സാധാരണക്കാരായ ടിവി പ്രേക്ഷകർക്ക് വലിയ ലാഭവും സൗകര്യവും നൽകുന്ന പദ്ധതിയുമായി ദൂരദർശന്‍. ദൂരദർശന്റെ സൗജന്യ ചാനൽ സേവനമായ ഡിഡി ഫ്രീ ഡിഷ് കൂടുതൽ എളുപ്പത്തിൽ ജനങ്ങളിലേക്ക് എത്തിക്കാൻ പുതിയ സാങ്കേതികവിദ്യ റെഡിയായതായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
സെറ്റ്-ടോപ്പ് ബോക്സ് ഒഴിവാക്കാം
ഇനി മുതൽ പുറത്തിറങ്ങുന്ന ടെലിവിഷൻ സെറ്റുകളിൽ ഇൻ-ബിൽറ്റ് സാറ്റലൈറ്റ് ട്യൂണറുകൾ ഉണ്ടായിരിക്കും. ഇത് സാധാരണക്കാരെ എങ്ങനെയൊക്കെ സഹായിക്കുമെന്ന് നോക്കാം.
- ഡിഡി ഫ്രീ ഡിഷ് ചാനലുകൾ കാണാൻ ഇനി പ്രത്യേകമായി സെറ്റ്-ടോപ്പ് ബോക്സ് വാങ്ങേണ്ടി വരില്ല. ടിവിയിൽ തന്നെ ചാനലുകൾ നേരിട്ട് ലഭിക്കും.
- സെറ്റ്-ടോപ്പ് ബോക്സിനായി നൽകേണ്ട പണം ലാഭിക്കാം. കൂടാതെ അധിക വയറിംഗുകളുടെയും കണക്ഷനുകളുടെയും ചിലവും ഒഴിവാകും.
- രണ്ട് റിമോട്ടുകൾ ഉപയോഗിക്കുന്ന ബുദ്ധിമുട്ട് ഇല്ലാതാകും. ടിവി റിമോട്ട് ഉപയോഗിച്ച് തന്നെ ചാനലുകൾ മാറ്റാം.
- നലുകൾ എളുപ്പത്തിൽ കണ്ടെത്താനും ഏത് സമയത്ത് ഏത് പ്രോഗ്രാം വരുമെന്ന് അറിയാനും സഹായിക്കുന്ന പുതിയ ഇലക്ട്രോണിക് പ്രോഗ്രാം ഗൈഡും ഇതിനൊപ്പം ലഭിക്കും.
- 160 ചാനലുകളിലധികം ഇതിലൂടെ കാണാനാകും.
- ഡിഷ് ടിവി, ടാറ്റാ പ്ലേ തുടങ്ങിയ സ്വകാര്യ ഡിഷ് സേവനങ്ങൾക്ക് ഓരോ മാസവും ചുരുങ്ങിയത് 200 മുതൽ 500 രൂപ വരെ നമ്മൾ റീചാർജ് ചെയ്യേണ്ടി വരാറുണ്ട്. എന്നാൽ ഡിഡി ഫ്രീ ഡിഷ് പൂർണ്ണമായും സൗജന്യമാണ്. ഒരിക്കൽ ടിവി വാങ്ങിക്കഴിഞ്ഞാൽ പിന്നീട് ഒരു രൂപ പോലും മാസവാടകയായി നൽകേണ്ടതില്ല.
- സാധാരണ ഒരു ഡിഷ് കണക്ഷൻ എടുക്കുമ്പോൾ സെറ്റ്-ടോപ്പ് ബോക്സിനും ഇൻസ്റ്റാളേഷനുമായി വലിയൊരു തുക മുൻകൂട്ടി നൽകണം. പുതിയ ടിവികളിൽ ഇൻ-ബിൽറ്റ് ട്യൂണറുകൾ വരുന്നതോടെ ഈ അധികച്ചെലവ് പൂർണ്ണമായും ഒഴിവാകും. ടിവി വാങ്ങി ഒരു ചെറിയ ആന്റിനയുമായി കണക്ട് ചെയ്താൽ മാത്രം മതി.
- സെറ്റ്-ടോപ്പ് ബോക്സ് എപ്പോഴും ഓൺ ചെയ്തു വെക്കുന്നത് ചെറിയ രീതിയിലാണെങ്കിലും വൈദ്യുതി ചെലവ് കൂട്ടുന്നുണ്ട്. പുതിയ രീതിയിൽ ടിവി മാത്രം ഓൺ ചെയ്താൽ മതിയാകും.
- ദൂരദർശൻ ചാനലുകൾക്ക് പുറമെ പല പ്രമുഖ സ്വകാര്യ വാർത്താ ചാനലുകളും വിനോദ ചാനലുകളും ഇപ്പോൾ ഫ്രീ ഡിഷിൽ ലഭ്യമാണ്.കേബിൾ കണക്ഷനോ ഇന്റർനെറ്റോ എത്താത്ത ഇടങ്ങളിൽ പോലും സാറ്റലൈറ്റ് വഴി നേരിട്ട് സിഗ്നൽ ലഭിക്കുന്നത് വലിയ അനുഗ്രഹമാണ്.
വിദൂര ഗ്രാമങ്ങളിൽ താമസിക്കുന്നവർക്കും സാധാരണക്കാർക്കും യാതൊരുവിധ അധിക ചിലവുമില്ലാതെ ദൂരദർശന്റെയും മറ്റും സൗജന്യ ചാനലുകൾ ടിവിയിൽ നേരിട്ട് കാണാൻ ഈ സൗകര്യം സഹായിക്കും. ടിവി വാങ്ങി പ്ലഗ് ചെയ്താൽ ഉടൻ തന്നെ ചാനലുകൾ തെളിയുന്ന രീതിയിലേക്കാണ് കാര്യങ്ങൾ മാറുന്നത്.
Content Highlights: Watch DD Free Dish channels directly on your TV without a set-top box. Learn about the government's new initiative to include built-in satellite tuners and electronic program guides in new TV sets.