

വാഷിംഗ്ടൺ: അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയുടെ മേയർ സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ ഇന്ത്യക്കാരിയും. തമിഴ് വംശജയായ റിനി സമ്പത്താണ് ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥിയായി ജനവിധി തേടുക. തലസ്ഥാന നഗരിയുടെ മേയർ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ സ്ഥാനാർത്ഥിയും കൂടിയാണ് റിനി സമ്പത്ത്.
31കാരിയായ റിനിക്ക് പാർട്ടിയിലെ 4500-ാളം പേരുടെ പിന്തുണയുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, പുതിയ വാഷിംഗ്ടൺ ഡി സി എന്നിവയാണ് റിമിയുടെ വാഗ്ദാനങ്ങളും മുദ്രാവാക്യവും. റോഡിലെ കുഴി നികത്തുക, നദികളിലേക്ക് ഒഴുകുന്ന മലിനജലം തടയുക, വിലക്കയറ്റ നിയന്ത്രണം തുടങ്ങിയവയുമാണ് മറ്റ് വാഗ്ദാനങ്ങൾ.
മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ വിശ്വസ്ത കൂടിയാണ് റിനി സമ്പത്ത്. 2016 മുതൽ 2017 ജൂലൈ വരെ ഒബാമയുടെ ഭരണകാലത്ത് നാഷണൽ ക്യാമ്പസ് ലീഡർഷിപ്പ് കൗൺസിലിൽ പോളിസി ഡയറക്ടറായി സേവനം അനുഷ്ഠിച്ചിരുന്നു. ഡെമോക്രാറ്റിക്ക് പാർട്ടിക്ക് ഏറെ വേരുള്ള മണ്ഡലമാണ് വാഷിംഗ്ടൺ. 1975ൽ മേയർ തെരഞ്ഞെടുപ്പ് ആരംഭിച്ചതിന് ശേഷം ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥികൾ മാത്രമാണ് ഇവിടെ നിന്ന് വിജയിക്കാറുള്ളത്. പ്രൈമറി തെരഞ്ഞെടുപ്പ് ജൂൺ 16നും പൊതുതെരഞ്ഞെടുപ്പ് നവംബർ മൂന്നിനും നടത്താനാണ് തീരുമാനം.
തമിഴ്‌നാട്ടിലെ തേനിയിലാണ് റിനി ജനിച്ചത്. ഏഴാം വയസിൽ അമേരിക്കയിലേക്ക് കുടിയേറിയ റിനി സൗത്ത് കാലിഫോർണിയ സർവകലാശാലയിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അമേരിക്കയിലെ സർക്കാർ ഏജൻസികൾക്ക് സേവനം നൽകുന്ന കൺസൾട്ടിങ് സ്ഥാപനമായ ബൂസ് ആൻഡ് ഹാമിൽട്ടണിൽ സീനിയർ കൺസൾട്ടന്റായാണ് റിനി ജോലി ചെയ്തത്. നിലവിൽ 'താരോസ്' എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ്.
Content Highlights: Indian-origin candidate Rini Sampath, who has Tamil roots, is set to contest for the Mayor of Washington DC as a Democratic Party nominee. Her entry into the race highlights the growing influence of the Indian diaspora and South Asian representation in US politics