

വാഷിംഗ്ടൺ: ഇസ്ലാമാബാദിൽ ഇറാനുമായി നടന്ന ചർച്ച പരാജയപ്പെട്ടതോടെ ഹോർമൂസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആഗോളതലത്തിൽ ഇന്ധന ലഭ്യതയെ സാരമായി തന്നെ ബാധിക്കുന്ന ഭീഷണിയാണ് ട്രംപ് മുഴക്കിയിരിക്കുന്നത്.
'ഏറ്റവും വേഗത്തിൽ, ലോകത്തിലെ ഏറ്റവും മികച്ച യുഎസ് നാവിക സേന ഹോർമൂസ് കടലിടുക്കിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും തടയുന്ന പ്രക്രിയ ആരംഭിക്കും.'- ട്രൂത്ത് സോഷ്യൽ മീഡിയയിലൂടെ ട്രംപ് അറിയിച്ചു. ഒരു പോയിന്റിൽ എല്ലാ കപ്പലുകളെയും അവിടേക്ക് പ്രവേശിക്കാനും പുറത്തുവരാനുമുള്ള തീരുമാനത്തിലെത്തിയെങ്കിലും അത് നടപ്പാക്കാൻ ഇറാൻ അനുവദിച്ചില്ലെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
ആറ് ആഴ്ചക്കാലമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായാണ് പാകിസ്താന്റെ മധ്യസ്ഥതയിൽ ചർച്ച നടന്നത്. ഉയർന്ന ഇറാനിയൻ ഉദ്യോഗസ്ഥരുമായി 21മണിക്കൂറോളം നീണ്ട ചർച്ച വിജയിക്കാത്തതിന് പിന്നാലെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഡിപ്ലോമാറ്റുകളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാർഡ് കുഷ്‌നർ എന്നിവർ ഞായറാഴ്ച തന്നെ മടങ്ങി. ചർച്ചകൾ പരാജയമായതോടെ കഴിഞ്ഞാഴ്ച ഇരുരാജ്യങ്ങളും ഒപ്പിട്ട വെടിനിർത്തൽ കരാറിന്റെ കാര്യത്തിൽ ആശങ്ക ഉയർന്നിട്ടുണ്ട്. ട്രംപിന്റെ പുതിയ പോസ്റ്റിലെ ഭീഷണി കൂടുതൽ അപകടകരമായ അവസ്ഥയിലേക്കാണ് വിരൽചൂണ്ടുന്നത് എന്നാണ് വിലയിരുത്തൽ.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ ചോക്ക് പോയിന്റാണ് ഹോർമൂസ് കടലിടുക്ക്. ലോകത്തിലെ മുഴുവൻ എണ്ണയുടെയും ലിക്യുഫൈഡ് നാച്ചുറൽ ഗ്യാസിന്റെയും ഇരുപത് ശതമാനത്തോളം ഇതുവഴിയാണ് ഷിപ്പ്‌മെന്റ് ചെയ്യുന്നത്. വീണ്ടും ഉപരോധം കൊണ്ടുവരുന്നത് ആഗോള എണ്ണ വിപണയിൽ വലിയ പ്രതിസന്ധിക്ക് കാരണമാകും.
Content Highlights: U.S. President Donald Trump announced a naval blockade of the Strait of Hormuz after peace talks with Iran collapsed