

കൊച്ചി: 'കലാച്ചി' നോവലുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തില്‍ പ്രതികരിച്ച് എഴുത്തുകാരി കെ ആര്‍ മീര. 2025ലാണ് കലാച്ചി പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചതെങ്കിലും 2020 നവംബര്‍ 16മുതല്‍ ഖണ്ഡഃശ്ശ പ്രസിദ്ധീകരിച്ചിരുന്നുവെന്നും ഇക്കാര്യം പലരും ബോധപൂര്‍വ്വം ഒഴിച്ചുവെയ്ക്കുന്നുവെന്നും കെ ആര്‍ മീര പറഞ്ഞു. 2020 നവംബര്‍ 16 മുതല്‍ പ്രസിദ്ധീകരിച്ചുവന്ന ഒരു നോവല്‍, 2022ല്‍ മാത്രം പുറത്തിറങ്ങിയ കഥയില്‍നിന്ന് ആശയം ഉള്‍ക്കൊണ്ടതാണോ 2022ല്‍ പുറത്തിറങ്ങിയ പുസ്തകം 2020ല്‍ പ്രസിദ്ധീകരിച്ച നോവലില്‍നിന്നു ആശയം ഉള്‍ക്കൊണ്ടതാണോ എന്നു നിങ്ങള്‍ ചിന്തിക്കണമെന്നും കെ ആര്‍ മീര ചൂണ്ടിക്കാട്ടി. എഴുത്തുകാരി ഹരിത സാവിത്രിയുടെ 2022ല്‍ പുറത്തിറക്കിയ സിന്‍ എന്ന നോവലും കലാച്ചിയും തമ്മില്‍ ഉള്ളടക്കത്തില്‍ സാമ്യമുണ്ടെന്നായിരുന്നു വിമര്‍ശനം.
സത്യസന്ധതയില്ലാത്ത ആരോപണങ്ങളും ആത്മാര്‍ത്ഥതയില്ലാത്ത അഭിനന്ദനങ്ങളും തന്നെ ബാധിക്കാറില്ലെന്നും കെ ആർ മീര പറഞ്ഞു. 2026 ജനുവരിയില്‍ കലാച്ചി വായിച്ച് ആത്മഹര്‍ഷം പൂണ്ടയാളാണ് എഴുത്തുകാരി ഹരിത സാവിത്രിയെന്നു പറഞ്ഞ കെ ആർ മീര കലാച്ചി വായിച്ച് ഹരിത അഭിപ്രായം രേഖപ്പെടുത്തിയതിന്റെ സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചിട്ടുണ്ട്.
2022 ല്‍ ഒരെഴുത്തുകാരി അവരുടെ ആദ്യ നോവല്‍ പ്രസിദ്ധീകരിക്കുമെന്നു പ്രതീക്ഷിച്ച് അതു വായിച്ച് പ്രചോദനംകൊള്ളാമെന്നു താന്‍ സ്വപ്നംകാണുകയായിരുന്നില്ല. 'കലാച്ചി'ക്കു വേണ്ടി കസഖ്സ്ഥാനില്‍ മാത്രമല്ല, ഇജാസിന്റെ വേരുകള്‍ തേടി അസമിലും പോയിട്ടുണ്ടെന്നും കെ ആര്‍ മീര പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം-
കസഖ്സ്ഥാനിലെ കലാച്ചി എന്ന ഗ്രാമത്തിലെ ഉറക്കരോഗത്തെപ്പറ്റി കേട്ട 2013ല്‍ മനസ്സില്‍ വേരുപിടിച്ചതാണു 'കലാച്ചി' എന്ന നോവലിന്റെ കഥാബീജം.
2019ല്‍ ഞാന്‍ 'കലാച്ചി' എഴുതിത്തുടങ്ങുകയും 2020 നവംബര്‍ 16 മുതല്‍ 'ട്രൂ കോപ്പി തിങ്ക് 'വെബ് സീനില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ' കലാച്ചി' എന്ന ശീര്‍ഷകത്തില്‍നിന്നു തന്നെ, കഥാഗതി ഏതു രാജ്യത്തേക്കാണു സഞ്ചരിക്കുന്നതെന്നു വ്യക്തമാണ്.
