

ടെഹ്റാൻ: അമേരിക്കയുമായി ഇറാൻ നയതന്ത്ര ധാരണകളിലേക്ക് നീങ്ങുന്നുവെന്ന വാർത്തകൾക്കിടെ ലെബനനിലെ സായുധ സംഘടനയായ ഹിസ്ബുള്ളയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഇറാൻ. യാതൊരു കാരണവശാലും ഹിസ്ബുള്ളയെ കൈവിടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇത് സംബന്ധിച്ച് അരാഗ്ചി ഹിസ്ബുള്ള സെക്രട്ടറി ജനറലിന് പ്രത്യേക സന്ദേശം അയയ്ക്കുകയും ചെയ്തു. യുഎസ് വെടിനിർത്തൽ കരാറിൽ ലെബനനെ ഉൾപ്പെടുത്തണമെന്ന ആവശ്യം ഇറാൻ വീണ്ടും മുന്നോട്ടുവെയ്ക്കുകയും ചെയ്തു.
അതിനിടെ യുഎസുമായി നിലനിൽക്കുന്ന ഭിന്നതകൾ പരിഹരിക്കപ്പെടുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടെന്നും പ്രധാന തർക്കവിഷയങ്ങളിൽ പലതിലും അനുകൂലമായ തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ചില നിർണായക വിഷയങ്ങളിൽ കൂടി ഇനി അന്തിമ ധാരണയിലെത്താനുണ്ടെന്നും ഇറാൻ വക്താവ് കൂട്ടിച്ചേർത്തു.
വിവിധ രാജ്യങ്ങളിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ സാമ്പത്തിക സ്വത്തുക്കൾ ആദ്യം തന്നെ വിട്ടുനൽകണമെന്ന കർശന നിലപാടിലാണ് ഇറാൻ. ഈ ആവശ്യത്തിൽ അനുകൂലമായ തീരുമാനമുണ്ടായാൽ മാത്രമേ ചർച്ചകളുമായി മുന്നോട്ട് പോകൂ എന്ന സൂചനയാണ് ഇറാൻ നൽകുന്നത്. യു എസുമായുള്ള ചർച്ചകൾ തുടരുമ്പോഴും തങ്ങളുടെ പ്രാദേശിക സഖ്യകക്ഷികളെ ഒപ്പം നിർത്തുമെന്ന ഇറാന്റെ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചായാകുന്നുണ്ട്.
Content Highlights:Iran has reiterated its full support for Hezbollah and urged that Lebanon be included in any US-led diplomatic agreement