ഇറാൻ-അമേരിക്ക സമാധാന ചർച്ചയിൽ പുരോഗതിയില്ല; മകൻ്റെ വാരാന്ത്യ വിവാഹചടങ്ങിന് പോകാതെ തലസ്ഥാനത്ത് തുടർന്ന് ട്രംപ്

'ഈ സുപ്രധാന കാലയളവിൽ വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് ഹൗസിൽ തുടരേണ്ടത് എനിക്ക് പ്രധാനമാണെന്ന് ഞാൻ കരുതുന്നു'വെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിട്ടുണ്ട്

ഇറാൻ-അമേരിക്ക സമാധാന ചർച്ചയിൽ പുരോഗതിയില്ല; മകൻ്റെ വാരാന്ത്യ വിവാഹചടങ്ങിന് പോകാതെ തലസ്ഥാനത്ത് തുടർന്ന് ട്രംപ്
dot image

തെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാനാ കരാറിന് മധ്യസ്ഥത വഹിക്കുന്നതിനായി പാകിസ്താൻ സൈനിക മേധാവി അസിം മുനീർ തെഹ്റാനിലെത്തി. പ്രതീക്ഷിക്കുന്ന വേ​ഗതയിൽ കരാറിലേയ്ക്ക് എത്താനാവില്ലെന്ന സൂചനയാണ് ഇറാൻ ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിലെ അഭിപ്രായ വ്യത്യാസങ്ങൾ ആഴമേറിയതും പ്രധാന്യം അർഹിക്കുന്നതുമാണെന്ന് വിദേശകാര്യമന്ത്രാലയ വ്യക്താവിനെ ഉദ്ധരിച്ച് ഇറാനിയൻ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ മധ്യസ്ഥ ചർച്ചകളിൽ പങ്കാളികളാകുന്നതിനായി ഖത്തറിൽ നിന്നുള്ള സംഘവും തെഹ്റാനിൽ എത്തിയതായാണ് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത്. സമാധാന കരാറുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കും ഇറാനും ഇടയിൽ നിലനിൽക്കുന്ന ഭിന്നത പരിഹരിക്കുകയാണ് ഖത്തറിൽ നിന്നുള്ള സംഘത്തിൻ്റെ ദൗത്യം എന്നാണ് റിപ്പോർട്ട്.

അതേ സമയം മൂത്തമകൻ ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ വാരാന്ത്യ വിവാഹചടങ്ങിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. പാം ബീച്ചിലെ സാമൂഹിക പ്രവർത്തകയായ ബെറ്റിന ആൻഡേഴ്‌സണിന്റെയും ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെയും വാരാന്ത്യ വിവാഹത്തിൽ പങ്കെടുക്കില്ലെന്ന് സൂചിപ്പിക്കുന്നതാണ് ട്രംപിൻ്റെ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പെന്നാണ് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത്. ചടങ്ങിൽ പങ്കെടുക്കാതെ ട്രംപ് തലസ്ഥാനത്ത് തുടരുന്നത് എന്തിനെന്ന് വ്യക്തമല്ല. മകൻ്റെ ഒപ്പമുണ്ടായിരിക്കാൻ ആ​ഗ്രഹമുണ്ടെന്നും എന്നാൽ അമേരിക്കൻ ഐക്യനാടുകളോടുള്ള തൻ്റെ സ്നേഹം തന്നെ അതിന് അനുവദിക്കുന്നില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിട്ടുണ്ട്. 'ഈ സുപ്രധാന കാലയളവിൽ വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് ഹൗസിൽ തുടരേണ്ടത് എനിക്ക് പ്രധാനമാണെന്ന് ഞാൻ കരുതുന്നു'വെന്നും ട്രംപ് കുറിച്ചിട്ടുണ്ട്. ഡൊണാൾഡ് ട്രംപ് ജൂനിയറിനെയും ബെറ്റിനയെയും അഭിനന്ദിച്ചാണ് ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

ഇതിനിടെ അമേരിക്കൻ നാഷണൽ ഇൻ്റലിജൻസ് ഡയറക്ടർ തുൾസി ​ഗബാർഡ് രാജിവെച്ചു. രാജിക്കത്ത് തുൾസി ​ഗബാർ‌ഡ് എക്സിൽ പങ്കുവെച്ചിട്ടുണ്ട്. അർ‌ബുദ ബാധിതനായ ഭർത്താവിനെ പരിചരിക്കുന്നതിന് വേണ്ടിയാണ് രാജിയെന്നാണ് തുൾസി വ്യക്തമാക്കിയിരിക്കുന്നത്. ഭർത്താവിന് അപൂർവമായ ബോൺ കാൻസർ ആണെന്നും അദ്ദേഹത്തെ പരിചരിക്കാൻ ഔദ്യോ​ഗിക ചുമതല ഒഴിയുന്നുവെന്നുമാണ് തുൾസി ​ഗബാർഡ് അറിയിച്ചിരിക്കുന്നത്.

അതേ സമയം രാജിവെയ്ക്കാൻ തുൾസിയെ വൈറ്റ് ഹൗസ് നിർബന്ധിക്കുകയായിരുന്നു എന്നാണ് റോയിട്ടേഴ്സ റിപ്പോർട്ട് ചെയ്യുന്നത്. ഇറാനെ ആക്രമിക്കാനുള്ള ട്രംപിൻ്റെ തീരുമാനത്തിൽ തുൾസി ​ഗബാർഡ് അസംതൃപ്തയായിരുന്നെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അമേരിക്ക ഇറാനെതിരെ ആക്രമണം ശക്തമാക്കിയതോടെ തുൾസിയും ട്രംപ് ഭരണകൂടവും തമ്മിലുള്ള ഭിന്നത രൂക്ഷമായതായും ഉഹാപോഹങ്ങൾ ഉണ്ടായിരുന്നു. ഇറാൻ്റെ ആണവശേഷിയുമായി ബന്ധപ്പെട്ട് ട്രംപിൻ്റെ നിലപാടിന് വിരുദ്ധമായ സമീപനം തുൾസി ​ഗബാർഡ് സ്വീകരിച്ചിരുന്നു. കഴിഞ്ഞ വർഷം ഇറാൻ്റെ ആണവശേഷി തകർക്കാൻ അമേരിക്ക നടത്തിയ വ്യേമാക്രമണങ്ങൾക്ക് ശേഷം അവ പുനർ നിർമ്മിക്കാൻ ഇറാൻ യാതൊരു ശ്രമവും നടത്തിയിട്ടില്ല എന്നായിരുന്നു തുൾസി ​ഗബാർഡ് സ്വീകരിച്ച നിലപാട്. എന്നാൽ ഇറാൻ്റെ ആണവഭീഷണി നേരിടാൻ ആക്രമണം അനിവാര്യമാണ് എന്നായിരുന്നു ട്രംപിൻ്റെ നിലപാട്. യുദ്ധത്തെ പിൻതുണയ്ക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി നാഷണൽ കൗണ്ടർ ടെറിറിസം സെൻ്ററിൻ്റെ ഡയറക്ടറായ ജോ കെൻ്റ് നേരത്തെ രാജിവെച്ചിരുന്നു.

Content Highlights: US President Donald Trump remains in the capital and skips his son’s wedding amid stalled Iran-America peace negotiations. No breakthrough reported in high-stakes talks between Washington and Tehran.

dot image
To advertise here,contact us
dot image