ഗൾഫ് രാജ്യങ്ങളിലെ തുറുമുഖങ്ങളെ ബന്ധിപ്പിച്ച് ചരക്ക് നീക്കം; പദ്ധതിക്ക് തുടക്കം കുറിച്ച് സൗദി റെയിൽവെ

രാജ്യത്തെ റെയില്‍വെ ശൃംഖലയുടെ വിപുലീകരിച്ചുകൊണ്ടാണ് പുതിയ ലോജിസ്റ്റിക് പാതകള്‍ സജ്ജമാക്കിയിരിക്കുന്നത്

ഗൾഫ് രാജ്യങ്ങളിലെ തുറുമുഖങ്ങളെ ബന്ധിപ്പിച്ച് ചരക്ക് നീക്കം; പദ്ധതിക്ക് തുടക്കം കുറിച്ച് സൗദി റെയിൽവെ
dot image

ഗള്‍ഫ് മേഖലയിലെ തുറമുഖങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അഞ്ച് പുതിയ ചരക്ക് ഗതാഗത പാതകള്‍ക്ക് തുടക്കം കുറിച്ച് സൗദി റെയില്‍വെ. ആഗോള വിതരണ ശൃംഖലയില്‍ സൗദി അറേബ്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുകയും രാജ്യത്തെ ഒരു ആഗോള ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി. ചരക്ക് നീക്കം കൂടുതല്‍ വേഗത്തിലും കാര്യക്ഷമവുമായി നടത്താന്‍ ഇതിലൂടെ കഴിയും.

രാജ്യത്തെ റെയില്‍വെ ശൃംഖലയുടെ വിപുലീകരിച്ചുകൊണ്ടാണ് പുതിയ ലോജിസ്റ്റിക് പാതകള്‍ സജ്ജമാക്കിയിരിക്കുന്നത്. അറേബ്യന്‍ ഗള്‍ഫിലെ തുറമുഖങ്ങളെ സൗദിയുടെ മധ്യ-വടക്കന്‍ പ്രവിശ്യകളുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ചെങ്കടല്‍ തുറമുഖങ്ങളിലേക്കും രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തികള്‍ക്കപ്പുറമുള്ള അയല്‍രാജ്യങ്ങളിലേക്കും നീളുന്ന ശൃംഖല കര-റെയില്‍ മാര്‍ഗങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു മള്‍ട്ടി-മോഡല്‍' ഗതാഗത സംവിധാനമാണ് വാഗ്ധാനം ചെയ്യുന്നത്. റിയാദിലെ ഡ്രൈ പോര്‍ട്ട് കേന്ദ്രീകരിച്ചാണ് ചരക്ക് നീക്കങ്ങള്‍ നിയന്ത്രിക്കുക.

ദമാം, ജുബൈല്‍, റാസ് അല്‍ ഖൈര്‍, അല്‍ ഖര്‍ജ്, ഹാഇല്‍, അല്‍ ഖുറയ്യാത്ത് എന്നിവിടങ്ങളിലെ ചരക്ക് യാര്‍ഡുകളുമായി ഗള്‍ഫ്-ചെങ്കടല്‍ മേഖലയിലെ തുറമുഖങ്ങളെ ബന്ധിപ്പിച്ചിട്ടുണ്ട്. ചരക്ക് നീക്കം വേഗത്തിലാക്കാനും സപ്ലൈ ചെയിന്‍ സംവിധാനം കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നീക്കം.

പെട്രോകെമിക്കല്‍, ഖനന മേഖലകള്‍ എന്നിവയുടെ വളര്‍ച്ചക്ക് ഇത് വലിയ പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തല്‍. റോഡുകളിലെ ആയിരക്കണക്കിന് ട്രക്കുകളുടെ യാത്ര ഒഴിവാക്കാനും ഇതിലൂടെ കഴിയും. അതോടെ കാര്‍ബണ്‍ ബഹിര്‍ഗമനവും വലിയ തോതില്‍ കുറയും. ചരക്ക് നീക്കത്തിനുള്ള സമയം പകുതിയോളം ലാഭിക്കാന്‍ കഴയുമെന്നതും പ്രത്യേകതയാണ്. തരണ ശൃംഖലയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നത് വഴി പ്രാദേശികവും അന്തര്‍ദേശീയവുമായ വ്യാപാരം കൂടുതല്‍ സുഗമമാകും.

കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന ആഗോള വ്യാപാര ഇടനാഴിയായി സൗദിയെ മാറ്റുന്നതില്‍ ഈ പാതകള്‍ പ്രധാന പങ്ക് വഹിക്കുമെന്ന് സൗദി റെയില്‍വേ സിഇഒ ഡോ. ബഷാര്‍ അല്‍ മാലിക് വ്യക്തമാക്കി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഗതാഗത ഏജന്‍സികളുടെയും സഹകരണത്തോടെയാണ് സൗദി റെയില്‍വെ പദ്ധതി നടപ്പിലാക്കുന്നത്.

Content Highlights: Saudi Arabia Railways has initiated a major infrastructure project to link ports across Gulf nations, enhancing cargo transportation and strengthening regional trade and logistics networks.

dot image
To advertise here,contact us
dot image