

വാഷിങ്ടൺ: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ സൈനിക നീക്കത്തിൽ അമേരിക്കയ്ക്കൊപ്പം ചേരുന്നതിൽ മെലോണിക്ക് ധൈര്യമില്ലെന്നാണ് ട്രംപിൻ്റെ ആരോപണം. മെലോണി അമേരിക്കയെ സഹായിക്കാൻ ആഗ്രഹിക്കുന്നില്ലെന്നത് തന്നെ ഞെട്ടിച്ചുവെന്ന് ട്രംപ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഇറ്റാലിയൻ പ്രധാനമന്ത്രി ഒന്നും ചെയ്യുന്നില്ല എന്നതിൽ അവിടുത്തെ ജനങ്ങൾ സംതൃപ്തരാണോ എന്ന് അദ്ദേഹം പരിഹസിച്ചു. മെലോണിയുമായുള്ള രാഷ്ട്രീയ സഖ്യവും വ്യക്തിപരമായ ആത്മബന്ധവും തകർക്കുന്ന രീതിയിലാണ് ട്രംപ് ഇപ്പോൾ പ്രതികരിക്കുന്നത്.
ഇസ്രയേലുമായുള്ള എല്ലാ പ്രതിരോധ കരാറുകളിൽ നിന്നും ഇറ്റലി പിൻമാറുകയാണെന്ന് മെലോണി പ്രഖ്യാപ്പിച്ചതിന് പിന്നാലെയാണ് ട്രംപിൻ്റെ വിമർശനം. ലിയോ പതിനാലാമനെ ആവർത്തിച്ച് ആക്ഷേപിച്ച ട്രംപിനെയും മെലോണി വിമർശിച്ചിരുന്നു. ലിയോ പതിനാലാമൻ തൻ്റെ ജോലി ശരിയായ രീതിയിലല്ല ചെയ്യുന്നതെന്നും അദ്ദേഹം തീവ്ര ഇടതുപക്ഷത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു. എന്നാൽ ട്രംപിൻ്റെ ഈ വാക്കുകൾ അസ്വീകാര്യമാണെന്ന് മെലോണി തുറന്നടിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളുടെ നിർദ്ദേശങ്ങൾ മതനേതാക്കൾ പാലിക്കണമെന്ന് നിർബന്ധമുള്ള ഒരു സമൂഹത്തിൽ സമാധാനമായി ജീവിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി.
മെലോണിയുടെ വിമർശനത്തിന് മറുപടിയായി, മെലോണിയാണ് അസ്വീകാര്യയായ വ്യക്തി എന്ന് ട്രംപ് തിരിച്ചടിച്ചു. ഇറാന്റെ പക്കൽ ആണവായുധം ഉണ്ടായാൽ അത് രണ്ട് മിനിറ്റിനുള്ളിൽ ഇറ്റലിയെ തകർക്കുമെന്നും മെലോണി അതിനെക്കുറിച്ച് ബോധവതിയല്ലെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരത്തിൽ ലോകത്തെ രണ്ട് പ്രമുഖ നേതാക്കൾ വാക്പോരിലേർപ്പെടുന്നത് യൂറോപ്യൻ രാഷ്ട്രീയത്തിലും വലിയ അസ്വസ്ഥതകൾ സൃഷ്‌ടിക്കുന്നുണ്ട്. അമേരിക്കയെ ഒരു മുൻഗണനാ സഖ്യകക്ഷി ആയാണ് ഇറ്റലി കാണുന്നതെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ തുറന്നുപറയാനുള്ള ധൈര്യം സഖ്യകക്ഷികൾക്കുണ്ടാകണമെന്ന് മെലോണി കൂട്ടിച്ചേർത്തു.
ഇസ്രയേലുമായുള്ള എല്ലാ പ്രതിരോധ കരാറുകളിൽ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച് മെലോണി രംഗത്തെത്തിയിരുന്നു. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്താണ് ഇറ്റലിയുടെ തീരുമാനമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇസ്രയേലുമായി സൈനികസഹകരണ കരാറുകളും പിന്തുണയും ഇറ്റലി മരവിപ്പിച്ചു. 'നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇസ്രയേലുമായുള്ള പ്രതിരോധ കരാർ പുതുക്കൽ താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചു' എന്ന് വെറോണയിൽ നടന്ന പരിപാടിയിൽ മെലോണി പറഞ്ഞതായാണ് ഇറ്റാലിയൻ വാർത്താ ഏജൻസികളായ എഎൻഎസ്എ, എജിഐ എന്നിവർ റിപ്പോർട്ട് ചെയ്തത്.
Content Highlights: US President Donald Trump has sharply criticized Italian Prime Minister Giorgia Meloni