

ആഗോള സമ്പദ്വ്യവസ്ഥയിലെ അനിശ്ചിതാവസ്ഥകള്‍ക്കിടെ, രൂപ നേരിട്ട മൂല്യത്തകര്‍ച്ചക്കു പിന്നാലെ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥ എന്ന സ്ഥാനവും ഇന്ത്യക്ക് നഷ്ടമായി. യുകെ അഞ്ചാം സ്ഥാനം തിരിച്ചുപിടിച്ചതോടെ ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതായി രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) പുറത്തുവിട്ട ഏറ്റവും പുതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്കില്‍ പറയുന്നു. മൂന്ന് വര്‍ഷം മുമ്പാണ് യുകെയെ ഇന്ത്യ മറികടന്നത്.

ഐഎംഎഫിന്റെ കണക്കുകള്‍ പ്രകാരം, പ്രധാനമായും രണ്ട് കാരണങ്ങളാലാണ് ഇന്ത്യക്ക് തിരിച്ചടി നേരിട്ടത്. ഇന്ത്യ തങ്ങളുടെ ജിഡിപി അടിസ്ഥാന വര്‍ഷം 2011-12ല്‍ നിന്നും 2022-23ലേക്ക് പരിഷ്‌കരിച്ചതാണ് ആദ്യത്തേത്. ഈ പുനര്‍നിര്‍ണയത്തെത്തുടര്‍ന്ന് ഇന്ത്യയുടെ നോമിനല്‍ ജിഡിപിയില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2.8 മുതല്‍ 3.8 ശതമാനം വരെ കുറവുണ്ടായി. ഇത് സമ്പദ്വ്യവസ്ഥയുടെ വലുപ്പം കടലാസില്‍ കുറയാന്‍ കാരണമായി.
രൂപയുടെ മൂല്യത്തകര്‍ച്ചയാണ് രണ്ടാമത്തെ കാരണം. ആഗോളതലത്തില്‍ സമ്പദ്വ്യവസ്ഥയുടെ വലുപ്പം അളക്കുന്നത് ഡോളറിലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ ഏകദേശം 10 ശതമാനം ഇടിഞ്ഞു. ഇത് ഡോളര്‍ അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ജിഡിപി കുറയാന്‍ ഇടയാക്കി. അതേസമയം, ബ്രിട്ടീഷ് പൗണ്ട് ഡോളറിനെതിരെ കരുത്തുറ്റ നില തുടര്‍ന്നത് യുകെയ്ക്ക് ഗുണകരമായി. ഐഎംഎഫിന്റെ കണക്കുകള്‍ പ്രകാരം 2025ല്‍ ഇന്ത്യയുടെ ജിഡിപി 3.92 ട്രില്യണ്‍ ഡോളറായും യുകെയുടേത് 4 ട്രില്യണ്‍ ഡോളറായും കണക്കാക്കപ്പെടുന്നു.
2026ല്‍ ഇന്ത്യ 4.15 ട്രില്യണ്‍ ഡോളറിലെത്തുമ്പോള്‍ യുകെ 4.26 ട്രില്യണ്‍ ഡോളറിലേക്ക് ഉയരുമെന്നാണ് പ്രവചനം. നിലവില്‍ ജപ്പാന്‍ 4.43 ട്രില്യണ്‍ ഡോളറുമായി നാലാം സ്ഥാനത്ത് തുടരുകയാണ്. ആറാം സ്ഥാനത്തേക്കുള്ള ഇന്ത്യയുടെ വീഴ്ച താല്‍ക്കാലികമാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. 2027ഓടെ ഇന്ത്യ യുകെയെയും ജപ്പാനെയും മറികടന്ന് ലോകത്തെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് പ്രവചിക്കപ്പെടുന്നു. എങ്കിലും, നേരത്തെ കരുതിയതിനേക്കാള്‍ അല്പം വൈകിയാകും ഇന്ത്യ ജര്‍മനിയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് എത്തുക. നിലവിലെ കണക്കുകള്‍ പ്രകാരം 2031ഓടെ ഇന്ത്യ ഈ നേട്ടം കൈവരിക്കാന്‍ സാധ്യതയുണ്ട്.
സമ്പദ്വ്യവസ്ഥയുടെ വലുപ്പത്തില്‍ മുന്നിലെത്തുന്നത് രാജ്യത്തിന്റെ പദവി ഉയര്‍ത്തുമെങ്കിലും, ജനങ്ങളുടെ ജീവിതനിലവാരം അളക്കുന്നത് പ്രതിശീര്‍ഷ വരുമാനത്തിലൂടെയാണ്. ഇക്കാര്യത്തില്‍ ഇന്ത്യ ഇപ്പോഴും വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ച സാധാരണക്കാരുടെ ജീവിതസൗകര്യങ്ങളില്‍ എത്രത്തോളം മാറ്റമുണ്ടാക്കുന്നു എന്നത് വലിയൊരു ചോദ്യമായി അവശേഷിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: According to data from the International Monetary Fund’s (IMF) latest World Economic Outlook, India’s GDP at current prices is estimated at USD 3.92 trillion for 2025 (FY26) and USD 4.15 trillion for 2026 (FY27). The UK, meanwhile, is projected at USD 4 trillion and USD 4.26 trillion for the same years, which is enough to edge ahead. The country now sits sixth in the global GDP table, behind the United Kingdom, a position it had displaced three years ago.