'എനിക്ക് പേടിയില്ല, യുദ്ധത്തിനെതിരെ ഞാൻ ഇനിയും സംസാരിക്കും'; ട്രംപിന് ചുട്ട മറുപടിയുമായി മാർപാപ്പ

ട്രംപിന്റെ വിമർശനത്തിന് മറുപടിയുമായി ലിയോ പതിനാലാമൻ

'എനിക്ക് പേടിയില്ല, യുദ്ധത്തിനെതിരെ ഞാൻ ഇനിയും സംസാരിക്കും'; ട്രംപിന് ചുട്ട മറുപടിയുമായി മാർപാപ്പ
dot image

അൾജിയേഴ്സ്: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപിന്റെ വിമർശനത്തിന് മറുപടിയുമായി ലിയോ പതിനാലാമൻ. ട്രംപ് ഭരണകൂടത്തെ തനിക്ക് ഭയമില്ല എന്നും യുദ്ധങ്ങൾക്കെതിരെ താൻ ഇനിയും സംസാരിക്കുമെന്നും ലിയോ പതിനാലാമൻ പറഞ്ഞു. തങ്ങൾ രാഷ്ട്രീയക്കാരല്ല. സമാധാനത്തിന്റെ പാലം പണിയാനാണ് താൻ മനുഷ്യരെ ക്ഷണിക്കുന്നത് എന്നും ലിയോ പതിനാലാമൻ പറഞ്ഞു.

ഇറാൻ യുദ്ധത്തിനെതിരായ നിലപാടിന്റെ പേരിൽ ലിയോ പതിനാലാമനെ ദുർബലനെന്നും റാഡിക്കൽ ലെഫ്റ്റ് എന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്. ലിയോ പതിനാലാമൻ മികച്ച പോപ്പ് ആയാൽ മതിയെന്നും അല്ലാതെ രാഷ്ട്രീയക്കാരൻ ആകേണ്ട എന്നും ട്രംപ് വിമർശിച്ചിരുന്നു.

നേരത്തെയും വത്തിക്കാനെതിരെ രൂക്ഷവിമർശനവുമായി ട്രംപ് ഭരണകൂടം രംഗത്തുവന്നിരുന്നു. വത്തിക്കാൻ പ്രതിനിധിയെ പെന്റഗണിലേക്ക് വിളിച്ചുവരുത്തി അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു. കത്തോലിക്കാസഭ അമേരിക്കയുടെ താത്പര്യങ്ങൾക്കൊപ്പം നിൽക്കണമെന്ന് പറഞ്ഞായിരുന്നു ഭീഷണി.

യുദ്ധത്തെക്കുറിച്ചുള്ള മാർപാപ്പയുടെ പ്രസ്താവനയാണ് അമേരിക്കയെ ചൊടിപ്പിച്ചത്. വത്തിക്കാൻ നയതന്ത്ര സേനയെ അഭിസംബോധന ചെയ്ത് നടത്തിയ വാർഷിക പ്രസംഗത്തിൽ യുദ്ധം വീണ്ടും പ്രചാരത്തിലായിരിക്കുന്നു എന്ന് മാർപാപ്പ മുന്നറിയിപ്പ് നൽകിയിരുന്നു. ബലാബല നയതന്ത്രത്തെയും ആഗോള ആധിപത്യത്തെയും കുടിയേറ്റക്കാരോടുള്ള മോശമായ പെരുമാറ്റത്തെയും മാർപാപ്പ വിമർശിച്ചിരുന്നു. ഈ പ്രസംഗം അമേരിക്കൻ ഭരണകൂടത്തോടുള്ള വെല്ലുവിളിയാണ് എന്നാണ് പെന്റഗൺ പ്രതിനിധികൾ പറയുന്നത്. ഇതോടെയാണ് വത്തിക്കാൻ പ്രതിനിധി ക്രിസ്റ്റോഫ് പിയറെയെ വിളിച്ചുവരുത്തി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയത്. ലോകത്ത് എന്ത് വേണമെങ്കിലും ചെയ്യാനുള്ള സൈനിക ശക്തി അമേരിക്കയ്ക്കുണ്ട്. കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം ചേരുന്നതാണ് നല്ലത് എന്നായിരുന്നു ഭീഷണി.

Content Highlights: Leo XIV has strongly responded to criticism from former U.S. President Donald Trump, stating that he is not afraid of the Trump administration. He reaffirmed his commitment to speaking out against wars and promoting peace globally

dot image
To advertise here,contact us
dot image