച് നിന്നിരുന്ന പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുകയും പ്രധാനമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങുന്നതിനും കാരണമായി.
ഇതോടെ കാഠ്‌മണ്ഡുവിലെ മൈതിഘർ മണ്ഡലയിൽ ഒത്തുചേർന്ന പ്രതിഷേധക്കാർ 'പരമാധികാരം സംരക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തുകയും ബാലൻ ഷായുടേത് 'രാജ്യവിരുദ്ധ' പ്രസ്താവനയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. നേപ്പാളി കോൺഗ്രസ്, സി പി എൻ-യു എംഎൽ (CPN-UML) തുടങ്ങിയ പ്രധാന പ്രതിപക്ഷ പാർട്ടികൾ പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തുകയും പ്രധാനമന്ത്രി മാപ്പുപറയണമെന്നും പ്രസ്‌താവന ഔദ്യോഗിക രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ഇന്ത്യയും നേപ്പാളും തമ്മിൽ നിലനിൽക്കുന്ന അതിർത്തി തർക്കം പരിഹരിക്കുന്നതിനായി ചരിത്രരേഖകളും വിദഗ്‌ധരുടെ സഹായവും തേടണമെന്നും, ബ്രിട്ടീഷ് കാലഘട്ടത്തിലെ ഭൂപടങ്ങൾ ലഭ്യമായതിനാൽ ബ്രിട്ടന്റെ സഹായം തേടാമെന്നും ആയിരുന്നു ബലേൻ ഷാ നിർദ്ദേശിച്ചത്. ഏകപക്ഷീയമായ ആരോപണങ്ങൾക്ക് പകരം ഉഭയകക്ഷി ധാരണയിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Content Highlights: Opposition parties and student organizations staged protests across Nepal demanding the resignation of Prime Minister Balen, intensifying political tensions in the country.