

അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിൽ മാറ്റം. ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ സ്പിന്‍ ബോളിങ് പരിശീലകനായി ഇന്ത്യന്‍ മുൻ ലെഗ് സ്പിന്നര്‍ സൈരാജ് ബഹുതുലെയെ നിയമിച്ചിരിക്കുകയാണ് ബിസിസിഐ. ന്യൂ ചണ്ഡീഗഡില്‍ വരുന്ന ശനിയാഴ്ചയാണ് അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരങ്ങൾ നടക്കുന്നത്. കേരളം, ഗുജറാത്ത്, വിദര്‍ഭ, ബംഗാള്‍ എന്നീ ആഭ്യന്തര ടീമുകളുടെ മുഖ്യ പരിശീലകനായി പ്രവര്‍ത്തിച്ച വ്യക്തികൂടിയാണ് ബഹുതുലെ. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ് എന്നി ടീമുകളുടെ സ്പിന്‍ ബോളിങ് പരിശീലകനുമായിരുന്നു അദ്ദേഹം.
നിയമനത്തിന് ശേഷം അദ്ദേഹം പ്രതികരണവും നടത്തിയിരുന്നു. 'ഇന്ത്യന്‍ ടീമിന്റെ സ്പിന്‍ ബോളിങ് പരിശീലകനാകാന്‍ കഴിഞ്ഞത് വലിയൊരു ബഹുമതിയായാണ് ഞാൻ കാണുന്നത്. കളിക്കാരനെന്ന നിലയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വലിയ അഭിമാനമായിരുന്നു, ഇനി പരിശീലകന്റെ റോളില്‍ ഇന്ത്യന്‍ ക്രിക്കറ്റിനായി സംഭാവന നല്‍കാന്‍ കഴിയുന്നത് അതിൽ ഏറെ സവിശേഷമായ കാര്യമാണ്.' ബഹുതുലെ പറഞ്ഞു. 2022ല്‍ അണ്ടര്‍ - 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ബോളിങ് പരിശീലകനായിരുന്ന അദ്ദേഹം, 2024 ലോകകപ്പിലും ടീമിന്റെ ഭാഗമായിരുന്നു. 2021 മുതല്‍ 2024 വരെ ബിസിസിഐയുടെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പ്രധാന ചുമതലകള്‍ വഹിച്ചിട്ടുള്ള അദ്ദേഹം, ഇന്ത്യ എ ടീമിനൊപ്പവും രാഹുല്‍ ദ്രാവിഡിന് കീഴില്‍ സീനിയര്‍ ടീമിനൊപ്പവും പ്രവർത്തനം അനുഷ്ഠിച്ചിട്ടുണ്ട്.
മുഖ്യ പരിശീലകനായ ഗൗതം ഗംഭീര്‍, ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കോട്ടക്, ഫാസ്റ്റ് ബോളിങ് പരിശീലകന്‍ മോണി മോര്‍ക്കല്‍, ഫീല്‍ഡിങ് പരിശീലകന്‍ ടി ദിലീപ്, അസിസ്റ്റന്റ് പരിശീലകന്‍ റയാന്‍ ടെന്‍ ഡോഷാട്ടെ എന്നിവരടങ്ങുന്ന സപ്പോര്‍ട്ട് സ്റ്റാഫിനൊപ്പമാകും ദേശീയ ടീമില്‍ ബഹുതുലെ ഇനി തന്റെ സംഭാവനകൾ നൽകുന്നത്.
Content highlight: Sairaj Bahutule appointed India's new spin bowling coach before afghanistan series