

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബീന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ നിലവിലെ സാഹചര്യം വിലയിരുത്തിയതിനൊപ്പം പ്രാദേശിക സുരക്ഷയെക്കുറിച്ചും ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. യുഎഇ പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ഉള്‍പ്പെടെയുള്ളവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയത്. ഇന്നലെ അബുദാബിയില്‍ എത്തിയ അദ്ദേഹം യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തി. ഇതിന് പിന്നാലെയായിരുന്നു ഇന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബീന്‍ സായിദ് അല്‍ നഹ്യാനുമായുള്ള കൂടിക്കാഴ്ച. പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ഉള്‍പ്പെടെയുള്ളവരും കൂടിക്കാഴ്ചകളില്‍ പങ്കാളികളായി.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ഭരണാധികാരികള്‍ വിലയിരുത്തി. പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷ, ആഗോള നാവിക ഗതാഗതം, ഊര്‍ജ്ജ വിതരണം, ലോക സമ്പദ് വ്യവസ്ഥ എന്നിവയില്‍ ആക്രമണങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഖാതങ്ങളും ചര്‍ച്ചയായി. യുഎഇയുടെ പരമാധികാരം, പ്രദേശിക അഖണ്ഡത, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനായുള്ള നടപടികള്‍ക്ക് ഇന്ത്യയുടെ പൂര്‍ണ്ണ പിന്തുണയും ഐക്യദാര്‍ഢ്യവും എസ് ജയശങ്കര്‍ അറിയിച്ചു.
ഇന്ത്യയുടെ പിന്തുണക്ക് യുഎഇ ഭരണകൂടം നന്ദി രേഖപ്പെടുത്തി. ഗള്‍ഫ് മേഖലയിലെ സങ്കീര്‍ണ്ണമായ സാഹചര്യങ്ങള്‍ക്കിടയിലും ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകളും കൂടിക്കാഴ്ചയില്‍ നടന്നു. യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമി, സഹമന്ത്രി സഈദ് മുബാറക് അല്‍ ഹാജിരി എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.
Content Highlights: Amid escalating tensions in West Asia, India’s External Affairs Minister S. Jaishankar held talks with UAE President Mohamed bin Zayed Al Nahyan. The discussions focused on regional stability, peace, and strategic cooperation.