2020 നവംബര്‍ പതിനാറിനു പ്രസിദ്ധീകരിച്ച ആദ്യ അധ്യായത്തില്‍, കലാച്ചിയില്‍ ജയിലിലായ ഗവേഷകനായ ഇജാസ് അലിയെത്തേടി യാത്ര പുറപ്പെടാന്‍ തീരുമാനിക്കുന്ന, ഡോ. ഫിദ മുഹമ്മദിനെ കാത്തിരിക്കുന്ന നീണ്ടതും മായികവുമായ യാത്രയെ കേന്ദ്രീകരിക്കുന്ന പൂര്‍ണമായ ഇതിവൃത്തം വ്യക്തമാക്കിയിട്ടുമുണ്ട്.
2019ലെ പൌരത്വപ്രക്ഷോഭവും തുടര്‍ന്നു വന്ന മഹാമാരിയുമാണു 'കലാച്ചി'യുടെ പശ്ചാത്തലം.
2025ലാണ് 'കലാച്ചി' പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍, 2020 നവംബര്‍ 16 മുതല്‍ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ചിരുന്നു എന്ന വിവരം ബോധപൂര്‍വ്വം പലരും ഒളിച്ചുവയ്ക്കുന്നു.
2020 നവംബര്‍ 16 മുതല്‍ പ്രസിദ്ധീകരിച്ചുവന്ന ഒരു നോവല്‍, 2022ല്‍ മാത്രം പുറത്തിറങ്ങിയ കഥയില്‍നിന്ന് ആശയം ഉള്‍ക്കൊണ്ടതാണോ 2022ല്‍ പുറത്തിറങ്ങിയ പുസ്തകം 2020ല്‍ പ്രസിദ്ധീകരിച്ച നോവലില്‍നിന്നു ആശയം ഉള്‍ക്കൊണ്ടതാണോ എന്നു നിങ്ങള്‍ ചിന്തിക്കുക.
സംശയമുള്ളവര്‍ രണ്ടു നോവലുകളുടെയും പ്രമേയവും കാലഘട്ടവും ആഖ്യാനരീതിയും പാത്രസൃഷ്ടിയും കഥ നടക്കുന്ന രാജ്യങ്ങളും താരതമ്യം ചെയ്തു വിലയിരുത്തുക.
ഒരു നോവലോ കഥയോ എഴുതിയാല്‍ അതിന്റെ ഭൂമിശാസ്ത്രം കൃത്യമാക്കുക എന്നത് എന്റെ എഡിറ്റിങ്ങിന്റെ ഭാഗമാണ്. 'ആരാച്ചാര്‍' ആകട്ടെ, 'മീരാസാധു' ആകട്ടെ, 'യൂദാസിന്റെ സുവിശേഷം' ആകട്ടെ, 'ഘാതകന്‍' ആകട്ടെ, 'എല്ലാവിധ പ്രണയവും' ആകട്ടെ, പരാമര്‍ശവിധേയമാകുന്ന ഭൂമിക നേരില്‍ക്കണ്ടിട്ടേ ഞാന്‍ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളൂ.
ഭാവനയില്‍ക്കണ്ട 'കലാച്ചി' നേരില്‍ക്കാണണമെന്ന് എനിക്കു നിര്‍ബന്ധമുണ്ടായിരുന്നു. 2020ല്‍ പോകാനുള്ള ശ്രമം കോവിഡ് കാരണം വിജയിച്ചില്ല. 2021ല്‍ ഫ്‌ലൈറ്റ് സര്‍വീസ് പുനരാരംഭിച്ചപ്പോള്‍ വീണ്ടും ശ്രമിച്ചു. ആഭ്യന്തരകലാപം കാരണം കസഖ് അതിര്‍ത്തി അടച്ചതിനാല്‍ അതും പരാജയപ്പെട്ടു. 2022ല്‍ കസഖ്സ്ഥാന്‍ ഫ്‌ലൈറ്റ് സര്‍വീസ് പുനരാരംഭിച്ചു നാളുകള്‍ക്കുള്ളില്‍ ഞാന്‍ യാത്ര പുറപ്പെട്ടു.
അല്ലാതെ, 2022 ല്‍ ഒരെഴുത്തുകാരി അവരുടെ ആദ്യ നോവല്‍ പ്രസിദ്ധീകരിക്കുമെന്നു പ്രതീക്ഷിച്ച് അതു വായിച്ച് പ്രചോദനംകൊള്ളാമെന്നു ഞാന്‍ സ്വപ്നംകാണുകയായിരുന്നില്ല.
