

സൂര്യയെ നായകനാക്കി ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് സിനിമ തിയേറ്ററിൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്.
സൂര്യയുടെ വമ്പൻ കംബാക്ക് ആണ് കറുപ്പ് എന്നാണ് അഭിപ്രായങ്ങൾ. എല്ലായിടത്തും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. ചിത്രത്തിൽ അഞ്ചു ലുക്കിലാണ് സൂര്യ എത്തുന്നത്. സുര്യയുടെ ഐകോണിക് ചിത്രമായ സിങ്കത്തിലെ ലുക്കിൽ വീണ്ടും സൂര്യ എത്തിയിരുന്നു. ചിത്രം ഇറങ്ങി 10 വർഷം കഴിഞ്ഞിട്ടും നടൻ ഒരു മാറ്റവും വന്നിട്ടില്ലെന്ന് പറയുകയാണ് സംവിധായകൻ.
‘സിങ്കം കഴിഞ്ഞ് 10 വർഷം കഴിഞ്ഞിട്ടും അദ്ദേഹം പഴയതുപോലെ തന്നെ ഇരിക്കുന്നുവല്ലോ എന്നോർത്ത് ഞങ്ങൾ എല്ലാവരും അത്ഭുതപ്പെട്ടു. ചെറിയ രീതിയിലെങ്കിലും എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്നാണ് ഞാനും കരുതിയിരുന്നത്. പക്ഷേ, ആ ഒരു പഴയ ഗെറ്റപ്പിൽ അദ്ദേഹം വന്നു നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഒന്നും തന്നെ മാറ്റേണ്ടി വന്നില്ല. ‘കറുപ്പ്’ എന്ന ചിത്രത്തിൽ അഞ്ച് വ്യത്യസ്ത ലുക്കുകളിലാണ് സൂര്യ വരുന്നത്. ഓരോ ലുക്ക് കാണുമ്പോഴും നമ്മൾ നോക്കിനിന്നു പോകും. അത്രയ്ക്ക് ഭംഗിയാണ് അദ്ദേഹത്തിന്.
കറുപ്പ് ലുക്കിൽ നിന്നും വക്കീലിന്റെ ലുക്കിലേക്ക് മാറുമ്പോൾ വേറൊരു ഗെറ്റപ്പ് ആവശ്യമായിരുന്നു.
കൃത്രിമ മീശയും മുടിയുമൊക്കെ വെക്കേണ്ടി വരുമെന്ന് വിചാരിച്ചിരുന്നപ്പോഴാണ് ഒരു ദിവസം ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലുന്നത്. അപ്പോൾ അവിടെ ഒരു പ്രത്യേക ലുക്കിൽ അദ്ദേഹത്തെ കണ്ട നിമിഷം തന്നെ ഞാൻ ഉറപ്പിച്ചു, ഇതാണ് നമുക്ക് വേണ്ടതെന്ന്. ലെതർ ജാക്കറ്റുമിട്ട്, ചുരുട്ടും വലിച്ച് മുകളിൽ ഇരിക്കുന്ന ആ ലുക്ക് കണ്ട് എല്ലാവരും വീണ്ടും അത്ഭുതപ്പെട്ടു. എപ്പോഴും മുണ്ടും ഷർട്ടും മാത്രം പോരല്ലോ എന്ന് കരുതിയാണ് ആ ഒരു മാറ്റം വരുത്തിയത്.’ ആർ.ജെ ബാലാജി പറയുന്നു.
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടി ഗ്രോസ് പിന്നിട്ടിരിക്കുകയാണ് ചിത്രം. നിര്‍മ്മാതാക്കള്‍ തന്നെ അറിയിച്ചിരിക്കുന്നതാണ് ഇത്.സൂര്യയുടെ കരിയറിലെ ആദ്യ 300 കോടി ചിത്രവുമാണ് കറുപ്പ്. സൂര്യയുടെ മുൻകാല ചിത്രങ്ങളായ 'കങ്കുവ' (2024), 'റെട്രോ' (2025) എന്നിവ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാത്ത സാഹചര്യത്തിലാണ് 'കറുപ്പിന്റെ' ഈ വമ്പൻ നേട്ടം. 'സിങ്കം 2'-ന്റെ റെക്കോഡുകൾ തകർത്തുകൊണ്ടാണ് ഈ ചിത്രം മുന്നേറുന്നത്. സൂര്യയുടെ 'സൂരരൈ പോട്ര്', 'ജയ് ഭീം' തുടങ്ങിയ ചിത്രങ്ങൾ മികച്ച അഭിപ്രായം നേടിയെങ്കിലും കോവിഡ് മഹാമാരി കാരണം അവ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് റിലീസ് ചെയ്തത്.
തിയേറ്റർ ഹിറ്റില്ലാത്ത നീണ്ട 13 വർഷങ്ങൾക്ക് ശേഷം പൂർവാധികം ശക്തിയോടെ സൂര്യ തിരിച്ചെത്തുകയാണ്. സിങ്കം 2ന്റെ കളക്ഷൻ ആയിരുന്നു സൂര്യയുടെ ഏറ്റവും വലിയ തിയേറ്റർ കളക്ഷൻ അത് വെറും 4 ദിനം കൊണ്ട് കറുപ്പ് ബോക്സ് ഓഫീസിൽ മറികടന്നു ചരിത്ര വിജയത്തിലേക്ക് കുതിക്കുകയാണ്. സൂര്യ, ഇന്ദ്രൻസ്, തൃഷ, അനഘ തുടങ്ങിയവരുടെ പ്രകടനങ്ങൾക്കും കയ്യടി ലഭിക്കുന്നുണ്ട്. സായ് അഭ്യങ്കറിൻ്റെ മ്യൂസിക്കും വലിയ കയ്യടികൾ നേടുന്നുണ്ട്.
Content Highlights: Actor and filmmaker RJ Balaji has shared his excitement about witnessing Suriya reprise his iconic Singham appearance after nearly 10 years. According to Balaji, seeing the actor in the familiar police avatar brought back memories of one of Tamil cinema's most celebrated action franchises. His comments have fueled speculation and enthusiasm among fans, who continue to cherish Suriya's portrayal of the fearless cop.