'പാട്ടിദാർ സ്പിന്നിനെതിരെ മോൺസ്റ്ററാണെന്ന് അറിയില്ലേ?'; ഹാർദിക്കിനെ നിര്‍ത്തിപ്പൊരിച്ച് അശ്വിൻ

ബെം​ഗളൂരുവിനെതിരെ മുംബൈയുടെ തകർച്ചയ്ക്ക് പ്രധാന കാരണം ഹാർദിക് പാണ്ഡ്യയുടെ പിഴവുകളാണെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി

'പാട്ടിദാർ സ്പിന്നിനെതിരെ മോൺസ്റ്ററാണെന്ന് അറിയില്ലേ?'; ഹാർദിക്കിനെ നിര്‍ത്തിപ്പൊരിച്ച് അശ്വിൻ
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ പരാജയം വഴങ്ങിയതിന് പിന്നാലെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ രൂക്ഷമായി വിമർ‌ശിച്ച് മുൻ താരം രവിചന്ദ്രൻ അശ്വിൻ. ബെം​ഗളൂരുവിനെതിരെ മുംബൈയുടെ തകർച്ചയ്ക്ക് പ്രധാന കാരണം ഹാർദിക് പാണ്ഡ്യയുടെ പിഴവുകളാണെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. ഹാർദിക്കിന്റെ ബോളിങ് തീരുമാനങ്ങൾ അങ്ങേയറ്റം ശരാശരിയാണെന്നും ആർസിബി ക്യാപ്റ്റൻ രജത് പാട്ടിദാറിനെപ്പോലൊരു താരത്തിനെതിരെ സ്‌പിന്നർമാരെ പന്തേല്‍പ്പിച്ചത് വലിയ അബദ്ധമാണെന്നും അശ്വിൻ തന്‍റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.

ബെംഗളൂരു ബാറ്റർ രജത് പാട്ടിദാറിനെ നേരിടാൻ ഹാർദിക് തിരഞ്ഞെടുത്ത ബൗളിംഗ് ഓപ്ഷനുകളെയാണ് അശ്വിൻ പ്രധാനമായും വിമർശിച്ചത്. 2024-ലെ ഹൈദരാബാദ്- ബെംഗളൂരു മത്സരത്തിലെ കണക്കുകൾ നിരത്തിയായിരുന്നു അശ്വിന്‍റെ വിശകലനം. അന്ന് മായങ്ക് മാർക്കണ്ഡെയുടെ ഒരോവറിൽ നാല് സിക്‌സറുകളാണ് പാട്ടിദാർ അടിച്ചുകൂട്ടിയത്. ഈ വസ്‌തുത നിലനിൽക്കെത്തന്നെ പാട്ടിദാർ ക്രീസിലെത്തിയ ഉടൻ വീണ്ടും മാർക്കണ്ഡെയെ പന്തേല്‍പ്പിച്ചത് എന്തിനാണെന്ന് അശ്വിൻ ചോദിച്ചു.

‘സ്‌പിന്നർമാരെ നേരിടുന്നതിൽ പാട്ടിദാർ ഒരു വമ്പൻ ഹിറ്ററാണെന്ന് അദ്ദേഹം നേരത്തെ തെളിയിച്ചതാണ്. എന്നിട്ടും അദ്ദേഹം ബാറ്റിംഗിനെത്തിയ ഉടൻ മാർക്കണ്ഡെയെ തന്നെ പന്ത് ഏല്‍പ്പിച്ചു. ഇത് ഒട്ടും ബുദ്ധിപരമായ നീക്കമല്ല, മറിച്ച് തികച്ചും ശരാശരി തീരുമാനമാണ്‘, അശ്വിൻ പറഞ്ഞു.

‘ഹൈദരാബാദിൽ വെച്ച് മാർക്കണ്ഡെയെ പാട്ടിദാർ തല്ലിച്ചതച്ചതാണ്, ഇവിടെയും ആദ്യ പന്ത് മുതൽ അത് തന്നെ ആവർത്തിച്ചു. വളരെ വളരെ ശരാശരി ക്യാപ്റ്റൻസി. ആ തെറ്റുകൾ കണ്ട് എന്‍റെ തലചുറ്റാൻ തുടങ്ങി. സ്‌പിന്നർമാർ മാത്രം 83 റൺസ് വഴങ്ങിയത് മത്സരത്തിൽ വലിയ വ്യത്യാസമുണ്ടാക്കി. ഈ പിഴവുകൾ കാരണമാണ് സ്കോർ 210ൽ നിൽക്കേണ്ട സ്ഥാനത്ത് 240 റൺസിലേക്ക് എത്തിയത്‘, അശ്വിൻ കൂട്ടിചേർത്തു.

Content Highlights: IPL 2026, MI vs RCB: R Ashwin slams Hardik Pandya’s tactical calls in MI’s defeat to RCB

dot image
To advertise here,contact us
dot image