അസ്തനയില്‍നിന്ന് ആറു മണിക്കൂര്‍ കാര്‍ മാര്‍ഗം മാത്രമേ കലാച്ചി എന്ന ഗ്രാമത്തിലേക്കു പോകാന്‍ കഴിയൂ. മഴയും മഞ്ഞും നിറഞ്ഞ ആ കാലാവസ്ഥയില്‍, വിശാലമായ പുല്‍മേടിന്റെ നടുവിലുള്ള വിജനമായ പാതയിലൂടെയുള്ള കാര്‍ യാത്രയെക്കുറിച്ചു 'കലാച്ചി'യുടെ അനുബന്ധത്തില്‍ ഞാന്‍ വിശദമായി എഴുതിയിട്ടുണ്ട്. ഡാമീര്‍ കസെന്‍ബയേവ് എത്രയോ അന്വേഷിച്ചിട്ടാണ് അവിടേക്ക് ഒരു കാര്‍ കിട്ടിയതുതന്നെ.
'കലാച്ചി'ക്കു വേണ്ടി കസഖ്സ്ഥാനില്‍ മാത്രമല്ല, ഇജാസിന്റെ വേരുകള്‍ തേടി അസമിലും പോയിട്ടുണ്ട്.
2024ല്‍ കവര്‍ പ്രകാശനം ചെയ്യുകയും അഞ്ചാമത്തെ അധ്യായം അച്ചടിച്ച വായനക്കാര്‍ക്കു നല്‍കുകയും ചെയ്തു. മുന്‍മന്ത്രി അഡ്വ. പി. രാജീവ്, പ്രശസ്ത എഴുത്തുകാരന്‍ പി. കെ. പാറക്കടവ്, ഡോ. സുനില്‍ പി ഇളയിടം, ഡോ പി കെ രാജശേഖരന്‍, ദ് ടെലിഗ്രാഫ് പത്രാധിപര്‍ ആര്‍ രാജഗോപാല്‍, സോണിയ റഫീക്ക്, മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റര്‍ വി ജയകുമാര്‍, ഡോ. ധന്യലക്ഷ്മി, ഡോ. രശ്മി ഭാസ്‌കരന്‍, അഡ്വ മോഹന്‍രാജ് തുടങ്ങി പ്രശസ്തരായ പത്തിലേറെപ്പേര്‍ പുസ്തകമാകുന്നതിനു മുമ്പ് ഇതിന്റെ ഡ്രാഫ്റ്റ് വായിച്ചിട്ടുണ്ട്.
അവരില്‍ ഒരാള്‍ക്കും ഈ നോവലിന് മറ്റേതെങ്കിലും രചനയുമായി സാമ്യമുള്ളതായി തോന്നിയില്ല.
2026 ജനുവരിയില്‍ 'കലാച്ചി' വായിച്ച് ആത്മഹര്‍ഷംപൂണ്ടയാളാണ് എഴുത്തുകാരി.
'നോവലിസ്റ്റിനോടു തനിക്കു വലിയ ആരാധനയുണ്ട്' എന്നും, കോട്ടയത്തെ വീട്ടില്‍ വന്ന്, 'അനുവദിച്ചാല്‍ ആ വിരലുകളില്‍ ഉമ്മ വയ്ക്കണം' എന്നും 'കലാച്ചി' നോവലിലെ പല രംഗങ്ങളും മനസ്സില്‍ മായാതെ നില്‍ക്കുന്നു' എന്നും 'ഒന്നുകൂടി വായിക്കാന്‍ ആഗ്രഹിക്കുന്നു' എന്നും വോയ്‌സ് മെസേജ് ഇടുകയും അതിനുശേഷം തിരുവനന്തപുരത്ത് നടന്ന സാഹിത്യോല്‍സവത്തില്‍വച്ചു കണ്ടപ്പോള്‍ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്തപ്പോഴൊന്നും 'കലാച്ചി'യെക്കുറിച്ച് സംശയംതോന്നാത്ത എഴുത്തുകാരിക്ക് മേയ് മാസമാകേണ്ടി വന്നു, ആരോപണം ഉന്നയിക്കാന്‍.
സത്യസന്ധതയില്ലാത്ത ആരോപണങ്ങളും ആത്മാര്‍ത്ഥതയില്ലാത്ത അഭിനന്ദനങ്ങളും എന്നെ ബാധിക്കാറില്ല.
കാരണം, 'ആരാച്ചാര്‍' എന്ന നോവലും വായനക്കാര്‍ ഏറ്റെടുത്തപ്പോഴാണ് ആരോപണവിധേയമായത്. ഈ ആരോപണത്തിന്റെ പ്രഭവസ്ഥാനവും ഇപ്പോള്‍ വ്യക്തമാണ്.
Content Highlights: Writer KR Meera has responded to the controversy surrounding the novel 'Kalachi'