യുഎസിന് യുദ്ധം പരീക്ഷിക്കണമെന്നാണെങ്കിൽ ഞങ്ങളും തയ്യാർ; ട്രംപിന്‍റെ ഭീഷണിയോട് ഇറാൻ വിദേശകാര്യ മന്ത്രി

ഇറാനിൽ സൈനിക നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു

യുഎസിന് യുദ്ധം പരീക്ഷിക്കണമെന്നാണെങ്കിൽ ഞങ്ങളും തയ്യാർ; ട്രംപിന്‍റെ ഭീഷണിയോട് ഇറാൻ വിദേശകാര്യ മന്ത്രി
dot image

ടെഹറാൻ: ഭരണകൂട വിരുദ്ധ പ്രക്ഷോഭം ശക്തമായതിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധഭീതിയിൽ. ഇറാനിൽ സൈനിക ഇടപെടൽ പരിഗണനയിലെന്ന അമേരിക്കൻ നിലപാടിനോട് അതേ നാണയത്തിലാണ് ഇറാന്‍റെ മറുപടി. അമേരിക്കയ്ക്ക് ഒരു യുദ്ധം പരീക്ഷിക്കണം എന്നാണെങ്കിൽ ഞങ്ങളും തയ്യാർ എന്നാണ് ട്രംപിന്റെ യുദ്ധ ഭീഷണിയോടുള്ള ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം.

ഇറാനിലെ ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു പ്രതികരണം. അൽജസീറയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇറാൻ മന്ത്രിയുടെ മറുപടി.

നിലവിലെ അസ്വാരസ്യങ്ങൾക്കിടയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയ മാർഗങ്ങൾ വിശാലമായി തുറന്നിരുന്നു. ഇറാൻ എന്ത് നീക്കത്തിനും തയ്യാറാണ്, നിലവിൽ വലിയ വിപുലമായ സൈനിക സംവിധാനം തങ്ങൾക്കുണ്ടെന്നും ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു.

ഇറാനിലെ പ്രക്ഷോഭത്തിന് പിന്നിൽ വിദേശ ഇടപെടലാണെന്നും പ്രക്ഷോഭകർക്ക് വിദേശത്ത് നിന്ന് ആയുധം എത്തിച്ചെന്നും അബ്ബാസ് ആരോപിച്ചു. അമേരിക്കയെയും ഇസ്രയേലിനെയും ഉന്നമിട്ടായിരുന്നു ഇത്.

ഏറെ ഗൗരവത്തോടെയാണ് ഇറാനിലെ സാഹചര്യങ്ങളെ നോക്കിക്കാണുന്നതെന്നും ശക്തമായ സൈനിക നീക്കം യുഎസിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും വൈകാതെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ഇറാനെതിരെ സൈനിക നടപടി പരിഗണനയിലെന്ന് പറയുമ്പോഴും പ്രഥമ പരിഗണന നയതന്ത്ര നീക്കത്തിനാണെന്നും അമേരിക്ക വ്യക്തമാക്കുന്നുണ്ട്. ട്രംപ് വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. ഇറാൻ വിഷയത്തിൽ ഏത് രീതിയിലാണ് ഇടപെടേണ്ടതെന്ന് യോഗത്തിൽ തീരുമാനിക്കും.

ഇറാൻ നയതന്ത്രജ്ഞർക്ക് യൂറോപ്യൻ പാർലമെന്റിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ആഗോള തലത്തിൽ വിഷയം ചർച്ചയാകുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. അതേസമയം മൂന്നാംവാരത്തിലേക്ക് കടക്കുന്ന ഇറാനിലെ പ്രക്ഷോഭത്തിൽ മരണം 648 കടന്നു. പ്രക്ഷോഭകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇറാൻ ഭരണകൂടം പറയുമ്പോഴും പതിനായിരങ്ങളാണ് തെരുവിൽ പ്രതിഷേധവുമായി സംഘടിക്കുന്നത്. ഇന്‍റർനെറ്റ് സേവനങ്ങളെല്ലാം രാജ്യത്ത് നിരോധിച്ചിട്ടുണ്ട്.

Content Highlights:‌ iranian foreign minister Abbas Araghchi has warned united states

dot image
To advertise here,contact us
dot image