ഊരാളുങ്കലിന് കരാർ നൽകിയത് എത്രയ്ക്ക്? DYFIക്ക് പണം നൽകിയത് ആര്? സർക്കാരിനോട് 7 ചോദ്യങ്ങളുമായി രാജു പി നായർ

ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരാണ് സിപിഐഎം എന്ന് രാജു പി നായർ

ഊരാളുങ്കലിന് കരാർ നൽകിയത് എത്രയ്ക്ക്? DYFIക്ക് പണം നൽകിയത് ആര്? സർക്കാരിനോട് 7 ചോദ്യങ്ങളുമായി രാജു പി നായർ
dot image

കൊച്ചി: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കുള്ള വയനാട് ടൗൺഷിപ്പുമായി ബന്ധപ്പെട്ട് സർക്കാരിനോട് ചോദ്യങ്ങളുമായി കോൺഗ്രസ് നേതാവ് രാജു പി നായർ. എത്ര പണമാണ് പിരിച്ചത്, കരാറുകാർക്ക് എത്ര രൂപയ്ക്കാണ് കരാർ നൽകിയത് തുടങ്ങിയ ഏഴ് ചോദ്യങ്ങളാണ് രാജു പി നായർ ഉന്നയിച്ചത്. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരാണ് സിപിഐഎം എന്നും അവർ നടത്തിയ ആസൂത്രിതമായ കൊള്ള മറച്ചുവയ്ക്കുന്നതിന് വേണ്ടിയാണ് ആ കുറ്റം കോൺഗ്രസിൽ ആരോപിച്ച് രക്ഷപ്പെടാൻ നോക്കുന്നത് എന്നും രാജു പി നായർ വിമർശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാജു പി നായരിന്റെ ചോദ്യങ്ങളും വിമർശനവും. ഏഴ് ചോദ്യങ്ങളാണ് രാജു പി നായർ സർക്കാരിനോട് ചോദിച്ചത്. CMDRF ൽ കൂടി അല്ലാത്ത വയനാട് ടൗൺഷിപ്പിന്റെ പേരിൽ പ്രോജെക്ട് ഇമ്പ്ലിമെന്റേഷൻ യുണിറ്റിലൂടെ എത്ര കോടി പിരിച്ചു? ടൗൺഷിപ്പിനായി ഊരാളുങ്കൽ സോസൈറ്റിക്ക് എത്ര രൂപയുടെ കരാറാണ് ടെണ്ടർ പോലുമില്ലാതെ നൽകിയത്? കരാർ പ്രകാരം എന്തൊക്കെ പ്രവർത്തികളാണ് അവിടെ ചെയ്യുന്നത്, കരാർ രേഖ പുറത്ത് വിടാൻ തയ്യാറുണ്ടോ എന്നെല്ലാമാണ് ചോദ്യങ്ങൾ. സിപിഐഎം യഥാർത്ഥത്തിൽ പിരിച്ച തുക എത്ര, ഡിവൈഎഫ്ഐ എന്തുകൊണ്ട് ദുരിതാശ്വാസ നിധിയിൽ പണം നൽകാതെ പിഐയുവിൽ നൽകി? ഡിവൈഎഫ്ഐക്ക് വേണ്ടി ആ 20 കോടി നൽകിയത് ഊരാളുങ്കൽ സോസൈറ്റി ആണോ? എന്തുകൊണ്ട് വീട് താമസയോഗ്യമായില്ല എന്നും ചോദിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വയനാട് പുനരധിവസവുമായി ബന്ധപ്പെട്ട് സർക്കാരിനോടും സിപിഐഎമ്മിനോട് ഏഴ് ചോദ്യങ്ങൾ

  1. CMDRF ൽ കൂടി അല്ലാത്ത വയനാട് ടൗൺഷിപ്പിന്റെ പേരിൽ പ്രോജെക്ട് ഇമ്പ്ലിമെന്റേഷൻ യുണിറ്റിലൂടെ എത്ര കോടി പിരിച്ചു?
  2. ടൗൺഷിപ്പിനായി ഊരാളുങ്കൽ സോസൈറ്റിക്ക് എത്ര രൂപയുടെ കരാറാണ് ടെണ്ടർ പോലുമില്ലാതെ നൽകിയത്?
  3. കരാർ പ്രകാരം എന്തൊക്കെ പ്രവർത്തികളാണ് അവിടെ ചെയ്യുന്നത്? (മാധ്യമങ്ങളെ പോലും അവിടെ 299 കോടി ഭീകരമായ കൊള്ളയാണെന്ന് സമ്മതിക്കുന്നുണ്ട്). കരാർ രേഖ പുറത്ത് വിടാൻ തയ്യാറുണ്ടോ?
  4. ഇത് വരെ ദുരിതാശ്വാസ നിധിയിലേക്ക് മാത്രം സംഭാവന ചെയ്യാൻ പറഞ്ഞതിന് ശേഷം CPM കേന്ദ്ര കമ്മിറ്റി ഡൽഹിയിൽ പ്രത്യേക ഫണ്ടിലൂടെ എത്ര കോടി പിരിച്ചു? ദുരിതാശ്വാസ നിധിക്ക് വേണ്ടി പാർട്ടിയുടെ അക്കൗണ്ടിൽ എന്ത് കൊണ്ട് പണം പിരിച്ചു? ഞാൻ ആരോപണം ഉന്നയിച്ച് അര മണിക്കൂറിനുള്ളിൽ കൊടുത്തതിന്റെ രേഖ പുറത്തു വിട്ട എം. എ. ബേബി, പണം പിരിച്ച കണക്ക് പുറത്തു പറയാൻ എന്ത് കൊണ്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും മടിക്കുന്നു? കൊടുത്തതല്ല, പിരിച്ചത് എത്ര എന്നാണ് ചോദ്യം.
  5. DYFI എന്ത് കൊണ്ട് ദുരിതാശ്വാസ നിധിയിൽ പണം നൽകാതെ PIU വിൽ നൽകി? എങ്ങനെ ആണ് DYFI യുടെ പണം CSR ആയി രേഖപ്പെടുത്തപ്പെട്ടത്?
  6. DYFI ക്ക് വേണ്ടി ആ 20 കോടി നൽകിയത് ഊരാളുങ്കൽ സോസൈറ്റി ആണോ?
  7. എന്ത് കൊണ്ട് രണ്ട് വർഷത്തോട് അടുക്കുമ്പോഴും ഒരാൾക്ക് പോലും താമസയോഗ്യമായ വീട് ഉണ്ടാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു?

ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരാണ് സി.പി.എം. അവർ നടത്തിയ ആസൂത്രിതമായ കൊള്ള മറച്ചു വയ്ക്കുന്നതിന് വേണ്ടി ആ കുറ്റം കോൺഗ്രസിൽ ആരോപിച്ച് രക്ഷപ്പെടാനാണ് നോക്കുന്നത്.

പുനരധിവാസവുമായി ബന്ധപ്പെട്ട് സർക്കാർ-പ്രതിപക്ഷ വാക്‌പോര് കനക്കുന്നതിനിടെയാണ് രാജു പി നായർ ചോദ്യങ്ങളുമായി രംഗത്തെത്തുന്നത്. നേരത്തെ റിപ്പോര്‍ട്ടറിന്റെ 'ഡിബേറ്റ് വിത്ത് മാതു സജി'യില്‍ സിപിഐഎം ഔദ്യോഗിക അക്കൗണ്ടിലൂടെ പണം പിരിച്ചു എന്നാരോപിച്ച് രാജു പി നായർ രംഗത്തുവന്നിരുന്നു. ആ പണം എവിടെയെന്നും അദ്ദേഹം ചോദിച്ചിരുന്നു. പിന്നാലെ പുനരധിവാസത്തിനായി പിരിച്ച പണത്തിന്റെ കണക്ക് സിപിഐഎം പുറത്തുവിട്ടിരുന്നു.

ഇതിന് പിന്നാലെ കോൺഗ്രസും തങ്ങൾ പിരിച്ച പണത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടിരുന്നു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആണ് കണക്കുകൾ പുറത്തുവിട്ടത്. ആകെ 5,38,21,632 രൂപയാണ് ലഭിച്ചത്. തൻ്റെയും വി ഡി സതീശന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലാണ് ഈ തുക ലഭിച്ചത് എന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.

യൂത്ത് കോൺഗ്രസ് ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് നൽകിയത് എന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. അഞ്ച് ഏക്കർ നാല്പത്തി രണ്ടര സെന്റ് ഭൂമിയാണ് ഭവന നിർമാണത്തിനായി ഏറ്റെടുത്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ മൂന്ന് ഏക്കറും ഇരുപത്തിനാല് സെന്റ് ഭൂമിയുമാണ് ഏറ്റെടുത്തത്. ഇതിന് 3,68,36,388 രൂപയാണ് ചിലവായത്.

രണ്ടാം ഘട്ട ഭൂമി ഏറ്റെടുക്കാനായി 2,50,30,272 രൂപ ചിലവായി എന്നും സണ്ണി ജോസഫ് പറഞ്ഞു. ഏറ്റെടുത്തത് രണ്ട് ഏക്കർ 18 സെന്റ് ഭൂമിയാണ്. കെപിസിസിയുടെ തനത് ഫണ്ടിൽ നിന്നും ഭവന നിർമാണത്തിനായി ചിലവാക്കിയത് 97,51,212 രൂപ. 9,30,000 രൂപ ആപ്പ് നിർമാണത്തിന് ചിലവായി. രജിസ്ട്രേഷനായി ഇനിയും 73,90,985 രൂപ ആവശ്യമുണ്ട്. അത് പാർട്ടി ഫണ്ടിൽ നിന്ന് തന്നെ കണ്ടെത്തുമെന്നും വീട് നിർമാണത്തിന് ഇനി പണം പിരിക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. വീട് നിര്‍മ്മാണത്തിനുള്ള തുക പാര്‍ട്ടി കണ്ടെത്തുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.

Content Highlights: Congress leader Raju P Nair has raised a series of questions to the Kerala government regarding the Wayanad township project intended for victims of the Mundakkai-Chooralmala disaster. He sought clarity on key issues including the total funds collected and the amount awarded to contractors.

dot image
To advertise here,contact us
dot image