

ന്യൂഡൽഹി: വിവാദങ്ങൾക്കിടെ പുതിയ സിബിഎസ്ഇ ചെയർമാനെ തിരഞ്ഞെടുത്ത് കേന്ദ്രം. എൽ പി സീതാറാം ആണ് പുതിയ ചെയർമാൻ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത്. മുൻ ചെയർമാൻ രാഹുൽ സിങിനെ കൃഷി മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു. മുൻപ് രാഹുൽ സിങ് ആഭ്യന്തര മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായിരുന്നു.
പരീക്ഷാ പുനർ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചവരുത്തിയതിനെ തുടർന്ന് സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റിയതിന് തൊട്ട് പിന്നാലെയാണ് പുതിയ ചെയർമാനെ കേന്ദ്രം നിയോഗിച്ചത്. സിബിഎസ്ഇ പുനർ മൂല്യനിർണയത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് കേന്ദ്രനടപടിയുണ്ടായത്. പുനർ മൂല്യനിർണയത്തിലെ ക്രമക്കേടിൽ രാജ്യത്ത് വ്യാപക പ്രതിഷേധങ്ങൾ നടന്നെങ്കിലും കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടായിരുന്നില്ല.
സിബിഎസ്ഇ ചെയർമാൻ രാഹുൽ സിംഗിനെയും സെക്രട്ടറി ഹിമാൻഷു ഗുപ്തയെയും സ്ഥലം മാറ്റി കേന്ദ്രം നടപടി എടുത്തിരുന്നു. സിബിഎസ്ഇ പരീക്ഷാ മൂല്യനിർണയത്തിലും പുനർ മൂല്യനിർണയത്തിലും ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഓൺ സ്ക്രീൻ മാർക്കിങ് (ഒഎസ്എം) വീഴ്ച സംഭവിച്ചെന്ന് തെളിയിച്ചിരുന്നു. ഒഎസ്‌എം സേവനങ്ങളുടെ നടത്തിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണത്തിന് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തെ കുറിച്ച് വ്യാപക പരാതികളും പ്രതിഷേധങ്ങളും നടക്കുകയാണ്.
Content Highlights: The Centre has appointed a new CBSE Chairperson amid controversies surrounding the board, including concerns over examination and revaluation processes.