ട്രംപിന്‍റെ മനസ്സിലിരുപ്പ് എന്ത്? വന്‍ ആക്രമണമോ?; എല്ലാ അമേരിക്കക്കാരും ഉടൻ ഇറാൻ വിടണമെന്ന് നിർദേശം

അടിയന്തര മുന്‍കരുതലുകളെടുക്കണമെന്ന് അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്

ട്രംപിന്‍റെ മനസ്സിലിരുപ്പ് എന്ത്? വന്‍ ആക്രമണമോ?; എല്ലാ അമേരിക്കക്കാരും ഉടൻ ഇറാൻ വിടണമെന്ന് നിർദേശം
dot image

വാഷിങ്ടണ്‍: എല്ലാ അമേരിക്കക്കാരും ഉടന്‍ ഇറാന്‍ വിടണമെന്ന് ഇറാനിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് വെര്‍ച്വല്‍ എംബസി അറിയിപ്പ്. ഇറാനെതിരെ ആക്രമണ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നൽകിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വര്‍ധിച്ച് വരികയാണെന്നും അക്രമ സാധ്യതയുള്ളതിനാല്‍ അമേരിക്കക്കാര്‍ ഇറാന്‍ വിടണമെന്നുമാണ് മുന്നറിയിപ്പ്. ഇറാന്‍ ഭരണകൂടം സുരക്ഷാ നടപടികള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തിയത്.

ഇറാനില്‍ നിന്ന് അമേരിക്കയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളില്‍ പലതും റദ്ദാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ജനുവരി 16 വരെ നിരവധി വിമാന സര്‍വീസുകളാണ് നിര്‍ത്തലാക്കിയിരിക്കുന്നതെന്ന് എംബസി അറിയിച്ചു. അടിയന്തര മുന്‍കരുതലുകളെടുക്കണമെന്ന് അമേരിക്കന്‍ പൗരന്മാര്‍ക്ക് രാജ്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനില്‍ നിന്ന് കരമാര്‍ഗം അര്‍മേനിയയിലേക്കോ തുര്‍ക്കിയിലേക്കോ പോകാനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്നും ഇറാനിലെ യുഎസ് എംബസി വ്യക്തമാക്കി.

എപ്പോള്‍ വേണമെങ്കിലും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഇല്ലാതാകാമെന്ന് മനസിലാക്കണമെന്നും ആശയവിനിമയത്തിന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും എംബസി അമേരിക്കന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഇറാന്‍ വിടാന്‍ തയ്യാറാകണമെന്ന് അമേരിക്കന്‍ പൗരന്മാരോട് എംബസി ആവശ്യപ്പെട്ടു. താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുള്ളവര്‍ സുരക്ഷിതമായ സ്ഥലം കണ്ടെത്തണമെന്നും അവശ്യ സാധനങ്ങള്‍ കരുതണമെന്നും മുന്നറിയിപ്പുണ്ട്. ഇറാനില്‍ തുടരുന്ന അമേരിക്കന്‍ പൗരന്മാരെ അവര്‍ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും തുറങ്കലിലടയ്ക്കാനുമുള്ള സാധ്യതകള്‍ കൂടുതലാണെന്നും എംബസി അറിയിച്ചു. യുഎസ് പാസ്‌പോര്‍ട്ടോ അമേരിക്കന്‍ പൗരന്മാരാണെന്ന് കാണിക്കുന്ന രേഖകളോ കണ്ടെത്തിയാല്‍ അവരെ തുറങ്കലില്‍ അടയ്ക്കാനുള്ള മതിയായ കാരണമായി അതിനെ ഇറാന്‍ ഭരണകൂടം കണക്കാക്കുമെന്നും സ്റ്റേറ്റ്‌സ് വെര്‍ച്വല്‍ എംബസി വ്യക്തമാക്കിയിട്ടുണ്ട്.

ആഭ്യന്തര യുദ്ധം തുടരുന്ന ഇറാനില്‍ ആക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനില്‍ തുടരുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് എംബസി ജാഗ്രതാ നിര്‍ദേശം നല്‍കിയത്. അതേസമയം അമേരിക്കക്കെതിരെ ഇറാന്‍ ആക്രമണത്തിന് മുതിര്‍ന്നാല്‍ മുന്‍പ് ഒരിക്കലുമുണ്ടാകാത്ത തരത്തില്‍ തിരിച്ചടിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

ഭരണകൂട വിരുദ്ധ പ്രക്ഷോഭം ശക്തമായ ഇറാനില്‍ സൈനികമായ ഇടപെടല്‍ ആലോചിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. സൈനിക ഇടപെടല്‍ ഉള്‍പ്പെടെയുള്ള ശക്തമായ നീക്കങ്ങളാണ് ആലോചിക്കുന്നതെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഏറെ ഗൗരവത്തോടെയാണ് ഇറാനിലെ സ്ഥിതിഗതികള്‍ നോക്കിക്കാണുന്നതെന്നും ശക്തമായ സൈനിക നീക്കമുണ്ടാകുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഓരോ മണിക്കൂറിലും ഇറാനിലെ സ്ഥിതിഗതികളെക്കുറിച്ച് തനിക്ക് വിവരം ലഭിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

ഇറാനില്‍ നടക്കുന്ന ആഭ്യന്തര പ്രക്ഷോഭത്തില്‍ ഇതുവരെ 490 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം. 48 സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പ്രതിഷേധക്കാര്‍ക്ക് പിന്നില്‍ അമേരിക്കയും ഇസ്രയേലുമാണെന്നാണ് ഇറാന്‍ നേതൃത്വത്തിന്റെ ആരോപണം. ഈ രാജ്യത്തെ ആക്രമിച്ച അതേ ആളുകളാണ് നിലവിലെ അസ്വസ്ഥതയ്ക്ക് കാരണമെന്നായിരുന്നു ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ പ്രതികരണം.

Content Highlight; “Leave Iran Now”: US Issues Urgent Advisory for Its Citizens Amid Widespread Unrest and Violence

dot image
To advertise here,contact us
dot image